അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ഓണം

 അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ഓണം

കൊച്ചി: ഈ വര്‍ഷത്തെ ഓണം വയനാട്ടിലെ ദുരിത പേമാരിയിലെ പ്രളയദുരന്തത്തില്‍ കണ്ണീര്‍തുംഗത്തില്‍ അഭയം തേടിയവരുടേത് കൂടിയാണ്. പൂവിളിയല്ല, മരണസാഗരത്തില്‍ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറാന്‍ ശ്രമിക്കുന്നവരുടെ നിലവിളിയാണ് നാം കേള്‍ക്കുന്നത്. ആര്‍പ്പും കുരവയുമല്ല, ഉരുള്‍ പൊട്ടലിലിന്റെ നിലയില്ലാകയത്തില്‍ നിന്ന് അങ്കലാപ്പിന്റെ ആശങ്കയുടെ ശബ്ദമാണ് ഉയരുന്നത്.

നമ്മുടെ മുറ്റത്തെ കളം നിറയുന്നത് കണ്ണീര്‍പൂക്കളാലാണ്. കണ്ണീരിന്റേയും വല്ലായ്മയുടെയും പെരുമഴയും പെയ്തു തീര്‍ന്നൊരു ചിങ്ങപ്പുലരിയായി ഓണം ഇതാ നമ്മുടെ അടുത്തെത്തിയിരിക്കുന്നു. ഏത് സങ്കടത്തിനുശേഷവും സന്തോഷത്തിന്റെ പൂ വിരിയുമെന്നുകൂടി ഓണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ഓണത്തിന് അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശ കാന്തിയുണ്ട്.

ഓരോ ഓണവും സന്തോഷത്തിന്റെ ഒരു പുതിയ അനുഭവമാണ് നാളിതുവരെ നല്‍കിയിട്ടുള്ളത്. ഈ കാലം കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങി പോകാനും ഉള്ള കാത്തിരിപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം. കുറെ ഒതുക്കി പറഞ്ഞാല്‍ ഓണം എന്നുള്ളത് നല്ല നാളുകള്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷയാണ്.

ഇന്നും കാലം മാറുന്നതിനനുസരിച്ച് ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. ഒരു നേരത്തെ നിറവയര്‍ എന്ന സ്വപ്‌നത്തില്‍ നിന്ന് ആഡംബരങ്ങളുടെ ഉത്സവമായി ഓണം മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഓണം തരുന്ന സാഹോദര്യവും സന്തോഷവും ഊര്‍ജവും നമുക്ക് ഒഴിവാക്കാന്‍ സാധിക്കില്ല.

മനുഷ്യരെല്ലാവരും വിവിധ ഭാവങ്ങളില്‍ താലോലിക്കുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളോട് നിഷേധാത്മകമായ നിലപാടില്‍ വര്‍ത്തമാനകാല ലോക സാംസ്‌ക്കാരിക-രാഷ്ട്രീയ നായകര്‍ അഭിരമിക്കുമ്പോഴും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഐശ്വര്യത്തിന്റെയും സുവര്‍ണകാലത്തെ താലോലിക്കാന്‍ മലയാളിക്ക് കഴിയുന്നതില്‍ നമുക്ക് അഭിമാനിക്കാം.

നമുക്ക് തിരികെ പോകാന്‍ കഴിയാത്തവണ്ണം നമ്മുടെ പഴയ നാട്ടു വഴികള്‍ മാറിയിട്ടുണ്ടാവാം. എന്നാല്‍ പരസ്പരം കൈ കോര്‍ത്തു പിടിച്ചു നമ്മള്‍ ഒരുമിച്ചു നടന്നാല്‍ വീണ്ടും ആ വഴികള്‍ നമ്മുടേതാവും. ഓണം ഐക്യപ്പെടലിന്റെ മഹാസംസ്‌കാരമാണ്. നമ്മുടെ തന്നെ ഇച്ഛയും കര്‍മവും കൊണ്ട് നമ്മുടെ പൊന്നോണങ്ങള്‍ നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

കാലവും ലോകവും അതിവേഗം സഞ്ചരിക്കുകയാണ്. അതിനോടപ്പം ചിലര്‍ ഓടിയെത്തുന്നു. മറ്റു ചിലര്‍ പിറകില്‍ ആകുന്നു. കൂടുതല്‍ പേരുടെ ഓണവും ദൃശ്യമാധ്യമത്തില്‍ ചിലവഴിക്കുന്നു. ഭൂരിഭാഗം ആളുകളും മൊബൈല്‍ ഫോണുകളിലും സന്ദേശങ്ങളിലും ഓണം ആഘോഷിക്കുന്നു. ഇനി വരുന്ന തലമുറയുടെ ഓണം ചിലപ്പോള്‍ ഇങ്ങനെ ആകാം. നമ്മുടെ കാലത്തെ ഓണം എത്ര നല്ലതായിരുന്നു എന്ന് പറഞ്ഞു കൊണ്ട് ഖിന്നരായി ഇരിക്കുകയല്ല വേണ്ടത്. കാലത്തിനൊപ്പം ഓടുകയാണ് വേണ്ടത്.

ഓണം ഒരിടത്ത് സ്ഥായിയായി നില്‍ക്കുകയും പുതിയ മനുഷ്യരും പുതിയ കാലവും പുതിയ ചിന്തകളും പുതിയ വ്യാഖ്യാനങ്ങളും ഓണത്തിലേക്ക് എത്തുകയുമാണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നതാകും നമുക്ക് നല്ലത്. മലയാളിയെ മലയാളിയായി നിലനിര്‍ത്തുന്ന അപൂര്‍വം ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. നാം മലയാളിയാണ്, കേരളീയനാണ് എന്ന പ്രാഥമിക ബോധം നമ്മില്‍ നിലനിര്‍ത്തുന്നത് ഒരു പക്ഷേ ഓണം തന്നെയല്ലേ? മഹത്തായ ഏകത്വദര്‍ശനമാണ് ഓണത്തിന്റെ കാതലായ സന്ദേശം. എല്ലാവരും ഒന്നാണെന്ന സമത്വബോധം.
ഓണത്തിന് ജാതിയില്ല, മതമില്ല, വര്‍ണ, വര്‍ഗ, ലിംഗ ഭേദമേതുമില്ല. ഓര്‍മകളില്‍ നിന്നും പ്രതീക്ഷകളിലേക്ക് നമ്മെ തൊടുത്തുവിടുന്ന ഓണം കേരളീയ സംസ്‌കാരത്തിന്റെ വസന്ത പ്രതീക്ഷയാണ്. നന്മയും സമൃദ്ധിയും നാം പ്രതീക്ഷിക്കുന്നത് ഭൗതിക തലത്തില്‍ മാത്രമല്ല. മനസ്സസില്‍ വീശുന്ന ശുദ്ധിയുടെ വെളിച്ചത്തെയാണ് നാം ഓണപ്പുലരിയില്‍ കാണാനാഗ്രഹിക്കുന്നത്.

ഓണം എന്ന പേരു വന്ന വഴി കര്‍ക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകള്‍ വാണിജ്യം പുനരാരംഭിക്കുന്ന കാലത്തിലെ ശ്രാവണമാസം കാരണമാണ്. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു. ഇനിയും ഏറെ അര്‍ത്ഥതലങ്ങളുണ്ട്, ഐതിഹ്യങ്ങളുണ്ട്.

പണ്ട് കാലങ്ങളില്‍ എല്ലാ വസ്തുക്കളേയും നന്മയേയും നാം ഓണത്തോടു ചേര്‍ത്താണ് പറഞ്ഞിരുന്നത്. നിലാവിനെ ഓണ നിലാവെന്നും പാട്ടിനെ ഓണപ്പാട്ടെന്നും തുമ്പിയെ ഓണത്തുമ്പിയെന്നും പൂക്കളെ ഓണപ്പൂക്കളെന്നും അങ്ങനെ.... അങ്ങനെ....ഓണത്തോട് ചേര്‍ത്ത വച്ച എത്ര വാക്കുകള്‍. പടിക്കുപുറത്ത് നിര്‍ത്തിയിരുന്ന മുക്കൂറ്റിയേയും കാക്കപ്പൂവിനേയും കണ്ണാന്തിയേയുമൊക്കെ നമ്മള്‍ മുറ്റത്ത് കൊണ്ടുവന്നു വിശിഷ്ടമാക്കിയതും എല്ലാറ്റിനും സമത്വവും പാവനത്വവും കണ്ടതും ഓണക്കാലത്തായിരുന്നു.

വരും കാലങ്ങളില്‍ ഓരോ വീടുകളിലും വന്ന് ഓണവും മറ്റ് ആഘോഷങ്ങളും ആഘോഷിച്ചു കൊടുക്കുന്ന കരാറുകാരുണ്ടായാല്‍ പോലും നമുക്ക് അത്ഭുതപ്പെടാനില്ല. ഓണത്തിന്റെ ആഘോഷങ്ങളിലും പരിഷ്‌കാരങ്ങള്‍ വന്ന് കഴിഞ്ഞു. എന്നാലും ഓണത്തിന്റെ നന്മ കാലാകാലം നിലനില്‍ക്കും, മലയാളി മണ്‍മറയുന്നത് വരെ. ഇന്ന് ഓണം നമ്മുടെ മലയാളികളുടേതെന്ന് പറയുമ്പോള്‍പ്പോലും ഓണക്കോടി ഉത്തരേന്ത്യയില്‍ നിന്നും പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും അരി ആന്ധ്രയില്‍നിന്നും ഓണ പൂക്കളം തീര്‍ക്കാന്‍ പൂവ് കൊയമ്പത്തൂരില്‍ നിന്നും പൊള്ളാച്ചിയില്‍ നിന്നും വരുത്തുന്നു. എല്ലാമെല്ലാം ആശ്രയിച്ചിരിക്കുന്നത് അന്യരെ മാത്രം.

ഓരോ ഓണവും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു, നന്മയിലേക്കുള്ള വഴികള്‍ മറക്കാതിരിക്കാന്‍, കരുണയും ആര്‍ദ്രതയും ജീവിതത്തില്‍ നിന്നു മാഞ്ഞു പോകാതിരിക്കാന്‍. ഓണത്തിന്റെ യഥാര്‍ഥ സന്ദേശം സ്പഷ്ടമാകുന്നത് സമത്വം, സാഹോദര്യം, സമഭാവന തുടങ്ങിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ്. സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും എന്നന്നേക്കുമായി നിലനിര്‍ത്തുന്ന ആളുകളായി മാറ്റാന്‍ ഓണത്തിന് കഴിയട്ടെ.

ഓണം നല്‍കുന്ന വര്‍ണങ്ങളും അതിന്റെ സന്തോഷവും നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും നിറയട്ടെ. ഈ വര്‍ഷം കണ്ണീര്‍പൂക്കള്‍ കൊണ്ടാണ് ഓണമെങ്കിലും ആ സങ്കല്‍പത്തിന് മുന്നില്‍ ആശംസകള്‍. പ്രതീക്ഷയുടെ ഓണപ്പുലരിക്ക് പ്രാര്‍ത്ഥനകള്‍.

(സീറോ മലബാര്‍ സഭയുടെ അല്‍മായ ഫോറം സെക്രട്ടറിയാണ് ലേഖകന്‍)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.