ജനീവ: എംപോക്‌സ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആഫ്രിക്കയില്‍ ഉള്‍പ്പെടെ 116 രാജ്യങ്ങളില്‍ എംപോക്‌സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയത്. ബവേറിയന്‍ നോര്‍ഡിക് കമ്പനി പുറത്തിറക്കിയ വാക്‌സിനാണ് അനുമതി നല്‍കിയത്.
എംപോക്‌സ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യ അംഗീകൃത വാക്‌സിനാണ് ഇതെന്നും ഇത് പ്രധാന ചുവടുവെപ്പാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.
പതിനെട്ട് വയസും അതിന് മുകളിലും പ്രായമുള്ളവരിലാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭാവിയില്‍ രോഗ വ്യാപനം അനിയന്ത്രിതമായാല്‍ കുട്ടികളിലും ഉപയോഗിക്കാന്‍ അനുമതി നല്‍കും.
2022 മുതല്‍ പല രാജ്യങ്ങളിലും എംപോക്‌സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്ര വ്യാപനമുണ്ട്. വെസ്റ്റ്, സെന്‍ട്രല്‍, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗ വ്യാപനം കൂടുതല്‍. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.
നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത ഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെ രോഗ വ്യാപനത്തിന് ഇടയാക്കിയിട്ടുള്ളത്. 2022 ലെ രോഗ വ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് ഒരു ലക്ഷത്തോളം പേരെയാണ് രോഗം ബാധിച്ചത്. 200 ലധികം പേര്‍ മരണത്തിന് കീഴടങ്ങി.
ഇന്ത്യയില്‍ ഇരുപത്തിയേഴ് പേര്‍ രോഗ ബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്ര വ്യാപന ശേഷിയാണ് clade Ib ക്ക് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980 ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ എംപോക്‌സ് ആദ്യമായി കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.