പരാതി നല്‍കാനില്ലെന്ന് മൊഴി നല്‍കിയ നടിമാര്‍; പിന്‍വലിഞ്ഞ നടിമാരെ നേരിട്ട് ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം

പരാതി നല്‍കാനില്ലെന്ന് മൊഴി നല്‍കിയ നടിമാര്‍; പിന്‍വലിഞ്ഞ നടിമാരെ നേരിട്ട് ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: സിനിമാരംഗത്ത് നിന്നും ലൈംഗികചൂഷണം ഉണ്ടായതായി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ പ്രത്യേക അന്വേഷണ സംഘം നേരിട്ട് ബന്ധപ്പെട്ടു തുടങ്ങി. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ ഔദ്യോഗികമായി പൊലീസില്‍ പരാതിപ്പെടാന്‍ പ്രേരിപ്പിക്കുക എന്ന ഉദേശത്തോടെയാണ് നടപടി.

എന്നാല്‍ ഇതുവരെ ആരും പരാതിയുമായി മുന്നോട്ടുവരാന്‍ കൂട്ടാക്കിയിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്പതോളം നടിമാരാണ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത്. ഇവര്‍ നല്‍കിയ മൊഴികളുടെ പകര്‍പ്പും ഹേമ കമ്മിറ്റിയുമായുള്ള ആശയ വിനിമയത്തിന്റെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിങുകളും ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പ്രത്യേക സംഘത്തിന് നല്‍കിയിട്ടുണ്ട്.

ഹേമ കമ്മിറ്റിക്ക് മുമ്പാകെ തങ്ങള്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയ നടിമാര്‍ അടക്കമുള്ളവരെ കണ്ടെത്താനുള്ള ചുമതല എസ്ഐടിയിലെ അംഗങ്ങള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ രൂപീകരിക്കുന്നതിനുമായി രണ്ട് ദിവസം കൂടുമ്പോള്‍ യോഗം ചേരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇക്കഴിഞ്ഞ ബുധനാഴ്ച എസ്ഐടി യോഗം ചേര്‍ന്നിരുന്നു.

കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവര്‍ പേര് വിവരം രേഖപ്പെടുത്താത്തതിനാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ അവരെ പ്രേരിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് യോഗം വിലയിരുത്തി. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയരായതായി പൂര്‍ണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

എസ്ഐടിയിലെ അംഗങ്ങള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സൂക്ഷ്മമായി പരിശോധിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.