തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

 തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് നല്‍കി കേന്ദ്രം. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ്-2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ്-3 എക്ക് കീഴില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്.

2019 ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിലെ നിര്‍ദേശങ്ങളാണ് ഭാഗികമായി അംഗീകരിച്ചത്. സിആര്‍ഇസഡ്-2 ല്‍ നിയന്ത്രണങ്ങള്‍ താരതമ്യേന കുറവാണ്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിന്‍കീഴ്, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അറ്റോമിക് മിനറല്‍ ശേഖരം ഉള്ളതിനാല്‍ സിആര്‍ഇസഡ്-3 ലെ വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

സിആര്‍ഇസഡ്-2 എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ വരെ വികസന രഹിത മേഖലയായി കുറച്ചു. മുന്‍പ് ഇത് 200 മീറ്റര്‍ വരെ ആയിരുന്നു. എന്നാല്‍ സിആര്‍ഇസഡ്-3 ബിയില്‍ കടലിന്റെ വേലിയേറ്റ രേഖയില്‍ നിന്ന് 200 മീറ്റര്‍ വരെ വികസന രഹിത മേഖലയായി തുടരും. സിആര്‍ഇസെഡ്-3 വിഭാഗത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തില്‍ 50 മീറ്റര്‍ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല ബാധകമല്ല.

1991 ന് മുമ്പ് നിര്‍മ്മിച്ചിട്ടുള്ള ബണ്ടുകള്‍/ സൂയിസ് ഗേറ്റുകള്‍ നിലവിലുണ്ടെങ്കില്‍ വേലിയേറ്റ രേഖ പ്രസ്തുത ബണ്ടുകള്‍/സൂയിസ് ഗേറ്റുകളില്‍ നിജപ്പെടുത്തിയാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നല്‍കിയിരിക്കുന്നത്. 2019 സി.ആര്‍ ഇസഡ് വിജ്ഞാപന പ്രകാരം 1000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റും മാത്രമാണ് 50 മീറ്റര്‍ ബഫര്‍ ഡീമാര്‍ക്കേറ്റ് ചെയ്യുന്നത്.
2019 ലെ തീരദേശ പരിപാലന പ്ലാനില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടല്‍ക്കാടുകള്‍ക്ക് ചുറ്റുമുള്ള ബഫര്‍ ഏരിയ നീക്കം ചെയ്തിട്ടാണ് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരോ അതില്‍ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങള്‍ കൂടെ പരിഗണിച്ച് സിആര്‍ഇസഡ്-2 എ എന്ന വിഭാഗത്തിലും അതില്‍ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആര്‍ഇസഡ്-3 ബി വിഭാഗത്തിലും ഉള്‍പ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.