'ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കിയില്ലെങ്കില്‍ തെരുവിലിറങ്ങി പ്രക്ഷോഭം': മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

'ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കിയില്ലെങ്കില്‍  തെരുവിലിറങ്ങി പ്രക്ഷോഭം': മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി


ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

പാര്‍ലമെന്റിനകത്തും പുറത്തും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവിക്കായി ഇന്ത്യ സഖ്യം സര്‍വ കരുത്തും ഉപയോഗിക്കും. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പദവി തിരികെ ലഭിച്ചില്ലെങ്കില്‍ ഉറപ്പായും പ്രക്ഷോഭം ആരംഭിക്കും. സ്വതന്ത്ര ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റുന്നതെന്നും രാഹുല്‍ ആരോപിച്ചു.

ജമ്മുവിലെ റാലിയിലായിരുന്നു രാഹുലിന്റെ സുപ്രധാന പ്രഖ്യാപനം. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാത്തതില്‍ ജനങ്ങള്‍ക്ക് രോഷമുണ്ടെന്ന് നേരത്തെ സര്‍വേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയത് ഇവിടെയുള്ള ജനങ്ങളോട് കാണിച്ച കടുത്ത അനീതിയാണ്. അതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു.

ജനങ്ങള്‍ക്ക് ഞാനിതാ ഉറപ്പു നല്‍കുന്നു, തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാന പദവി പുനസ്ഥാപിച്ചില്ലെങ്കില്‍ ഉറപ്പായും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങും. ലോക്സഭയിലും രാജ്യസഭയിലും സര്‍വ കരുത്തും തങ്ങള്‍ ഉപയോഗിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം നിരവധി കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അതുപോലെ വിഭജിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ നിന്ന് വിഭജിച്ചാണ് തെലങ്കാന രൂപീകരിച്ചത്. ജാര്‍ഖണ്ഡ് ബീഹാറില്‍ നിന്നുണ്ടായി. മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡ് ഉണ്ടായി. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഒരു സംസ്ഥാനം ബിജെപി കേന്ദ്ര ഭരണ പ്രദേശമാക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ജമ്മു കാശ്മീരിനോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. നിങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയാണ് തട്ടിയെടുത്തത്. ജമ്മു കശ്മീരിലെ ജനങ്ങളല്ല ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. അത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂന്നാം തവണയാണ് രാഹുല്‍ ഗാന്ധി ജമ്മു കാശ്മീരിലെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.