ഫ്രാൻസിസ് മാർപാപ്പക്ക് ബെൽജിയത്ത് ഹൃദ്യമായ സ്വീകരണം; സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമെന്ന് പാപ്പ

ഫ്രാൻസിസ് മാർപാപ്പക്ക് ബെൽജിയത്ത് ഹൃദ്യമായ സ്വീകരണം; സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമെന്ന് പാപ്പ

ബ്രസൽസ്: നാൽപ്പത്താറമത് അപ്പസ്തോലിക യാത്രയുടെ ഭാ​ഗമായി ബെൽജിയത്തിലെത്തിയ ഫ്രാൻസിസ് മാർപാപ്പക്ക് ഹൃദ്യമായ സ്വീകരണം. ബെൽജിയത്തിലെ അപ്പോസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ഫ്രാങ്കോ കൊപ്പോള, ബെൽജിയം അംബാസഡർ പാട്രിക് റെനോ എന്നിവർ മാർപാപ്പയെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

ബെൽജിയം രാജാവിന്റെ ഔദ്യോഗിക വസതിയായ ലെയ്‌ക്കെൻ കൊട്ടാരത്തിൽ കുതിരപ്പടയുടെ അകമ്പടിയോടെ എത്തിയ പാപ്പായെ രാജാവ് ഫിലിപ്പ് ലെയൊപോൾഡ് ലൊദെവിക് മരിയ, രാജ്ഞി മറ്റിൽഡെ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭിന്ന സംസ്‌കാരങ്ങളും ഭാഷകളുമുള്ള ജനങ്ങൾ പരസ്പരാദരവോടെ സഹവസിക്കുന്ന രാജ്യത്ത് നിലനിൽക്കുന്ന സമാധാനത്തെ മാർപാപ്പ പ്രശംസിച്ചു.

ഫിലിപ്പ് ലെയൊപോൾഡ് രാജാവുമായുള്ള സൗഹൃദ കൂടിക്കാഴ്ചക്ക് ശേഷം പാപ്പാ രാഷ്ട്രീയാധികാരികൾ, മതപ്രതിനിധികൾ, വ്യവസായ പ്രമുഖർ, പൗരസമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും അവരെ സംബോധന ചെയ്യുകയും ചെയ്തു. മുന്നൂറോളം പേർ സന്നിഹിതരായിരുന്നു.

സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ബെൽജിയം എന്ന യൂറോപ്പിന്റെ ഹൃദയമായ രാജ്യത്തിൻറെ പ്രത്യേകതകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ബെൽജിയം സന്ദർശിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമെങ്കിലും അതിന്റെ ചരിത്രം ഏറെ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം തകർന്ന ജനതയെ ചേർത്തുപിടിക്കുന്നതിനും സമാധാനത്തിനും സഹകരണത്തിനും സംഗമങ്ങൾക്കും വേദിയായ രാജ്യമാണ് ബെൽജിയം.

ഫ്രാൻസിന്റെയും, ജർമനിയുടെയും അതിർത്തി പങ്കിടുന്ന ചെറു രാജ്യമെന്ന നിലയിൽ, യൂറോപ്പിന്റെ സമന്വത നിലനിർത്തുന്ന രാജ്യം കൂടിയാണ് ബെൽജിയം. അതിനാൽ ഈ രാജ്യത്ത് നിന്നും ഭൗതികവും, ധാർമ്മികവും, ആത്മീയവുമായ പുനർനിർമ്മാണം ആരംഭിച്ചുവെന്നതും എടുത്തുപറയേണ്ട വസ്തുതയാണെന്നും പാപ്പാ പറഞ്ഞു.

ബെൽജിയത്തെ പല രാജ്യങ്ങൾക്കും ഇടയിൽ മധ്യവർത്തിയായി നിൽക്കുന്ന ഒരു പാലം എന്നാണ് പാപ്പാ ഉപമിച്ചത്. ഓരോരുത്തരും അവരുടെ ഭാഷയും മനോഭാവവും ബോധ്യങ്ങളും ഉപയോഗിച്ച് പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയസംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും അനുയോജ്യമായ ദേശമാണ് ബെൽജിയം എന്നതും പാപ്പാ കൂട്ടിച്ചേർത്തു. സ്വന്തം വ്യക്തിത്വം, മറ്റുള്ളവരെ ഉൾക്കൊള്ളുവാനും, പരസ്പരം മൂല്യങ്ങൾ കൈമാറുന്നതിനും ഉതകുന്നതാവണമെന്ന വലിയ പാഠം ഉൾക്കൊള്ളുവാനും ബെൽജിയം സഹായിക്കുന്നതും പാപ്പാ പ്രത്യേകം പറഞ്ഞു.

വാണിജ്യത്തിനുള്ള ഒരു പാലമായും ബെൽജിയം മാറിയെന്നുള്ളതും പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ വിവിധ രാജ്യങ്ങൾക്കിടയിലുള്ള ഈ വിപണന കൈമാറ്റം, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സംയോജനത്തിനും, സമ്പുഷ്ടതയ്ക്കും വഴിതെളിച്ചുവെന്നും പാപ്പാ അനുസ്മരിച്ചു. സമാധാനത്തെ കെട്ടിപ്പടുക്കുന്നതിനും, യുദ്ധത്തെ നിരാകരിക്കുന്നതിനും ഈ പാലം ഏറെ ഉപകാരപ്രദമാണെന്നും പാപ്പ വെളിപ്പെടുത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.