സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള മെത്രാന്‍ സിനഡിന്റെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള മെത്രാന്‍ സിനഡിന്റെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

വത്തിക്കാന്‍ സിറ്റി: ചരിത്രത്തില്‍ ആദ്യമായി സാധാരണക്കാരായ വിശ്വാസികള്‍ പങ്കെടുത്ത 'സിനഡ് ഓണ്‍ സിനഡാലിറ്റി' അവസാന ഘട്ടത്തിലേക്ക്. ഇന്ന് (ഒക്ടോബര്‍ രണ്ട്) മുതല്‍ 27 വരെയാണ് സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള മെത്രാന്‍ സിനഡിന്റെ രണ്ടാംഘട്ട സമ്മേളനം റോമില്‍ നടക്കുന്നത്. ഇതോടെ 2021 ഒക്ടോബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച, വിവിധ തലങ്ങളിലായി വര്‍ഷങ്ങള്‍ നീണ്ടുനിന്ന സിനഡല്‍ പ്രക്രിയ ഔദ്യോഗികമായി സമാപിക്കും. 'സിനഡാലിറ്റി' എന്ന വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചകളുടെ ഒന്നാമത് സമ്മേളനം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്നിരുന്നു.

നാളെ ഫ്രാന്‍സിസ് പാപ്പായുടെ വിശുദ്ധ ബലിയോടെയാണ് സിനഡിന് തുടക്കം കുറിക്കുന്നത്. വോട്ടവകാശമുള്ള 368 അംഗങ്ങളും വോട്ടവകാശമില്ലാത്ത 96 അംഗങ്ങളുമാണ് ഇത്തവണ സിനഡില്‍ പങ്കെടുക്കുന്നത്. സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡ് ഹോളറിച്ചും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷുമാണ് സിനഡിന് നേതൃത്വം നല്‍കുന്നത്.

സിനഡിനോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പാ പാപ പരിഹാര ജാഗര പ്രാര്‍ത്ഥന നയിക്കും. തുടര്‍ന്ന് സകല ക്രൈസ്തവരുടെയും നാമത്തില്‍ ദൈവത്തോടും നരകുലം മുഴുവനോടും പാപ്പാ മാപ്പപേക്ഷിക്കും. പ്രാര്‍ഥനയില്‍ യുദ്ധം, ദുരുപയോഗം, കുടിയേറ്റം മുതലായവയ്ക്ക് ഇരയായ മൂന്നുപേരുടെ സാക്ഷ്യവും ഉണ്ടായിരിക്കും.

സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന് പാപ്പ തുടക്കം കുറിച്ചത് 2021 ഒക്ടോബര്‍ 10 നാണ്. 'ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും' എന്നതാണു പ്രമേയം. സാധാരണ മൂന്ന് ഘട്ടങ്ങളായി രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന സിനഡല്‍ സമ്മേളനങ്ങളാണ് ഇക്കുറി മൂന്നാം വര്‍ഷങ്ങളായി നടക്കുന്നത്. ആരാധനയിലും പ്രാര്‍ത്ഥനയിലും ദൈവവചനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്റെ ഒരു യാത്രയായിട്ടാണ് സിനഡിനെ പാപ്പ വിശേഷിപ്പിച്ചത്

രൂപതാ തലം, ദേശീയ തലം, ഭൂഖണ്ഡതലം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം 2023 ഒക്ടോബറില്‍ വത്തിക്കാനില്‍ 'സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ' ആദ്യ പൊതു അസംബ്ലി നടന്നു.

'സിനഡ് പ്രാര്‍ത്ഥനയുടെ സമയമാണ്, ഇത് ഒരു കണ്‍വെന്‍ഷനല്ല, മറിച്ച് ദൈവത്തിന്റെയും ആത്മാവിന്റെയും വചനം കേള്‍ക്കാനുള്ള സമയവും സഭയുടെ പാപങ്ങള്‍ക്ക് ദൈവത്തോട് ക്ഷമ ചോദിക്കാനുള്ള അവസരവുമാണ് - മെത്രാന്മാരുടെ സിനഡിന്റെ സെക്രട്ടറി കര്‍ദിനാള്‍ മാരിയോ ഗ്രെഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തിന്റെ അജണ്ടകള്‍ വച്ചുകൊണ്ട് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി വാദിക്കാനുള്ള സമ്മേളനമല്ല, മറിച്ച് പരിശുദ്ധാത്മാവിനോടൊത്ത് നടത്തേണ്ട യാത്രയാണ് ഇതെന്നാണ് ഫ്രാന്‍സിസ് പാപ്പ സിനഡാലിറ്റിയെക്കുറിച്ച് പറഞ്ഞത്. വിവാദപരമായ വിഷയങ്ങളെല്ലാം ഒഴിവാക്കി മൂന്ന് പ്രധാന വിഷയങ്ങളിലാണ് 2024 ഒക്ടോബറില്‍ നടക്കുന്ന സിനഡിന്റെ പ്രവര്‍ത്തനരേഖ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദൈവത്തോടുള്ള കൂട്ടായ്മയുടെയും മനുഷ്യകുലം മുഴുവനോടുമുള്ള ഐക്യത്തിന്റെയും അടയാളവും ഉപകരണവുമായി മാറുവാന്‍ ക്രൈസ്തവര്‍ക്ക് എങ്ങനെ സാധിക്കും?, നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളും ദൗത്യങ്ങളും സുവിശേഷത്തിന്റെ ശുശ്രൂഷയ്ക്കായി എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താം?, മിഷനറി സിനഡല്‍ സഭക്ക് എന്തൊക്ക സംവിധാനങ്ങളും ചട്ടക്കൂടുകളും സ്ഥാപനങ്ങളുമാണ് ആവശ്യമായിട്ടുള്ളത്? എന്നിവയാണ് ആ വിഷയങ്ങള്‍.

'ക്രിസ്തുവിനോടൊപ്പം ക്രൈസ്തവര്‍ മനുഷ്യകുലത്തെ മുഴുവന്‍ കൂട്ടിക്കൊണ്ട് ദൈവരാജ്യത്തെ ലക്ഷ്യമാക്കി നടത്തുന്ന യാത്ര,''2023 സിനഡിന്റെ സമാപനത്തില്‍ പുറത്തിറക്കിയ സംക്ഷിപ്ത റിപ്പോര്‍ട്ടില്‍ സിനഡാലിറ്റിയെക്കുറിച്ച് ഇപ്രകാരമാണ് നിര്‍വചിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.