മാർ തോമസ് തറയിൽ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങൾ അത്യന്തം പ്രതിഷേധാർഹം: ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി

മാർ തോമസ് തറയിൽ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങൾ അത്യന്തം പ്രതിഷേധാർഹം: ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി

ചങ്ങനാശേരി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഡീക്കൻമാർക്ക് വൈദികപട്ടം നൽകുന്നത് സംബന്ധിച്ച് സീറോ മലബാർ സിനഡിൽ നടന്നതായി പറയുന്ന ചർച്ചകളെ കുറിച്ച് ഷൈജു ആൻ്റണിയുടെ ശബ്ദരേഖ പുറത്തു വന്നിരുന്നു.

മാർ തോമസ് തറയിൽ പിതാവ് എറണാകുളത്തെ ഡീക്കൻമാരുടെ പൗരോഹിത്യ സ്വീകരണത്തെക്കുറിച്ച് സിനഡിൽ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചു എന്നു വ്യാജമായി പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരെ വിദ്വേഷം വളർത്താനുള്ള പരിശ്രമമായാണ് ഈ ശബ്ദരേഖയെ മനസിലാക്കുന്നതെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി പിആർഒ അഡ്വ. ജോജി ചിറയിൽ ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പറഞ്ഞു.

നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം തിരുപട്ടം നൽകാൻ ഏറ്റവും സഹായകരമായ നിലപാടാണ് സിനഡ് സ്വീകരിച്ചത്. എന്നിട്ടും ഏതാനും ചില മെത്രാന്മാരെ ശത്രുപക്ഷത്ത് നിർത്തി അവർക്കെതിരെ വികാരം ആളിക്കത്തിച്ച് വെറുപ്പിന്റെ വ്യാപാരികളാകുകയാണ് ഒരു വിഭാഗം. അസത്യങ്ങൾ പ്രചരിപ്പിച്ചാൽ മാത്രമേ വിശ്വാസികളെ സമരത്തിനിറക്കാൻ സാധിക്കൂ എന്ന ചിന്തയിലാവാം ഇത്തരത്തിലുള്ള പ്രവർത്തനങളെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു.

സീറോമലബാർ സിനഡിൽ പങ്കെടുത്ത് കാര്യങ്ങൾ നേരിട്ട് മനസിലാക്കിയ ഒരാൾ എന്ന വിധത്തിലാണ് ഷൈജു ആൻ്റണി സംസാരിച്ചിരിക്കുന്നത്. സഭയിൽ വിദ്വേഷം വളർത്തുവാനും അന്തശ്ചിദ്രം ഉളവാക്കാനും ഉള്ള നീക്കമായേ ഇതിനെ കാണാൻ സാധിക്കൂ.

അഭിവന്ദ്യ തോമസ് തറയിൽ പിതാവിനെപ്പറ്റി ഉന്നയിച്ചിരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവ അർഹിക്കുന്ന അവജ്ഞയോടെ ഞങ്ങൾ തള്ളിക്കളയുന്നു. ഈ ആക്ഷേപങ്ങൾ വ്യക്തിഹത്യനിറഞ്ഞതും അപകീർത്തിപരവും വിഭാഗീയതയും സ്പർദ്ധയും സൃഷ്ടിക്കുന്നതും നിയമവിരുദ്ധവുമാണ്. ഇവയൊന്നും സഭാപ്രവർത്തന ശൈലിക്കു ചേർന്നതല്ലെന്ന് ഞങ്ങൾ ഓർമിപ്പിക്കുന്നെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാ സമിതി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.