ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. യാത്രാ റൂട്ടുകള്‍ കൂടാതെ വീട്ടിലും ഓഫിസിലും സുരക്ഷ വര്‍ധിപ്പിച്ചു. പിടിയിലായ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഡോവലിന്റെ ഓഫിസിന്റെ വിഡിയോ പാക്കിസ്ഥാനിലേക്ക് അയച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. തലസ്ഥാനത്തെ സര്‍ദാര്‍ പട്ടേല്‍ ഭവന്‍, മറ്റു പ്രധാന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി പിടിയിലായ ഭീകരന്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഇയാള്‍ സ്ഥലങ്ങള്‍ പരിശോധിച്ചതെന്നാണ് സൂചന. 2016 ലെ ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുതല്‍ പാക്കിസ്ഥാനി ഭീകരസംഘടനകളുടെ നോട്ടപ്പുള്ളിയായതിനാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്ന വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് ഡോവല്‍.
പിടികൂടിയ ഭീകരനില്‍നിന്ന് ഡോവലിന്റെ ഓഫിസിന്റെ വിശദമായ വിഡിയോ ലഭിച്ചതായും വിവരമുണ്ട്. സുരക്ഷാ വിന്യാസം ഉള്‍പ്പെടെയുള്ള വിവരങ്ങളും വിഡിയോയില്‍ ഉണ്ടെന്നാണ് സൂചന. ഫെബ്രുവരി ആറിനാണ് ഷോപ്പിയാന്‍ സ്വദേശിയായ ഹിദായത് ഉല്ലാ മാലിക്കിനെ പിടികൂടിയത്. ജയ്‌ഷെ മുഹമ്മദിന്റെ മുന്‍നിര സംഘടനയായ ലഷ്‌കറെ മുസ്തഫയുടെ മേധാവിയാണ് മാലിക്. അനന്ത്‌നാഗില്‍നിന്ന് പിടികൂടിയ ഇയാളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
2019 ജൂലൈ 31നാണ് മാലിക് ഹിസ്ബുല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. അതിനു മുന്‍പ് ജയ്‌ഷെ മുഹമ്മദിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. 2020 ഫെബ്രുവരില്‍ ജയ്ഷിലേക്ക് തിരികെയെത്തി. ഓഗസ്റ്റിലാണ് ലഷ്‌കറെ മുസ്തഫ രൂപീകരിച്ചത്. 2019 മേയ് 24ന് ശ്രീനഗറില്‍നിന്ന് ന്യൂഡല്‍ഹിയിലെത്തിയ മാലിക് ഡോവലിന്റെ ഓഫിസിന്റെ വിഡിയോ എടുത്തിരുന്നു. സിഐഎസ്എഫ് സുരക്ഷാ വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചു.
ഇത് വാട്സാപ്പിലൂടെ പാക്കിസ്ഥാനിലെ ഒരാള്‍ക്ക് അയച്ചുകൊടുത്തു. തുടര്‍ന്ന് ബസില്‍ കശ്മീരില്‍ തിരികെയെത്തി.2019ല്‍ സാംബ സെക്ടര്‍ അതിര്‍ത്തി മേഖലയുടെയും വിഡിയോ ഇയാള്‍ പകര്‍ത്തിയിരുന്നു. ഇയാള്‍ക്കൊപ്പം സമീര്‍ അഹമ്മദ് ധറും ഉണ്ടായിരുന്നു. ധറിനെ 2019 പുല്‍വാമ ഭീകരാക്രമണ കേസില്‍ 2020 ജനുവരി 21ന് അറസ്റ്റ് ചെയ്തിരുന്നു.
2020 മേയിലെ ചാവേര്‍ ആക്രമണത്തിനായി ഹുണ്ടായ് സാന്‍ട്രോ കാര്‍ മാലിക് ആണ് സജ്ജമാക്കിക്കൊടുത്തത്. 2020 നവംബറില്‍ ഷോപ്പിയാനിലെ ജെ ആന്‍ഡ് കെ ബാങ്കിന്റെ ക്യാഷ് വാനില്‍നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തത് താനും ഇര്‍ഫാന്‍ തോക്കര്‍, ഉമര്‍ മുഷ്താഖ്, റായീസ് മുസ്തഫ എന്നിവരാണെന്നും മാലിക് സമ്മതിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.