ഇസ്രയേല്‍ സൈനിക താവളത്തില്‍ ഇറാഖിന്റെ ഡ്രോണ്‍ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു: യമനില്‍ ഹൂതികള്‍ക്ക് നേരെ യു.എസ് ആക്രമണം

ഇസ്രയേല്‍ സൈനിക താവളത്തില്‍ ഇറാഖിന്റെ ഡ്രോണ്‍ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു: യമനില്‍ ഹൂതികള്‍ക്ക് നേരെ യു.എസ് ആക്രമണം

ജെറുസലേം: വടക്കന്‍ ഇസ്രയേലിനു നേരെ ഇറാഖില്‍ നിന്നുള്ള സായുധ സംഘത്തിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് റസിസ്റ്റന്‍സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ആക്രമണമുണ്ടായപ്പോള്‍ ഇസ്രയേല്‍ പ്രതിരോധ സൈറണുകള്‍ മുഴങ്ങാത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സൈന്യം അറിയിച്ചു. അഷ്‌കലോണില്‍ നിന്നുള്ള ഗോലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയനിലെ സിഗ്നല്‍ ഓഫിസര്‍ കേഡറ്റ് ഡാനിയല്‍ അവീവ് ഹൈം സോഫര്‍ (19), ജെറുസലേമില്‍ നിന്നുള്ള ഗൊലാനി ബ്രിഗേഡിന്റെ പതിമൂന്നാം ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റ് ടാല്‍ ഡ്രോര്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.

രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും അതിലൊന്ന് വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തിയെങ്കിലും മിനിറ്റുകള്‍ക്ക് ശേഷം രണ്ടാമത്തേത് വടക്കന്‍ ഗൊലാന്‍ കുന്നുകളിലെ സൈനിക താവളത്തില്‍ പതിച്ചെന്നുമാണ് ഇസ്രയേലിന്റെ സ്ഥിരീകരണം. ആദ്യത്തെ ആളില്ലാ വിമാനം ഇസ്രയേലി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ നിരവധി ഗൊലാന്‍ മേഖലയില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാമത്തെ ഡ്രോണിനെ യഥാസമയം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. അതിനാല്‍ തന്നെ ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കാനോ അഭയം തേടാനോ സമയം ലഭിച്ചില്ലെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം, യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തി. ഹൂതി വിമതരുമായി ബന്ധമുള്ള പതിനഞ്ചോളം ഇടങ്ങളിലാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് സൈന്യം അറിയിച്ചു. ആയുധ സംഭരണ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, സൈനിക ഔട്ട്പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഹൂതികളുടെ സൈനിക ശേഷിയെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടന്നതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ചെങ്കടല്‍ വഴിയുള്ള സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ആക്രമണം നടത്താന്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിച്ചതായും പെന്റഗണ്‍ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സന ഉള്‍പ്പെടെ നിരവധി പ്രധാന നഗരങ്ങളില്‍ സ്ഫോടനം ഉണ്ടായിട്ടുണ്ട്. നവംബര്‍ മുതല്‍ ചെങ്കടല്‍ വഴി യാത്ര ചെയ്ത നൂറോളം കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ തിങ്കഴാഴ്ച യുഎസ് നിര്‍മ്മിത എംക്യു-9 റീപ്പര്‍ ഡ്രോണ്‍ വെടിവച്ചിട്ടതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. യുഎസ് സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് സേനയുടെ കപ്പലുകള്‍ക്ക് നേരെയും ഹൂതികള്‍ കഴിഞ്ഞ ആഴ്ച ആക്രമണശ്രമം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

ചെങ്കടല്‍ വഴി ചരക്ക് ഗതാഗതം തുടര്‍ന്നാല്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് പല കപ്പല്‍ ഉടമകള്‍ക്കും ഹൂതി വിമതര്‍ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കപ്പല്‍ ഉടമകള്‍ക്ക് ഹൂതികള്‍ അയച്ച ഇ-മെയില്‍ സന്ദേശവും പുറത്തു വന്നു. ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികള്‍ ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിവന്നിരുന്നത്. നവംബര്‍ മുതല്‍ നൂറോളം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. നാല് നാവികരെ കൊലപ്പെടുത്തുകയും ചെയ്തു. ചെങ്കടലില്‍ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.