• Mon Mar 31 2025

അന്‍വര്‍ കണ്ട കിനാവുകള്‍ക്ക് തിരിച്ചടി: സിപിഎം സഖ്യകക്ഷി ആയതിനാല്‍ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് ഡിഎംകെ

അന്‍വര്‍ കണ്ട കിനാവുകള്‍ക്ക് തിരിച്ചടി: സിപിഎം സഖ്യകക്ഷി ആയതിനാല്‍  പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് ഡിഎംകെ

ചെന്നൈ: സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ സംഘടന പ്രഖ്യാപിച്ച പി.വി അന്‍വറിന്റെ ഡിഎംകെ സ്വപ്നം പൊലിയുന്നു. സംസ്ഥാനത്തും ദേശീയ തലത്തിലും സിപിഎം തങ്ങളുടെ സഖ്യകക്ഷി ആയതിനാല്‍ അന്‍വറിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി.

കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി.

അന്‍വറുമായി ചെന്നൈയില്‍ ഡിഎംകെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തയ്യാറല്ലെന്നും അദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവ് സെന്തില്‍ ബാലാജി വഴിയാണ് അന്‍വറിന്റെ നീക്കങ്ങള്‍. എന്നാല്‍ സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാന്‍ നിലവില്‍ ഡിഎംകെ തയ്യാറാകാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാര്‍ട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാന്‍ ചര്‍ച്ച നടത്തിയെന്നും സിപിഎം വിട്ട് അന്‍വറിനൊപ്പം ചേര്‍ന്ന ഇ.എ സുകുവും വ്യക്തമാക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.