പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് ഒരു മാപ്പ് മാത്രം പ്രസിദ്ധീകരിക്കുക; ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുത്: സർക്കാരിനോട് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട് ഒരു മാപ്പ് മാത്രം പ്രസിദ്ധീകരിക്കുക; ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കരുത്: സർക്കാരിനോട് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

ചങ്ങനാശേരി: പരിസ്ഥിതി ലോല പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നതെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ച് പഠിക്കാൻ പല കമ്മീഷനുകൾ സർക്കാർ രൂപീകരിച്ചെങ്കിലും ഒരു അന്തിമ വിജ്ഞാപനം പുറത്തിറക്കാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളെല്ലാം റിപ്പോർട്ട് സമർപ്പിച്ചിട്ടും കേരളത്തിന് സാധിക്കുന്നില്ല. ആറാമത്തെ കരട് വിജ്ഞാപനം ജൂലൈ 31ന് നടത്തി. അതിൽ ജനങ്ങൾക്ക് പരാതി നൽകാനായി അനുവദിച്ച സമയം രണ്ട് മാസമാണ്. എന്നാൽ നടപടി ക്രമങ്ങളിൽ വീഴ്ച കണ്ടതിനാൽ ​ഹൈക്കോടതി ഒരു മാസം കൂടി നീട്ടി നൽകി. വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനാണ് ആ​ഗ്രഹിക്കുന്നതെന്നും മാർ തോമസ് തറയിൽ പറഞ്ഞു.

പരിസ്ഥിതി ലോല പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കി ഒരു മാപ്പ് പ്രസിദ്ധീകരിക്കുന്നതിന് പകരം മൂന്ന് മാപ്പുകളാണ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് ജനങ്ങളിൽ നല്ല രീതിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇത് കേരളത്തിലെ 30 ലക്ഷത്തോളം ജനങ്ങളെ വളരെ സാരമായി ബാധിക്കുന്ന പ്രശ്നമാണ്. ജനവാസമേഖലകളെ ഒഴിവാക്കണമെന്ന വിഷയത്തിൽ തത്വത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണ്. പക്ഷേ അതിന്റെ നടപടി ക്രമങ്ങളിലേക്ക് വരുമ്പോൾ കാര്യമായ വിത്യാസങ്ങളൊന്നുമില്ല. ജനങ്ങളെ കുഴപ്പത്തിലാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. പൊതു സമൂഹം ഈ വിഷയത്തിൽ ​ഗൗരവകരമായ ഇടപെടൽ നടത്തണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

കേന്ദ്ര ​സർക്കാരിന് സമർപ്പിക്കേണ്ട മാപ്പ് സർക്കാർ ബയോ ഡൈവേഴ്സിറ്റി സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പരാതികൾ കേട്ട് ഒരു അന്തിമ റിപ്പോർട്ട് കൊടുക്കണം. രണ്ടോ മൂന്നോ മാസങ്ങൾ കൊണ്ട് ഇതിൽ തീരുമാനമെടുക്കാൻ സാധിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

നമ്മൾ ജനാധിപത്യ രാജ്യമാണ്. ജനങ്ങളിൽ നിന്ന് ഒന്നും മറച്ചുവെച്ചിട്ട് കാര്യമില്ല. ജനങ്ങളുടെ ആവാസത്തെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണം. അതിനുള്ള നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യണം. അടിസ്ഥാന തത്വങ്ങളിലുള്ള പിശകുകൾ പരിഹരിക്കണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.