വിടവാങ്ങിയത് മനുഷ്യ സ്‌നേഹിയായ ബിസിനസുകാരന്‍

വിടവാങ്ങിയത് മനുഷ്യ സ്‌നേഹിയായ ബിസിനസുകാരന്‍

ഇന്ത്യയെ ലോക വ്യവസായ നെറുകയിലേയ്ക്ക് ഉയര്‍ത്തിയ ദിഷണാശാലിയും മനുഷ്യ സ്‌നേഹിയുമായ ബിസിനസുകാരനായിരുന്നു രത്തന്‍ ടാറ്റ എന്ന ഇതിഹാസ വ്യവസായി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായില്ലെങ്കിലും രാജ്യത്തെ മറ്റൊരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനും ലഭിക്കാത്ത പേരും പാരമ്പര്യവും ടാറ്റാ ഗ്രൂപ്പിന് നേടിക്കൊടുക്കാന്‍ അദേഹത്തിന് കഴിഞ്ഞു.

അതിസമ്പന്ന പാഴ്‌സി കുടുംബത്തിലല്‍ ജനനം. പത്ത് വയസുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. പിന്നീട് രത്തന്‍ ടാറ്റയെ അമ്മൂമ്മ നവാജ്ബായ് ആണ് വളര്‍ത്തിയത്. അമേരിക്കയിലായിരുന്നു ആര്‍ക്കിടെക്ച്ചര്‍ പഠനം. ഇന്ത്യയില്‍ മടങ്ങിയെത്തിയ അദേഹം ജാംഷെഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിയ്ക്ക് കയറി. പിന്നാലെ ടാറ്റയുടെ ഉന്നത പദവികളിലേക്ക്.

തുടക്കത്തില്‍ കൈവെച്ച സംരംഭങ്ങളിലെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അവ അടച്ചുപൂട്ടേണ്ടി വന്നു. അപ്പോഴും ടാറ്റാ സണ്‍സ് ചെയര്‍മാനായിരുന്ന ജെ.ആര്‍.ഡി ടാറ്റയ്ക്ക് രത്തനില്‍ പൂര്‍ണ വിശ്വാസമായിരുന്നു. 1991 ല്‍ ജെ.ആര്‍.ഡി ടാറ്റ പടിയിറങ്ങിയപ്പോള്‍ പിന്‍ഗാമിയായി. ടാറ്റാ സ്റ്റീല്‍, ടാറ്റാ ടീ, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ ഹോട്ടല്‍സ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം ഞെട്ടിച്ചയിരുന്നു സ്ഥാനാരോഹണം. രത്തന്‍ ടാറ്റയാണ് ടാറ്റാ ഗ്രൂപ്പിനെ അന്താരാഷ്ട്ര ബ്രാന്റാക്കി മാറ്റുന്നതില്‍ വലിയൊരു പങ്ക് വഹിച്ചത്.

രത്തന്റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അന്‍പത് ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകൈയില്‍ പത്മവിഭൂഷന്‍ അടക്കമുളള പുരസ്‌കാരങ്ങള്‍ അദേഹത്തെ തേടിയെത്തി. 1991 മുതല്‍ 2012 വരെ ചെയര്‍മാനായിരുന്ന ടാറ്റ 2016 ല്‍ ഇടക്കാല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രത്തന്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ഇന്ത്യന്‍ വ്യവസായ രംഗത്തിന് നഷ്ടമാവുന്നത് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച ഒരു ക്രാന്തദര്‍ശിയെ ആണ്.

പ്രായം തളര്‍ത്തിയപ്പോഴും പുതിയ ബിസിനസ് ആശയങ്ങളോട് അടങ്ങാത്ത ആവേശമായിരുന്നു. അതാണ് പല സ്റ്റാര്‍ട്ടപ്പുകളിലും പണം നിക്ഷേപിക്കാന്‍ ടാറ്റയെ പ്രേരിപ്പിച്ചത്. അത് പലതും വന്‍വിജയങ്ങളായി മാറുകയും ചെയ്തു. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് അദേഹം വളരെ രസകരമായാണ് ഉത്തരം നല്‍കിയിട്ടുള്ളത്. പ്രണയങ്ങള്‍ ഉണ്ടായെങ്കിലും അവയൊന്നും വിവാഹത്തിലേയ്ക്ക് എത്തിയില്ലെന്ന് അദേഹം തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ബന്ധമായിരുന്നു രത്തന്‍-സിമി പ്രണയം. ബോളിവുഡ് ഐക്കണായിരുന്ന സിമി 70 കളിലും 80 കളിലും വെള്ളിത്തിര ഭരിച്ചിരുന്ന നടി കൂടിയായിരുന്നു. സിമിയെ രത്തന്‍ വിവാഹം കഴിക്കുമെന്ന് തന്നെയാണ് അക്കാലത്ത് ഏവരും വിശ്വസിച്ചിരുന്നത്. ഇരുവരും അഗാധമായ പ്രണയത്തിലുമായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതുമാണ്. പക്ഷെ രണ്ട് വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു വിധി. സിമി പിന്നീട് ഡല്‍ഹി സ്വദേശിയെ വിവാഹം ചെയ്‌തെങ്കിലും 1979 ല്‍ വേര്‍പിരിഞ്ഞു. അപ്പോഴും രത്തന്‍ അവിവാഹിതനായി തുടര്‍ന്നു.

അതേസമയം വാഹന വിപണിയിലേക്ക് കടക്കുമ്പോള്‍ ടാറ്റ എന്ന പേര് ഒരു വികാരമാണ്. സാധാരണക്കാരായ ജനങ്ങളെ ശാക്തീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് താങ്ങാനാവുന്ന ഒരു ഗതാഗത സൗകര്യം നല്‍കുകയും ചെയ്യുക എന്നതായിരുന്നു ടാറ്റയുടെ എപ്പോഴത്തെയും കാഴ്ചപ്പാട്. ധാര്‍മ്മികമായ ബിസിനസ് സമ്പ്രദായങ്ങളിലും അത് വഴി ഇന്ത്യയെ ഉയര്‍ത്തുന്നതിലുമാണ് രത്തന്‍ ടാറ്റ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്.

അതിന് മികച്ച ഒരു ഉദാഹരണമാണ് ടാറ്റ നാനോയുടെ അവതരണം. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്നതും താങ്ങാനാകുന്ന വിലയില്‍ പുറത്തിറക്കിയ വാഹനമാണ് ടാറ്റ നാനോ. മറ്റുളളവര്‍ സാധിക്കില്ല എന്ന് പറയുന്ന കാര്യം സാധിപ്പിക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് ഒരിക്കല്‍ രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. ബിസിനസില്‍ നിന്ന് ലഭിക്കുന്ന ലാഭമല്ല അദേഹത്തിന്റെ ലക്ഷ്യം. സാമൂഹിക ഉത്തരവാദിത്തത്തിലും സുസ്ഥിരതയിലുമായിരുന്നു ശ്രദ്ധ.
ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ അദേഹത്തിന്റെ ഫൗണ്ടേഷന്‍ ടാറ്റ ട്രസ്റ്റ്, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സുസ്ഥിര ജീവിതം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ളതാണ്.

ടാറ്റയുടെ മറ്റൊരു വിജയമായി എടുത്തു പറയേണ്ടത് മികച്ച ഏറ്റെടുക്കലുകളായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കളായ കോറസിനെ ടാറ്റ സ്റ്റീല്‍ വാങ്ങുകയും ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍ഡുകള്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. ഈ ബ്രാന്‍ഡുകള്‍ ടാറ്റ സ്വന്തമാക്കിയതോടെ ഹോം മാര്‍ക്കറ്റ് പോര്‍ട്ട്ഫോളിയോയ്ക്ക് അത് വലിയ രീതിയില്‍ ഗുണം ചെയ്യുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.