ന്യൂഡല്‍ഹി: ഹിസ്ബത്-ഉത്-തഹ്രീറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാമൂഹ മാധ്യമമായ എക്‌സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുക, ഭീകരവാദ സംഘടനകളില്‍ ചേരുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും യുവാക്കളെ പ്രേരിപ്പിക്കുക ഉള്‍പ്പെടെയുള്ള വിവിധ ഭീകര പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന നടത്തുന്നതെന്ന് അദേഹം വ്യക്തമാക്കി.
ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാന്‍ മോഡി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണന്നും അമിത് ഷാ പറഞ്ഞു.
1953 ല്‍ കിഴക്കന്‍ ജറുസലേമില്‍ സ്ഥാപിതമായ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബത്-ഉത്-തഹ്രീര്‍. ഈ സംഘടനയുമായി ബന്ധമുള്ള വ്യക്തികളുടെയോ അനുബന്ധ സംഘടനകളുടെയോ പ്രവര്‍ത്തനങ്ങള്‍ 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം ആഭ്യന്തര മന്ത്രാലയം നിരോധിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളില്‍ ചേരാനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനും യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താനും സംഘടന ശ്രമിക്കുന്നുവെന്നും രാജ്യത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും സമൂഹ മാധ്യമങ്ങള്‍, ആപ്പുകള്‍ എന്നിവ വഴി യോഗങ്ങള്‍ സംഘടിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.