ലണ്ടന്‍: യു.കെയില്‍ ദയാവധം നിയമ വിധേയമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കവേ കടുത്ത എതിര്‍പ്പുമായി ക്രൈസ്തവ സഭാ നേതൃത്വം രംഗത്തെത്തി. ഈ വിഷയത്തില്‍ രാജ്യത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ദയാവധം നിയമ വിധേയമാക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അഭിപ്രായപ്പെട്ടു.
ദയാവധത്തിന് അര്‍ഹതയില്ലാത്തവരും ഇതിന് ഇരയാകുമെന്നും ജീവിതം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ പലരും നിര്‍ബന്ധിതരാകുന്ന സാഹചര്യം ഉരുത്തിരിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും മാരകരോഗികള്‍ക്ക് ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കാനുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ 'ബി.ബി.സി'യോട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. അദ്ദേഹത്തിനും മറ്റ് 25 ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പുമാര്‍ക്കും ആര്‍ച്ച് ബിഷപ്പുമാര്‍ക്കും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇരിപ്പിടമുണ്ട്. ഇവര്‍ക്ക് നിയമനിര്‍മ്മാണത്തില്‍ വോട്ടുചെയ്യാനും കഴിയും.
'ഒരു പുരോഹിതനെന്ന നിലയില്‍ 30 വര്‍ഷമായി ഞാന്‍ ആളുകളോടൊപ്പം അവരുടെ രോഗക്കിടക്കയ്ക്കു സമീപം ഇരിക്കുന്നു. 'എനിക്ക് എന്റെ അമ്മയെ വേണം, എനിക്ക് എന്റെ മകളെ വേണം എന്ന് ആളുകൾ പറയും. എല്ലാവരും സമൂഹത്തില്‍ തുല്യ മൂല്യമുള്ളവരാണ് എന്ന ആശയത്തിന് അടുത്തകാലത്ത് പ്രകടമായ അപചയം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
വികലാംഗരും രോഗികളും പ്രായമായവരും പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലേബര്‍ പാര്‍ട്ടി അംഗമായ കിം ലിഡ്ബീറ്ററാണ് 'ചോയ്സ് അറ്റ് ദി എന്‍ഡ് ഓഫ് ലൈഫ് ബില്‍' യുകെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ലേബര്‍ പാര്‍ട്ടി അംഗമായ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ബില്‍ നിയമം ആയേക്കുമെന്ന ആശങ്ക ഉയരുന്നത്.
അതേസയമം മാരകരോഗ ബാധിതരോട് കരുണ കാണിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ അഭിപ്രായം പൂര്‍ണമായും ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് എം.പി കിം ലീഡ്ബീറ്ററിന്റെ അഭിപ്രായം.
യുകെയിലെ മുതിര്‍ന്ന കത്തോലിക്കാ ബിഷപ്പായ കര്‍ദിനാള്‍ നിക്കോള്‍സ് നിയമത്തിനെതിരെ പ്രതികരിക്കാന്‍ സഭാ അംഗങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. ദൈവത്തെ മറന്നുകൊണ്ടുള്ള നിയമനിര്‍മാണം മാനുഷികതയെ വിലകുറച്ച് കാണുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കി.
'പരിചരിക്കുന്നവരെ ജീവനെടുക്കുന്നവരുടെ തൊഴിലിലേക്ക് മാറ്റരുതെന്നും ആരോഗ്യ പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ച് കര്‍ദിനാള്‍ ഇടയ ലേഖനത്തില്‍ കുറിച്ചു.
മരിക്കാനുള്ള അവകാശം മരിക്കാനുള്ള കടമയായി മാറിയേക്കാമെന്നും വളരെ ശ്രദ്ധയോടുകൂടെ മാത്രമേ ഇത്തരം നിയമനിര്‍മാണങ്ങള്‍ക്ക് മുതിരാവുള്ളൂവെന്നും കര്‍ദിനാളിന്റെ ഇടയ ലേഖനത്തില്‍ പറയുന്നു.
2015ലും സമാന ബില്‍ പാസാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മരിക്കാന്‍ സഹായിക്കുന്നത് നിലവില്‍ കുറ്റമാണ്. നാലു വര്‍ഷം തടവു ലഭിക്കുന്ന കുറ്റം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.