വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തെ വിമര്‍ശിക്കാന്‍ മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ വീഡിയോ ഉപയോഗിച്ച് ടെലിവിഷന്‍ പരസ്യം ചെയ്ത കാനഡയ്ക്ക് 10 ശതമാനം കൂടി അധിക നികുതി ചുമത്തി ട്രംപ് ഭരണകൂടം.
വേള്‍ഡ് സീരീസിലെ ആദ്യ മത്സരത്തിനിടെ ഒന്റാരിയോ സര്‍ക്കാര്‍ സംപ്രേഷണം ചെയ്ത വിവാദപരമായ ഒരു ടെലിവിഷന്‍ പരസ്യമാണ് ട്രംപിനെ ചൊടിപ്പിച്ചത്. വസ്തുതകളെ ഗുരുതരമായി വളച്ചൊടിച്ചതിനാലും ശത്രുതാപരമായ നടപടി സ്വീകരിച്ചതിനാലും, കാനഡയ്ക്ക് മേല്‍ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം അധികമായി താരിഫ് വര്‍ധിപ്പിക്കുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
പരസ്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍, താരിഫുകളെ സമ്പദ് വ്യവസ്ഥയ്ക്ക് ഹാനികരമായി കണക്കാക്കുന്നതിന്റെയും വ്യാപാര യുദ്ധങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്നതിന്റെയും ഓഡിയോ ഉള്‍പ്പെടുത്തിയിരുന്നു. തന്റെ സംരക്ഷണ വ്യാപാര നയങ്ങളെ വിമര്‍ശിക്കുന്നതിനായി റീഗന്റെ വാക്കുകള്‍ ഒന്റാരിയോ സര്‍ക്കാര്‍ മനപൂര്‍വം ദുരുപയോഗം ചെയ്തുവെന്നാണ് ട്രംപിന്റെ ആരോപണം.
താരിഫുകള്‍ ദോഷകരമാണെന്ന് സൂചിപ്പിക്കുന്നതിന് ഒന്റാരിയോ പ്രവിശ്യ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ 1987 ലെ റേഡിയോ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ ഉപയോഗിക്കുകയായിരുന്നു.
'വിദേശ ഇറക്കുമതികള്‍ക്ക് താരിഫ് ചുമത്താം എന്ന് ആരെങ്കിലും പറയുമ്പോള്‍ അവര്‍ ദേശസ്നേഹപരമായ കാര്യം ചെയ്യുന്നതായി തോന്നുന്നു. പക്ഷേ കുറച്ചു കാലത്തേക്ക് മാത്രമാണ് ഈ തോന്നല്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്തരം വ്യാപാര തടസങ്ങള്‍ ഓരോ അമേരിക്കന്‍ തൊഴിലാളിയെയും ഉപഭോക്താവിനെയും വേദനിപ്പിക്കുന്നതാണ്' എന്നായിരുന്നു റീഗന്റെ വാക്കുകള്‍. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇതേ തുടര്‍ന്ന് പരസ്യം പിന്‍വലിക്കുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പിന്നീട് സ്ഥിരീകരിച്ചു. പരസ്യത്തിന്റെ സന്ദേശം ന്യായമായ വ്യാപാരത്തിനും തുറന്ന വിപണികള്‍ക്കും വേണ്ടിയുള്ള ആഹ്വാനമാണെന്ന് അദേഹം ന്യായീകരിച്ചു. ആക്രമിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മറിച്ച് സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഫോര്‍ഡ് വ്യക്തമാക്കി.
ഈ വര്‍ഷം ആദ്യം ട്രംപ് കനേഡിയന്‍ കയറ്റുമതിക്ക് 25 ശതമാനവും ഊര്‍ജ ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനവും തീരുവ ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ഓറഞ്ച് ജ്യൂസ്, വൈന്‍, സ്പിരിറ്റ്, ബിയര്‍, കോഫി, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള യു.എസ് ഇറക്കുമതിക്ക് കാനഡ എതിര്‍ താരിഫ് ചുമത്തുകയും ചെയ്തിരുന്നു.
സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള താരിഫുകള്‍ക്ക് പിന്നാലെ യു.എസ് സ്റ്റീല്‍, അലുമിനിയം, ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, ഡിസ്പ്ലേ മോണിറ്ററുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, കാസ്റ്റ്-ഇരുമ്പ് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കും കാനഡ 25 ശതമാനം തീരുവ ചുമത്തി.
പത്ത് ശതമാനം അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. സംഘര്‍ഷം വര്‍ധിപ്പിക്കുന്നതിന് പകരം ചര്‍ച്ചകളും നയതന്ത്രവുമാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നത്. വ്യാപാര കാര്യങ്ങളില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തണമെന്നും കാര്‍ണി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.