മോസ്‌കോ : ഏറ്റവും പുതിയ ആണവ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് റഷ്യ. നൂതന ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ ആണ് റഷ്യ പരീക്ഷണം നടത്തിയത്. മിസൈൽ 14,000 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ഏകദേശം 15 മണിക്കൂർ വായുവിൽ ഉണ്ടായിരുന്നുവെന്നും റഷ്യൻ സായുധ സേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് വലേരി ജെറാസിമോവ് വ്യക്തമാക്കി.
നാറ്റോ SSC-X-9 സ്കൈഫാൾ എന്ന് വിളിക്കുന്ന 9M730 ബ്യൂറെവെസ്റ്റ്നിക് പരിധിയില്ലാത്ത ദൂരങ്ങൾ താണ്ടുന്നതും അജയ്യവും നിലവിലുള്ള ഏറ്റവും മികച്ച പ്രതിരോധ മിസൈൽ ആണെന്നുമാണ് റഷ്യൻ ആർമി വ്യക്തമാക്കുന്നത്. ബ്യൂറെവെസ്റ്റ്‌നിക് ആണവ മിസൈലിന്റെ നിർണായകമായ പരീക്ഷണങ്ങൾ ഇപ്പോൾ പൂർത്തിയായതായി റഷ്യൻ ചീഫ് ഓഫ് ജനറൽ റഷ്യൻ പ്രസിഡണ്ട് പുടിനെ അറിയിച്ചു. മിസൈലുകൾ വിന്യസിക്കുന്നതിന് മുമ്പുള്ള ചില അവസാന ഘട്ട ജോലികൾ തുടരുകയാണെന്നും വലേരി ജെറാസിമോവ് വ്യക്തമാക്കി.
2018 മാർച്ച് ഒന്നിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അനാച്ഛാദനം ചെയ്ത ആറ് പുതിയ റഷ്യൻ തന്ത്രപരമായ ആയുധങ്ങളിൽ ഒന്നാണ് ബ്യൂറെവെസ്റ്റ്‌നിക്. മിസൈൽ പ്രതിരോധ റഡാറുകൾക്കും ഇന്റർസെപ്റ്ററുകൾക്കും കീഴിൽ പറക്കാൻ കഴിയുമെന്നതാണ് ഈ നൂതന ആണവ മിസൈലിന്റെ പ്രത്യേകത. ആണവ ശേഷിയിൽ പ്രവർത്തിക്കുന്നതും ആണവശക്തി വഹിക്കാൻ കഴിയുന്നതുമായ ക്രൂയിസ് മിസൈൽ ആണ് ബ്യൂറെവെസ്റ്റ്‌നിക്.
1957 ൽ നിർത്തലാക്കപ്പെട്ട യുഎസ് പ്രോജക്റ്റ് പ്ലൂട്ടോയുമായി സാമ്യമുള്ളതാണ് റഷ്യയുടെ ഈ പുതിയ ക്രൂയിസ് മിസൈൽ എന്നാണ് സൂചന. റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നടന്ന ഒരു തുറന്ന വോട്ടെടുപ്പിലൂടെയാണ് ഈ ആണവ ക്രൂയിസ് മിസൈലിന് കടൽ പക്ഷി എന്ന അർത്ഥം വരുന്ന ബ്യൂറെവെസ്റ്റ്‌നിക് എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.