ആസിയാൻ ഉച്ചകോടിയിൽ ട്രംപ്; അമേരിക്കയും മലേഷ്യയും വൻ വ്യാപാര കരാറിൽ ഒപ്പുവെച്ചു

ആസിയാൻ ഉച്ചകോടിയിൽ ട്രംപ്; അമേരിക്കയും മലേഷ്യയും വൻ വ്യാപാര കരാറിൽ ഒപ്പുവെച്ചു

ക്വാലാലംപൂർ: അമേരിക്കയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലേക്ക്. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി മലേഷ്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ വൻ വ്യാപാരകരാറിൽ ഒപ്പുവച്ചു. മലേഷ്യയിൽ നടക്കുന്ന ആസിയൻ ഉച്ചകോടിയിൽ ട്രംപിൻ്റെ നേതൃത്വത്തിൽ കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള ചരിത്രപരമായ സമാധാനകരാറായ ക്വാലാലംപൂർ പീസ് അക്കോർഡ്സ് കരാറും ഒപ്പുവെച്ചു.

ഇന്ന് മലേഷ്യൻ പ്രധാനമന്ത്രിയും ഞാനും അമേരിക്കയും മലേഷ്യയും തമ്മിലുള്ള പ്രധാന വ്യാപാരകരാറിൽ ഒപ്പുവച്ചു, തന്റെ സന്ദർശനം സൗഹൃദത്തിന്റെയും നന്മയുടെയും ദൗത്യമാണെന്നും വ്യാപാരബന്ധം ആഴപ്പെടുത്താനും സുരക്ഷ ഉറപ്പാക്കാനും പ്രദേശത്ത് സ്ഥിരത, സമൃദ്ധി, സമാധാനം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമെന്നും ട്രംപ് കരാർ ഒപ്പുവെച്ചതിന് ശേഷം പറഞ്ഞു.

മലേഷ്യയുമായി ഒപ്പുവെച്ച കരാറിനൊപ്പം കംബോഡിയ മുതൽ ജപ്പാൻ, ദക്ഷിണ കൊറിയ വരെ ഉൾപ്പെടുന്ന ഇൻഡോ-പസഫിക് പങ്കാളികളുമായി വ്യാപാരകരാറുകൾ ഒപ്പുവയ്ക്കുകയോ അവസാനഘട്ടത്തിലോ ആണെന്നും ട്രംപ് പറഞ്ഞു. ഊർജം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

അമേരിക്ക ഇപ്പോൾ സുവർണ യുഗത്തിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞ വർഷം വളരെ മോശമായ നിലയിലായിരുന്നുവെങ്കിലും ഇപ്പോൾ ചരിത്രത്തിലാദ്യമായി $20 ട്രില്യൺ നിക്ഷേപം അമേരിക്കയിലേക്കെത്തുന്നു. ഇത്രയും വലുതായ വളർച്ച മറ്റേതൊരു രാജ്യത്തിനും സാധ്യമായിട്ടില്ലെന്നും അമേരിക്കയുടെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് ട്രംപ് വ്യക്തമാക്കി.

തെക്കുകിഴക്കൻ ഏഷ്യയോടുള്ള പ്രതിബദ്ധതയും ട്രംപ് ആവർത്തിച്ചു. സ്വതന്ത്രവും തുറന്നതുമായ വളർന്നുവരുന്ന ഇൻഡോ-പസഫിക് പ്രദേശത്തിനാണ് അമേരിക്കയുടെ പിന്തുണ. തെക്കു കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളോട് പറയാനുള്ളത് ഒന്ന് മാത്രമാണ്. അമേരിക്ക നിങ്ങളോടൊപ്പം പൂർണമായും ഉണ്ട്. ഭാവിയിലും ശക്തമായ പങ്കാളിയും സുഹൃത്തുമായി തുടരുമെന്നുറപ്പാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ഭാവിയിലേക്കുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സാങ്കേതിക വിദ്യയെയും വ്യാപാരത്തെയും പ്രത്യേകിച്ച് അപൂർവ ധാതു കയറ്റുമതികളെ ഉൾപ്പെടുത്തി സമഗ്ര കരാറിലേക്കെത്താനുള്ളനല്ല സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

2017 നു ശേഷം ട്രംപ് പങ്കെടുക്കുന്ന ആദ്യ ആസിയാൻ ഉച്ചകോടിയാണ് ഇത്. രണ്ടാം പ്രസിഡൻഷ്യൽ കാലയളവിലെ ആദ്യ ഏഷ്യൻ സന്ദർശനവുമാണ്. പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മറ്റ് മലേഷ്യൻ ഉദ്യോഗസ്ഥരും കൂടിയാണ് വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.