രാജ്യത്ത് 23.4 കോടി ആളുകള്‍ അതിദരിദ്രര്‍; ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

രാജ്യത്ത് 23.4 കോടി ആളുകള്‍ അതിദരിദ്രര്‍; ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 100 കോടിയിലേറെ പേര്‍ അതിദരിദ്രാവസ്ഥയിലാണെന്ന് യുഎന്‍ ഡവലപ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു. 23.4 കോടി പേര്‍ അതിദരിദ്രാവസ്ഥയിലുള്ള ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്.

യുണൈറ്റഡ് നേഷന്‍സ് ഡിവലപ്‌മെന്റ് പ്രോഗ്രാമും (യു.എന്‍.ഡി.പി.) ഓക്‌സ്‌ഫെഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡിവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.) ചേര്‍ന്ന് വ്യാഴാഴ്ച പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചിക(എം.പി.ഐ.)പ്രകാരമുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ലോകത്ത് ആകെ 110 കോടി ജനങ്ങളാണ് കൊടും ദാരിദ്ര്യത്തിലുള്ളത്. അതില്‍ പകുതിയും (58.4 കോടി) കുട്ടികളാണ്. ഇന്ത്യയില്‍ 23.4 കോടിപ്പേരാണ് ദാരിദ്ര്യത്തില്‍ ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാകിസ്ഥാന്‍ (9.3 കോടി), എത്യോപ്യ (8.6 കോടി), നൈജീരിയ (7.4 കോടി), ഡി.ആര്‍. കോംഗോ (6.6 കോടി) എന്നിവയാണ് മറ്റു നാല് രാജ്യങ്ങള്‍.

ആകെ ദരിദ്രരുടെ 48.1 ശതമാനവും ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. 40 ശതമാനം പേര്‍ യുദ്ധവും അശാന്തിയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ശൗചാലയ സൗകര്യം, പാര്‍പ്പിടം, പാചക ഇന്ധനം തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സൂചിക തയ്യാറാക്കിയത്.

ലോകത്ത് 18 വയസിന് താഴെയുള്ള 58 കോടി പേരാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ 27.9 ശതമാനമാണിത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയിലും ഇന്ത്യയുടെ സ്ഥാനം പരിതാപകരമായിരുന്നു. 127 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂചികയില്‍ ഇന്ത്യ 105-ാം സ്ഥാനത്താണ് ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.