പുതിയ തലവനെ തിരഞ്ഞെടുക്കാതെ ഹമാസ്; ഭരണം ദോഹ കേന്ദ്രീകരിച്ച സമിതി നടത്തും

പുതിയ തലവനെ തിരഞ്ഞെടുക്കാതെ ഹമാസ്; ഭരണം ദോഹ കേന്ദ്രീകരിച്ച സമിതി നടത്തും

ടെൽ അവീവ്: യഹിയ സിൻവറിന് പകരക്കാരനെ ഉടൻ തിരഞ്ഞെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹമാസ്. ദോഹ കേന്ദ്രമാക്കി പ്രത്യേക ഭരണ സമിതിയെ നിയമിക്കുമെന്നും ഇതിന് കീഴിലായിരിക്കും തുടർ പ്രവർത്തനങ്ങളെന്നും ഹമാസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഹമാസിന്റെ മുൻ മേധാവി ഇസ്മായിൽ ഹനിയ ഇക്കഴിഞ്ഞ ജൂലൈയിൽ ഇറാനിൽ വച്ചാണ് കൊല്ലപ്പെടുന്നത്. പിന്നാലെയാണ് യഹിയ സിൻവർ സ്ഥാനം ഏറ്റെടുക്കുന്നത്.

യഹിയ സിൻവറിനേയും ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഹമാസ് ഊർജിതമാക്കിയിരുന്നു. യഹിയ സിൻവറിന്റെ സഹോദരൻ മുഹമ്മദ് സിൻവർ, ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗം തലവൻ ഖാലിദ് മിശ്അൽ, യഹിയ സിൻവറിന്റെ സഹായി ഖലീൽ അൽ ഹയ്യ, മൂസ അബു മൻസുഖ്, മുഹമ്മദ് അൽ സഹർ എന്നിവരുടെ പേരുകളും ഉയർന്ന് വരുന്നിരുന്നു. എന്നാൽ പുതിയ തലവന്റെ പേര് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ കഴിയാതെ വന്നതോടെയാണ് ഒരു സമിതി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതെന്നാണ് സൂചന.

മാർച്ചിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നും പുതിയ നേതാവിനെ ഉടൻ തിരഞ്ഞെടുക്കേണ്ടതില്ലെന്നുമാണ് ഹമാസ് നേതാക്കൾ മുന്നോട്ട് വച്ച അഭിപ്രായമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹമാസ് നേതാക്കളെ ഇസ്രയേൽ തിരഞ്ഞ് പിടിച്ച് വധിക്കുന്നതും മറ്റൊരു കാരണമായി പറയപ്പെടുന്നു.

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിൽ ഹമാസ് അഞ്ചംഗ സമിതിക്ക് രൂപം നൽകിയിരുന്നു. ഇവർ ഉടൻ തന്നെ ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കും. യഹിയ സിൻവറുമായി വളരെ വേഗം ആശയ വിനിമയം നടത്തുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനങ്ങൾ വേഗത്തിലെടുക്കുന്നതിനായി കമ്മിറ്റിക്ക് രൂപം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.