ബഹിരാകാശത്ത് ഭീമന്‍ ഉപഗ്രഹം പൊട്ടിത്തെറിച്ചു: ആകാശമാലിന്യത്തില്‍ വന്‍ വര്‍ധന

ബഹിരാകാശത്ത് ഭീമന്‍ ഉപഗ്രഹം പൊട്ടിത്തെറിച്ചു: ആകാശമാലിന്യത്തില്‍ വന്‍ വര്‍ധന

കാലിഫോര്‍ണിയ: ബഹിരാകാശത്ത് മാലിന്യത്തിന്റെ അളവ് ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ഉപഗ്രഹം കൂടി ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതോടെയാണ് മാലന്യത്തിന്റെ അളവില്‍ വീണ്ടും വര്‍ധനയുണ്ടായത്. ബോയിങ് കമ്പനി നിര്‍മിച്ച ഇന്റല്‍സാറ്റ് 33 ഇ എന്ന ആശയവിനിമയ ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്. ഉപഗ്രഹം 20 കഷ്ണങ്ങളായെന്ന് യുഎസ് അറിയിച്ചു. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്.

ബ്രോഡ് ബാന്‍ഡ് സേവനം നല്‍കിവന്നിരുന്ന ഭീമന്‍ ഉപഗ്രഹം തകര്‍ന്നതിനെ തുടര്‍ന്ന് യൂറോപ്പ്, മധ്യ ആഫ്രിക്ക, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു.

ബോയിംഗ് കമ്പനി നിര്‍മിച്ച ഇന്റല്‍സാറ്റ് 33 ഇ 2016ലാണ് വിക്ഷേപിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിന് ഏകദേശം 35,000 കിലോമീറ്റര്‍ ഉയരത്തിലാണ് ഇത് പൊട്ടിത്തെറിച്ച് ഛിന്നഭിന്നമായത്. ഉപഗ്രഹം പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സ് ഒക്ടോബര്‍ 20നാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ ഉപഗ്രഹം 20 കഷ്ണങ്ങളായി തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിക്ക് മുമ്പ് ഈ ഉപഗ്രഹത്തിലെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായിരുന്നു.

ഇതിന് മുമ്പും ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ പൊട്ടിത്തെറികളും ബോധപൂര്‍വമായ ഉപഗ്രഹ നാശങ്ങളും കൂട്ടിയിടികളുമെല്ലാം സംഭവിച്ചിട്ടുണ്ട്.

2023ല്‍ ചരിത്രത്തിലാദ്യമായി ബഹിരാകാശ മാലിന്യത്തിന് ടെലിവിഷന്‍ ഡിഷ് കമ്പനിക്ക് പിഴ ചുമത്തിയിരുന്നു. 12 കോടി രൂപയാണ് പിഴ ചുമത്തിയത്. ഉപയോഗശൂന്യമായ ഉപഗ്രഹം ഡീ ഓര്‍ബിറ്റ് ചെയ്യാത്തതിനായിരുന്നു ഇത്. ബഹിരാകാശ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഭൂമിയിലെ സ്റ്റേഷനുകളില്‍ നിന്ന് ലേസര്‍ ഉപയോഗിച്ച് പിടിച്ചെടുക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ നാസ ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.