ഖാര്‍ത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ അര്‍ദ്ധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊലയില്‍ 124 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിന് തെക്ക് ഭാഗത്തുള്ള ഗ്രാമത്തിലാണ് അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെ (ആര്‍.എസ്.എഫ്) നേതൃത്വത്തില്‍ നരനായാട്ട് നടന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചത് സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
സുഡാന്‍ സേനയായ സുഡാന്‍ ആംഡ് ഫോഴ്‌സുമായി (എസ്.എ.എഫ്) ഒരു വര്‍ഷത്തിലേറെ ഏറ്റുമുട്ടുകയാണ് ആര്‍.എസ്.എഫ്. വംശഹത്യക്ക് സമാനമായ സാഹചര്യങ്ങളാണ് സുഡാനില്‍ അരങ്ങേറുന്നതെന്ന് യു.എന്‍ അടക്കമുള്ള ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
ഗെസിറ സംസ്ഥാനത്തെ അല്‍-സിരേഹ ഗ്രാഗത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എഫ് നടത്തിയ ആക്രമത്തില്‍ 124 പേര്‍ കൊല്ലപ്പെട്ടുവെന്ന് സുഡാന്‍ ഡോക്ടേഴ്സ് നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ സംഖ്യ 124 ല്‍ നിന്ന് ഉയരുമെന്നാണ് പുറത്തുവരുന്ന വിവരം.
200 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാരും സാമൂഹിക പ്രവര്‍ത്തകരും പറയുന്നു. കഴിഞ്ഞ എപ്രില്‍ മുതല്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആര്‍എസ്എഫ് ഏറ്റുമുട്ടുകയാണ്. ഏറ്റുമുട്ടലിന്റെ മറവില്‍ ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.
ആര്‍.എസ്.എഫിലെ ഉന്നത ഉദ്യോഗസ്ഥന്‍ സൈന്യത്തിനു കീഴടങ്ങിയതില്‍ രോഷംകൊണ്ട് അദ്ദേഹത്തിന്റെ നാട്ടില്‍ ആര്‍.എസ്.എഫ് ആക്രമണം നടത്തുകയായിരുന്നു. പുരുഷന്മാരെ ക്രൂരമായി കൊലപ്പെടുത്തുകയും സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തായും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ഗെസിറയിലെ 30-ലധികം ഗ്രാമങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വ്യാപകമായി പൊതു-സ്വകാര്യ സ്വത്തുക്കള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
ആക്രമണത്തില്‍ 200ലധികം സാധാരണക്കാര്‍ക്ക് പരിക്കേറ്റതായും 150 പേരെ ആര്‍.എസ്.എഫ് കസ്റ്റഡിയിലെടുമെടുത്തു. ആശയവിനിമയ സംവിധാനങ്ങള്‍ ആര്‍.എസ്.എഫ് തകര്‍ത്തതിനാല്‍ വിവരങ്ങള്‍ കൃത്യമായി പുറത്തുവരാത്ത സാഹചര്യവുമുണ്ട്. സുഡാനിലെ ഡോക്ടറുമാരുടെ കൂട്ടായ്മയാണ് കൂട്ടക്കൊലകളെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്.
സുഡാന്‍ സായുധസേന മേധാവി അബദുല്‍ ഫത്താഹ് അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് മേധാവി മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് 2023 എപ്രില്‍ 15 ന് മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് സുഡാനെ കൊണ്ടെത്തിച്ചത്. അതിദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സുഡാനെ പിടിച്ചുലച്ചതായിരുന്നു 2003 ലെ ആഭ്യന്തര യുദ്ധം. ആ പ്രതിസന്ധികളില്‍ നിന്ന് ഇനിയും അവിടുത്തെ ജനത കരകയറിയിട്ടില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിന് ആളുകള്‍ക്ക് 21 വര്‍ഷത്തിനിപ്പുറവും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. അതിനിടയിലാണ് വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന് സുഡാന്‍ സാക്ഷ്യം വഹിക്കേണ്ടിവരുന്നത്.
സുഡാന്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് യുഎന്‍ ഏജന്‍സിയായ യുനിസെഫ് വെളിപ്പെടുത്തിയിരുന്നു. 14 ദശലക്ഷത്തിലധികം ആളുകള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ലോകത്തിലെ ഏറ്റവും വലിയ കുടിയിറക്കല്‍ പ്രതിസന്ധിയിലൂടെയാണ് സുഡാന്‍ കടന്നുപോകുന്നതെന്ന് യുഎന്‍ വ്യക്തമാക്കി. സുഡാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ സംഘര്‍ഷം കാരണം കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും യുഎന്‍ നല്‍കുന്നുണ്ട്. യുനിസെഫും യുഎന്‍എച്ച്സിആറും ലോകരാജ്യങ്ങളോട് സുഡാനിനെ സഹായിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ട ബലാത്സംഗം, വംശീയ ഉന്മൂലനമടക്കമുള്ളവ സുഡാനില്‍ വ്യാപകമാണെന്നും യുഎന്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.