ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്

 ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്

ചാറ്റോഗ്രാം: ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 307 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. സെഞ്ച്വറി നേടി പുറത്താകാതെ നിക്കുന്ന ഓപ്പണര്‍ ടോണി ഡി സോര്‍സി (141*), സെഞ്ച്വറി നേടിയ മറ്റൊരു ബാറ്റര്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് (106) എന്നിവരുടെ മികവിലാണ് സന്ദര്‍ശകര്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 18 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുന്ന ഡേവിഡ് ബെഡിങ്ഹാം ആണ് സോര്‍സിക്ക് കൂട്ടായി ക്രീസിലുള്ളത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ദക്ഷിണാഫ്രിക്കയ്ക്ക് നായകന്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത് ഡി സോര്‍സിക്ക് ഒപ്പം 69 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് തായ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ മൊമിനുള്‍ ഹഖ് പിടിച്ച് നായകന്‍ പുറത്തായത്. രണ്ടാം വിക്കറ്റില്‍ സ്റ്റബ്സ് - ഡി സോര്‍സി കൂട്ടുകെട്ട് 201 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത്. 198 പന്തുകളില്‍ നിന്ന് മൂന്ന് സിക്സറുകളും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റബ്സിന്റെ സെഞ്ച്വറി.

211 പന്തുകള്‍ നേരിട്ട് പുറത്താകാതെ നില്‍ക്കുന്ന ഡി സോര്‍സി മൂന്ന് സിക്സറുകളും പത്ത് ഫോറും അടിച്ചു. തായ്ജുല്‍ ഇസ്ലാമിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ട്രിസ്റ്റന്‍ സ്റ്റബ്സ് പുറത്തായത്. തായ്ജുല്‍ ഒഴികെ ഒരു ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കും വിക്കറ്റ് വീഴത്താനോ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനോ കഴിഞ്ഞില്ല. രണ്ട് മത്സര പരമ്പരയില്‍ ധാക്ക മിര്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ (10) മുന്നിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.