സിഡ്‌നി: ഓസ്‌ട്രേലിയയിലെ സ്‌നോവി മൗണ്ടന്‍സില്‍ ഹൈക്കിങ്ങിനിടെ കാണാതായ യുവതിയെ ആറ് ദിവസത്തിന് ശേഷം പാമ്പുകടിയേറ്റ നിലയില്‍ കണ്ടെത്തി. ന്യൂ സൗത്ത് വെയില്‍സ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ഫോട്ടോഗ്രാഫറായ ലോവിസ സ്ജോബെര്‍ഗിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ പാമ്പ് കടിയേറ്റും നിര്‍ജലീകരണവും കണങ്കാല്‍ ഉളുക്കിയതും മൂലം അവശ നിലയിലായിരുന്നു യുവതി. അത്ഭുതകരമായ അതിജീവനം എന്നാണ് 48 കാരിയായ ലോവിസയുടെ രക്ഷപ്പെടലിനെ പൊലീസ് വിശേഷിപ്പിക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സിലെ സ്‌നോവി മൗണ്ടന്‍സിലുള്ള കോസിയൂസ്‌കോ ദേശീയോദ്യാനത്തില്‍ വച്ചാണ് ലോവിസയെ കാണാതാകുന്നത്. 2,228 മീറ്റര്‍ (7,310 അടി) ഉയരമുള്ള, ഓസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതശിഖരമായ മൗണ്ട് കോസിയൂസ്‌കോ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സ്ഥിരം സന്ദര്‍ശകയായ ലോവിസ പ്രദേശത്തെ കാട്ടു കുതിരകളുടെ ചിത്രങ്ങളെടുത്ത് പ്രശസ്തി നേടിയിട്ടുണ്ട്.
ലോവിസ വാടകയ്ക്ക് എടുത്ത കാര്‍ തിരികെ കൊടുക്കാതെ വന്നതോടെയാണ് അവരെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നത്. വാടകയ്ക്ക് കാര്‍ നല്‍കുന്ന കമ്പനി ഇത് അധികൃതരെ അറിയിച്ചു. പിന്നീട് ഈ കാര്‍ അണ്‍ലോക്ക് ചെയ്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇത് യുവതിയുടെ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടാക്കി. തുടര്‍ന്ന് യുവതിയെ കണ്ടെത്താന്‍ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഒക്‌ടോബര്‍ 21-ന് സ്‌നോവി മൗണ്ടന്‍സ് ഹൈവേയ്ക്ക് സമീപം കമാന്‍ഡ് സെന്റര്‍ സ്ഥാപിച്ച് വിപുലമായ തിരച്ചില്‍ ആരംഭിച്ചു.
തിരച്ചിലിനായി സ്നിഫര്‍ ഡോഗ്, അഗ്നിശമന സേനാംഗങ്ങള്‍, പാര്‍ക്ക് റേഞ്ചര്‍മാര്‍, ഇന്‍ഫ്രാ-റെഡ് സാങ്കേതികവിദ്യ ഘടിപ്പിച്ച ഹെലികോപ്റ്റര്‍ എന്നിവയുടെ സഹായം തേടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കോസിയൂസ്‌കോ ദേശീയോദ്യാനത്തിനു ചുറ്റുമുള്ള താപനില രാത്രിയില്‍ പൂജ്യം ഡിഗ്രിയിലേക്കു താഴ്ന്നതോടെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമായി.
വ്യാപകമായ തിരിച്ചിലിനൊടുവില്‍ ആറ് ദിവസത്തിന് ശേഷമാണ് കുറ്റിക്കാട്ടില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ യുവതിയെ ദേശീയോദ്യാനത്തിലെ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. നാല് ദിവസം മുമ്പ് കോപ്പര്‍ഹെഡ് ഇനത്തില്‍പെട്ട പാമ്പ് തന്നെ കടിച്ചെന്ന് രക്ഷാപ്രവര്‍ത്തകരോട് ലോവിസ പറഞ്ഞതായി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് സൂപ്രണ്ട് ടോബി ലിന്‍ഡ്‌സെ പറഞ്ഞു.
പാമ്പ് കടിയേറ്റതിനാല്‍ സംഭവസ്ഥലത്ത് വച്ചുതന്നെ ന്യൂ സൗത്ത് വെയില്‍സ് ആംബുലന്‍സ് പാരാമെഡിക്കുകള്‍ യുവതിയെ ചികിത്സിച്ചു. പിന്നീട് കൂമ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദുര്‍ഘടമായ ഭൂപ്രദേശത്ത് ഭക്ഷണമില്ലാതെ ദിവസങ്ങളായി അലഞ്ഞതിനാല്‍ ഏറെ അവശയായിരുന്നു യുവതി. പാമ്പ് കടിയേറ്റിട്ടും ലോവിസയുടെ അതിജീവനത്തിന് കാരണമായത് പ്രതിരോധശേഷിയും രക്ഷാപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമവും മൂലമാണ്.
കോപ്പര്‍ഹെഡ് പാമ്പുകള്‍ അത്ര ആക്രമണകാരികള്‍ അല്ലെങ്കിലും ശക്തമായ ന്യൂറോടോക്സിക് വിഷം വഹിക്കുന്നവയാണ്. ഈ വിഷം മനുഷ്യ നാഡീമണ്ഡലത്തെയാണ് ബാധിക്കുന്നത്. കടിയേറ്റാല്‍ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പരിക്ക് മാരകമാകുകയും ചിലപ്പോള്‍ മരണത്തിന് വരെ കാരണമാകുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.