ആക്സല്‍ റുഡകുബാന
ബ്രിട്ടന്‍: യു.കെയില്‍ കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇടയാക്കിയ മൂന്നു പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പ്രതിയായ കൗമാരക്കാരന് തീവ്രവാദ ബന്ധമുള്ളതായി സൂചന. സൗത്ത് പോര്‍ട്ടില്‍ മൂന്ന് കൊച്ചു പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 18 കാരന്‍ ആക്സല്‍ റുഡകുബാനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.
അപകടകരമായ ജൈവ വിഷ വസ്തു റിസിന്‍ ഇയാള്‍ ഉണ്ടാക്കിയിരുന്നുവെന്നും അല്‍ഖ്വയ്ദ പരിശീലന മാനുവല്‍ കൈവശം വച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ രേഖ കൈവശം വച്ചതിന് പ്രതിക്കെതിരേ കുറ്റം ചുമത്തി.
കഴിഞ്ഞ ജൂലൈ 29നാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. അവധിക്കാല ഡാന്‍സ് ക്ലാസിനിടെ മൂന്നു പെണ്‍കുഞ്ഞുങ്ങളെ പ്രതി കത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച ആക്‌സല്‍ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് കുടിയേറ്റ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു.
പ്രതിയുടെ ലങ്കാഷെയറിലെ വീട്ടില്‍ റിസിനും തീവ്രവാദ പരിശീലന മാനുവലും കണ്ടെത്തിയതോടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, ആക്രമണം നടന്ന സ്ഥലത്ത് റിസിന്റെ അംശം കണ്ടെത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ പൊലീസ് വിശദമായ അന്വേഷിക്കുന്നുണ്ട്.
പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം, കത്തി കൈവശം വച്ചത്, അപകടകരമായ ജൈവ വിഷ വസ്തു ഉണ്ടാക്കിയത്, തീവ്രവാദ സഹായം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ജനുവരിയിലാണ് വിചാരണ നടക്കുക. നീതി ഉറപ്പാക്കുമെന്നു ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.