തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴി സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കണം. വരുമാന പരിധിയില്ലാതെ 70 വയസ് കഴിഞ്ഞവര്‍ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (എന്‍.എച്ച്.എ.) വെബ്‌സൈറ്റ്, ആയുഷ്മാന്‍ ആപ്പ് എന്നിവ വഴി കേന്ദ്ര സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് എപ്പോള്‍ ചികിത്സ കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേന്ദ്രത്തില്‍ നിന്നും മാര്‍ഗരേഖ ലഭിച്ചാലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 70 കഴിഞ്ഞവരുടെ സൗജന്യ ചികിത്സയ്ക്ക് കേന്ദ്രവിഹിതം 60 ശതമാനമാണ്. സംസ്ഥാനത്തിന്റേത് 40 ശതമാനവും. സാമ്പത്തികപ്രതിസന്ധിക്കിടെ ഈ തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും സംസ്ഥാനത്തിനുണ്ട്. കേന്ദ്രത്തില്‍നിന്നുള്ള മാര്‍ഗനിര്‍ദേശം കിട്ടിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 11 നാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയെന്ന പേരില്‍ 70 കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ രാജ്യമാകെ രജിസ്‌ട്രേഷനും തുടങ്ങിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ അക്ഷയ, ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ ഔദ്യോഗികമായി രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി(എസ്.എച്ച്.എ.)യുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണവര്‍.
www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴി നേരിട്ടും കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ വഴിയും ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, അവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ നിന്ന് ഇപ്പോള്‍ സൗജന്യ ചികിത്സ ലഭിക്കില്ല. ചികിത്സാപ്പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികള്‍ക്ക് എസ്.എച്ച്.എയുടെ നിര്‍ദേശം ലഭിക്കാത്തതാണ് കാരണം.
മാത്രമല്ല കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കിയ വകയില്‍ സ്വകാര്യ ആശുപത്രികള്‍ക്കടക്കം കോടിക്കണക്കിന് രൂപ കുടിശികയും ഉണ്ട്. അത് ഉടന്‍ കിട്ടിയില്ലെങ്കില്‍ സൗജന്യ ചികിത്സയില്‍ നിന്നും പിന്മാറുമെന്ന് ആശുപത്രികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ബാധ്യതയേറ്റെടുക്കാന്‍ അവര്‍ തയ്യാറാകില്ലെന്നതും സംസ്ഥാനം പദ്ധതിയില്‍ നിന്നും പിന്നോക്കം പോകാന്‍ കാരണമായതായി ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.