കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടിയുടെ ഹവാലപ്പണം; കൊടകരയില്‍ കവര്‍ന്നത് 7.90 കോടി: പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടിയുടെ ഹവാലപ്പണം; കൊടകരയില്‍ കവര്‍ന്നത് 7.90 കോടി: പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍: 2021 ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി കേരളത്തിലേക്ക് കടത്തിയത് 41 കോടി രൂപയുടെ ഹവാലപ്പണമെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.

ധര്‍മ്മരാജന്‍ എന്നയാള്‍ വഴി പണം കൊടുത്തു വിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പണമെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

14.4 കോടി കര്‍ണാടകയില്‍ നിന്നും എത്തിയപ്പോള്‍, മറ്റ് ഹവാല റൂട്ടുകളിലൂടെയാണ് 27 കോടി എത്തിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയും. പണം എത്തിയ ഹവാല റൂട്ടുകളുടെ പട്ടികയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി.കെ രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, ഗിരീശന്‍ നായര്‍ എന്നിവരാണ്. എം. ഗണേശന്‍ ബിജെപി സംഘടനാ സെക്രട്ടറിയും ഗിരീശന്‍ നായര്‍ ഓഫീസ് സെക്രട്ടറിയുമാണ്.

പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജനാണ് ഈ മൊഴി നല്‍കിയത്. 2021 ല്‍ പൊലീസ് ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.

അതേസമയം കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞു. തനിക്ക് അറിവുള്ള എല്ലാക്കാര്യങ്ങളും അന്വേഷണ സംഘത്തോട് പറയും.

നേരത്തെ നല്‍കിയ മൊഴി നേതാക്കള്‍ പറഞ്ഞു പഠിപ്പിച്ചതാണ്. ചാക്കില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചത് നേതാക്കളാണ്. ചാക്കില്‍ നിന്നും പണം എടുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും സതീശന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.