തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫണ്ട് ദീര്‍ഘകാല ലാഭത്തില്‍ നിന്ന് തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭകരമാകാത്ത പദ്ധതികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായമായ വിജിഎഫ് കേരളത്തിന് മാത്രം വായ്പയായി മാറ്റിയാണ് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തൂത്തുക്കുടി തുറമുഖത്തിന് സമാനമായി കേന്ദ്രം വിജിഎഫ് പ്രഖ്യാപിച്ചത് ധന സഹായമായാണ്. വായ്പാ വ്യവസ്ഥ ഒഴിവാക്കി ധന സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു. ഇപ്പോഴത്തെ കണക്ക് കൂട്ടലില്‍ തിരിച്ചടവ് ഏകദേശം 10,000-12,000 കോടി രൂപയാകുമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. വലിയ തുക പദ്ധതികള്‍ക്കായി മുടക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്യുന്ന വ്യവസ്ഥയിലാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി ചെവഴിക്കുന്നത്. വിജിഎഫ് തിരിച്ചടയ്‌ക്കേണ്ടി വന്നാല്‍ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കത്തില്‍ പറയുന്നു.
വിജിഎഫിനു തത്വത്തില്‍ അംഗീകാരം ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. 817.80 കോടി രൂപയാണ് വിജിഎഫ് ആയി കേന്ദ്രം അനുവദിക്കേണ്ടത്. ഇപ്പോള്‍ മുടക്കുന്ന തുകയ്ക്ക് ഭാവിയില്‍ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിന് അനുസരിച്ചുള്ള തിരിച്ചടവ് (നെറ്റ് പ്രസന്റ് വാല്യു) വ്യവസ്ഥയാണ് കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം വിജിഎഫ് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിബന്ധന സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പദ്ധതിയുടെ അവസാനവട്ട ട്രയല്‍ റണ്‍ പുരോഗമിക്കുകയാണ്. പദ്ധതിക്ക് ആവശ്യവമായ 8867 കോടി രൂപയില്‍ 5595 കോടി രൂപ സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. ഇതില്‍ 2159 കോടി രൂപ ചെലവഴിച്ചു. കേന്ദ്ര ഫണ്ട് ഒരു രൂപ പോലും ലഭിച്ചതുമില്ല.
വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍ തിരിച്ചടയ്ക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വേണമെന്നത് വിചിത്രമായ നിബന്ധനയാണെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.