'1989 മുതല്‍ അവര്‍ ഭൂമിയുടെ കരമടയ്ക്കാന്‍ തുടങ്ങിയതാണ്; അത് മനുഷ്യാവകാശ പ്രശ്നമാണ്': മുനമ്പം വിഷയത്തില്‍ അഡ്വ. മുഹമ്മദ് ഷാ

'1989 മുതല്‍ അവര്‍ ഭൂമിയുടെ കരമടയ്ക്കാന്‍ തുടങ്ങിയതാണ്; അത് മനുഷ്യാവകാശ പ്രശ്നമാണ്': മുനമ്പം വിഷയത്തില്‍ അഡ്വ. മുഹമ്മദ് ഷാ

കൊച്ചി: വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട മുനമ്പം ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ. മുനമ്പം മതപരമായ വിഷയമല്ലെന്നും മനുഷ്യാവകാശ പ്രശ്നമാണന്നും അദേഹം പറഞ്ഞു.

അറുനൂറിലധികം കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു എന്ന വസ്തുത മറച്ചു വയ്ക്കാന്‍ പറ്റില്ല. 1989 മുതല്‍ അവര്‍ ഭൂമിയുടെ കരമടയ്ക്കാന്‍ തുടങ്ങിയതാണ്. കാലങ്ങളായി പൊസഷന്‍ ഉണ്ടായിരുന്നു. 1950 ന് മുമ്പ് പോലും അവര്‍ക്ക് കൈവശാവകാശമുണ്ടെന്ന് കാണിക്കുന്ന രേഖകളുണ്ടായിരുന്നുവെന്നും അഡ്വ. മുഹമ്മദ് ഷാ വ്യക്തമാക്കി.

1950 ല്‍ സിദ്ദിഖ് സേട്ട് എന്നയാള്‍ ഫറൂഖ് കോളജ് മാനേജ്‌മെന്റിന് വേണ്ടി 404.76 ഏക്കര്‍ ഭൂമിയെന്ന് കാണിച്ച് ടൈറ്റില്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഡീഡ് എക്‌സിക്യൂട്ടീവ് ചെയ്തു. ആ ഡീഡിന്റെ നാമധേയം വഖഫ് ആധാരം എന്ന് തന്നെയാണ്. എന്നാല്‍ വിദ്യാഭ്യാസ ആവിശ്യത്തിന് ക്രയവിക്രയം നടത്താമെന്നും ആവശ്യമുണ്ടെങ്കില്‍ കൊടുത്തയാള്‍ക്കോ പിന്‍ഗാമിക്കോ തിരിച്ചെടുക്കാമെന്നും രണ്ട് ഉപാധികള്‍ ഉണ്ടായിരുന്നു.

വഖഫ് സ്വഭാവം ഇല്ലാതാക്കുന്നതാണ് ഈ രണ്ട് കണ്ടീഷനുകളും. പെര്‍മെനന്റ് ഡെഡിക്കേഷന്‍ വഖഫിനെ കുറിച്ച് പറയുന്നത് ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തതെന്നാണ്. ഇത് ഗിഫ്റ്റ് ഡീഡാണ് എന്നാണ് ഫറൂഖ് കോളജിന്റെ വാദം. കണ്‍സ്ട്രറ്റീവ് പൊസഷന്‍ ട്രാന്‍സ്ഫര്‍ ഉണ്ടായിട്ടില്ല.

ഗിഫ്റ്റ് ഡീഡാണ് എന്ന നിരീക്ഷണമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. 1988 ഡിസംബറില്‍ ഫറൂഖ് കോളജ് മാനേജ്‌മെന്റ് ഒരു റെസല്യൂഷന്‍ കൊണ്ടുവന്നു. അത് പ്രകാരം ഈ ഭൂമി അവിടുത്തെ ആളുകള്‍ക്ക് പണം വാങ്ങി വില്‍ക്കാനുള്ള തീരുമാനമെടുത്തു. തുടര്‍ന്ന് അവിടത്തെ കൈവശക്കാര്‍ക്ക് തന്നെ ഭൂമി വിറ്റു.

ഗിഫ്റ്റ് ഡീഡായത് കൊണ്ടാണ് ഫറൂഖ് കോളജ് വിറ്റത്. 1989 മുതല്‍ അവര്‍ ഭൂമിയുടെ കരമടയ്ക്കാനും തുടങ്ങിയതാണ്. 2008 ലാണ് നിസാര്‍ കമ്മീഷന്‍ വരുന്നത്. നിസാര്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മുനമ്പം പ്രശ്‌നം പറയുന്നില്ലെന്നും അഡ്വ. മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി.

എന്നാല്‍ അതര്‍ ഇഷ്യുവിന്റെ പരിധിയിലേക്ക് കൊണ്ടു വന്നിട്ട് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ് ചെയ്തത്. അതര്‍ ഇഷ്യുവില്‍ മുനമ്പം പ്രശ്‌നം കയറി വന്നു. കമ്മീഷന്‍ അതില്‍ പഠനം നടത്തി രജിസ്‌ട്രേഡ് ഡോക്യുമെന്റ്‌സ് പരിശോധിച്ചു.

വഖഫ് പ്രോപ്പര്‍ട്ടിയായത് കൊണ്ട് തിരിച്ചുപിടിക്കണമെന്ന് നിസാര്‍ കമ്മീഷന്‍ പറഞ്ഞു. വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്ന് ഫറൂഖ് കോളജ് വ്യക്തമാക്കിയിരുന്നുവെന്നും വഖഫ് ആക്ട് പ്രകാരമല്ല നിസാര്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നതെന്നും അഡ്വ. മുഹമ്മദ് ഷാ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 2010 ല്‍ കാബിനറ്റില്‍ റിപ്പോര്‍ട്ട് വച്ച് ഭൂമി പൂര്‍ണമായും തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡിന് അനുമതി നല്‍കി. ഭൂമി വിറ്റു എന്ന് പറയുന്ന 1989 നും 1995 നും ഇടയ്ക്കുള്ള കാലങ്ങളില്‍ വഖഫ് ബോര്‍ഡിന്റെ അസറ്റ് രജിസ്റ്ററില്‍ ഇത് ഉള്‍പ്പെട്ടിട്ടുമില്ല. അത് 2019 ലാണ് ഉള്‍പ്പെടുത്തുന്നത്. അതൊന്നും പരിശോധിക്കപ്പെട്ടിട്ടില്ലെന്നും മുഹമ്മദ് ഷാ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.