ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലി തേടുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി.
ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കരുതെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് മാറ്റരുതെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ വിധി.
ഒഴിവുണ്ടെങ്കില്‍ പോലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതുകൊണ്ട് മാത്രം നിയമനം ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥിക്ക് അനിഷേധ്യമായ അവകാശം ഇല്ല. അതേസമയം സര്‍ക്കാരിനും റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏകപക്ഷീയമായി നിയമനം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പി.എസ്. നരസിംഹ, പങ്കജ് മിത്തല്‍, മനോജ് മിശ്ര എന്നിവരും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി
ഒഴിവുകള്‍ നികത്താതിരിക്കാന്‍ ഉത്തമ വിശ്വാസമുള്ള കാരണങ്ങളുണ്ടാവണം. അപ്പോഴും ഏകപക്ഷീയമായി നിയമനം നിഷേധിക്കാനാകില്ല. റാങ്ക് ഹോള്‍ഡര്‍ കോടതിയില്‍ ചോദ്യം ചെയ്താല്‍, എന്തുകൊണ്ട് റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നില്ലെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.
റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ച ശേഷം നിയമ വിരുദ്ധമായി യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിയമനങ്ങളില്‍ സുതാര്യത വേണം. വിവേചനം പാടില്ല. അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനം മുതല്‍ ഒഴിവുകള്‍ നികത്തുന്നതു വരെയാണ് റിക്രൂട്ട്‌മെന്റ് പ്രക്രിയ.
റിക്രൂട്ട്‌മെന്റിന്റെ തുടക്കത്തില്‍ വിജ്ഞാപനം ചെയ്ത യോഗ്യതകള്‍ ഇടയ്ക്ക് വച്ച് ഏകപക്ഷീയമായി മാറ്റരുത്. കേരള വാട്ടര്‍ അതോറിട്ടിയിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയുടെ അടിസ്ഥാന യോഗ്യതയില്‍ നിലപാട് മാറ്റിയ കേരള പി.എസ്.സിക്കെതിരെ മറ്റൊരു കേസില്‍ സുപ്രീം കോടതി വിമര്‍ശനം നടത്തിയിരുന്നു.
യോഗ്യത മാറ്റാമെന്ന് വിജ്ഞാപനത്തില്‍ പറഞ്ഞെങ്കിലോ, യോഗ്യത ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലോ നടപടിയെടുക്കാം. യോഗ്യത മാറ്റുമ്പോള്‍ ഭരണഘടനയിലെ അനുച്ഛേദം 14 ഉറപ്പ് നല്‍കുന്ന തുല്യത ഉറപ്പാക്കണം. നിശ്ചിത യോഗ്യതയുടെ ഉദ്ദേശ്യവും യുക്തിയും സാധൂകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.