ഭക്തി സാന്ദ്രം.. മനോഹരം; കെസ്റ്റർ ഷോ അസുലഭ അവസരം, മലയാളികൾ നഷ്ടപ്പെടുത്തരുത്

ഭക്തി സാന്ദ്രം.. മനോഹരം; കെസ്റ്റർ ഷോ അസുലഭ അവസരം, മലയാളികൾ നഷ്ടപ്പെടുത്തരുത്

പ്രകാശ് ജോസഫ്

പെർത്ത് : സ്വർ​ഗീയ അനുഭൂതി പകരുന്ന അതിമനോഹരമായ ഒരു ​ഗാനസന്ധ്യ. ആത്മാവിന് കുളിർമയും മനസിന് സന്തോഷവും കാതുകൾക്ക് ഇമ്പവും പകരുന്ന കെസ്റ്റർ ​ഗാനശുശ്രൂഷ പെർത്തിലെ മലയാളികൾക്ക് സമ്മാനിച്ചത് നവ്യാനുഭവം. ഇന്നലെ പെർത്ത് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ  ദി റോക്സ് ഹാളിൽ നടന്ന ​ഗാനസന്ധ്യ പങ്കെടുത്തവർക്കെല്ലാം ആത്മീയ അനുഭവമായി മാറി.

അനു​ഗ്രഹീതനായ ​ഗായകൻ കെസ്റ്ററും കൂടെ ശ്രേയ ജയദീപും ചേർന്ന് പാടിയപ്പോൾ ഒരു പുതിയ ആത്മീയ തലത്തിലേക്ക് മൂന്നു മണിക്കൂർ സമയം സദസിനെ കൂട്ടിക്കൊണ്ടുപോയി. പാട്ടുകൾക്ക് മുമ്പ് കെസ്റ്റർ‌ നൽകുന്ന ആമുഖ വിവരണം ജീവിതത്തെയും ലോകസംഭവങ്ങളെയും ചില പ്രത്യേകതകളയെും സൂചിപ്പിച്ച് ഒടുവിൽ ബൈബിളിൽ എത്തിനിൽക്കുന്നു. തുടർന്ന് ​ഗാനാലാപനം. കേട്ട് പരിചയപ്പെട്ടതാണെങ്കിലും കെസ്റ്ററിൽ നിന്ന് നേരിട്ട് കേൾക്കുമ്പോൾ ഓരോ പാട്ടും വലിയ ആത്മീയ സന്തോഷത്തിലേക്കാണ് നയിക്കുന്നത്. ഈ ​ഗാനസന്ധ്യയിൽ പങ്കെടുത്തില്ലെങ്കിൽ ഓസ്ട്രേലിയൻ മലയാളികൾക്ക് നഷ്ടമാവുക ഒരു അസുലഭ അവസരമാണെന്ന് പറയാതെ വയ്യ.

ഹാർമണിസ് ഓഫ് ഹെവൻ എന്ന് പേരിട്ടിരിക്കുന്ന കെസ്റ്റർ ഷോ പെർത്തിലെ ദി റോക്സ് ഹാളിലാണ് നടന്നത്. അഞ്ഞൂറിലധികം ആളുകൾക്കിരിക്കാവുന്ന ഹോൾ മലയാളികളെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. പങ്കെടുത്ത ഒരാൾ പോലും പ്രത്യേകമായ സം​ഗീത അനുഭൂതിയിൽ ലയിക്കാതെ മടങ്ങിയിട്ടുണ്ടാവില്ല എന്ന് തീർച്ച.

പാടുന്നവൻ ഇരട്ടി പ്രാർത്ഥിക്കുന്നു പാട്ടിൽ ലയിച്ചിരുന്ന് കോൾക്കുന്നവർ അതിലേറെ എന്ന ആമുഖത്തോടെയാണ് ശുശ്രൂഷ ആരംഭിച്ചത്. ഓരോ പാട്ടിന് ശേഷവും ഈശോക്ക് സ്തുതിയും ആരാധനനയും പറഞ്ഞാണ് ​ഗാനം അവസാനിക്കുന്നത്. യഹോവ എന്ന നാമം യഹൂദർ ഉപയോ​ഗക്കുന്നതിന്റെ പ്രത്യേകതയും ​ഗാനത്തിന് മുന്നോടിയായി സന്ദേശമായി നൽകി.

മനുഷ്യന്റെ ശ്വാസോച്ഛ്വാസം ദൈവത്തിന്റെ പേരുമായുള്ള ബന്ധം സൂചിപ്പിക്കപ്പെട്ടു. മനുഷ്യൻ ജനിച്ചുവീഴുമ്പോഴും മരണമടയുമ്പോഴും ശ്വാസോച്ഛ്വാസത്തിലൂടെ ദൈവത്തിന്റെ നാമം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്ന കാര്യം ആമുഖമായി പറഞ്ഞത് ഹൃദ്യമായി. ഒരു മഞ്ഞ് കാലം മുഴുവനും ഐസിനുള്ളിൽ മരവിച്ച് കഴിയുന്ന അലാസ്കൻ ബ്ലാക്ക് ഫിഷിന്റെ അതിജീവിനവും ഒരു ചെടിയുടെ ശിഖരങ്ങളോളം വലിപ്പമുള്ള മണ്ണിനടിയിലെ വ്യക്ഷത്തിന്റെ
വേരുകളുടെ തൃ​ഗത്തിന്റെ അനുഭവങ്ങളുമെല്ലാം ധ്യാന ചിന്ത പോലെ സന്ദേശങ്ങളായി ഒഴുകിയെത്തി.

മലകളെ മാറ്റുന്ന സർവശക്തനായ പിതാവ്, ജറുസലേം പട്ടണത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരണം തുടങ്ങി ഒട്ടനവധി കാര്യങ്ങളിലൂടെയാണ് ​ഗാനസന്ധ്യ കടന്നുപോയത്. ഓരോ പാട്ടിനും മുന്നോടിയായി കെസ്റ്റർ പറയുന്ന ആമുഖം ഓരോ വ്യക്തിയെയും പ്രത്യേകം ആത്മീയ അനുഭൂതിയിലേക്ക് നയിച്ചു. പങ്കെടുക്കുന്ന ഓരാൾക്കു പോലും സമയം പാഴായി എന്ന ചിന്തയുണ്ടാകില്ലയെന്ന് തീർച്ച. ഫാ. റോബിൻ തോമസ് സ്വാ​ഗതവും ലിബിൻ ഡാനിയേൽ നന്ദിയും അറിയിച്ചു. പെർത്ത് മാർതോമ സഭയിലെ ഫാ. ജെയിംസ് ​ഗാനസന്ധ്യ ഉദ്ഘാടനം ചെയ്തു.

ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ... ഒരു കോടി ജന്മ മീ ഈ ഭൂമിയിൽ തന്നാലാം... മേലേ മാനത്തെ ഈശോയെ.... നിൻ സ്നേഹമെത്രയോ അവർണനീയം... ഇസ്രായേലെ സ്തുതിച്ചിടുക രാജാധിരാജൻ എഴുന്നുള്ളുന്നു... എന്റെ മുഖം വാടിയാൽ ദൈവത്തിൻ മുഖം വാടും... ഇല പൊഴിയും കാലമുണ്ടെന്നോർക്കണം... ജറുസലേം നായക... ഒന്നു വിളിച്ചാൽ ഓടിയെന്റെ അരികിലെത്തും... നാവിൽ എൻ ഈശോ തൻ നാമം... അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ... എന്നീ ​ഗാനങ്ങളെല്ലാം കെസ്റ്ററും ശ്രേയയും ചേർന്ന് ആലപിച്ചു.

ഇന്ന് നവംബർ പത്തിന് സിഡ്‌നിയിലെ ഡാപ്റ്റോ റിബൺവുഡ് സെൻ്ററിൽ വൈകുനേരം 4.30 മുതൽ 8.30 വരെയാണ് ​ഗാനസന്ധ്യ നടക്കുന്നത്. അഡലൈഡ് സീറോ മലബാർ ഫൊറാന പള്ളിയുടെ നേതൃത്വത്തിൽ വിവിധ ക്രിസ്തീയ സമൂഹങ്ങളെ ഒരു കുടകീഴിൽ അണിനിരത്തികൊണ്ട് 'ഗ്ലോറിയ ഡീ ' എന്ന പേരിൽ നവംബർ 16 ന് സീറ്റൻ ക്രിസ്ത്യൻ ഫാമിലി സെന്ററിൽ വച്ച് ​ഗാനസന്ധ്യ നടത്തപ്പെടും. നവംബർ 17ന് മെൽബണിലെ ഹിൽക്രസ്റ്റ് ക്രിസ്ത്യൻ കോളേജിൽ വൈകുനേരം 6.30 മുതൽ ​ഗാനസന്ധ്യ അരങ്ങേറും.

ഓസ്ട്രേലിയയിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടികളിൽ അഥിതികളായി സംബന്ധിക്കും. ഓസ്‌ട്രേലിയയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസി റോയൽ റിയൽ എസ്റ്റേറ്റാണ് പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26