തിരുവനന്തപുരം: അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിതകര്‍മസേനയ്ക്ക് കൂടുതല്‍ യൂസര്‍ ഫീ ഈടാക്കാമെന്ന് തദ്ദേശ വകുപ്പ്. മാലിന്യത്തിന് അനുസരിച്ച് ഫീസ് കൂട്ടാനാണ് തദ്ദേശ വകുപ്പിന്റെ പുതുക്കിയ മര്‍ഗരേഖയില്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ നിരക്ക് 100 രൂപയാണ്. മാലിന്യത്തിന് ആനുപാതികമായും പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചും നിരക്ക് കൂട്ടാനാണ് പുതിയ നീക്കം.
വീടുകളില്‍ നിന്ന് അജൈവ മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തുകളില്‍ കുറഞ്ഞത് 50 രൂപയും നഗരസഭകളില്‍ കുറഞ്ഞത് 70 രൂപയും തുടരാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. എന്നാല്‍ കൂടിയ നിരക്ക് എത്രയെന്ന് മാര്‍ഗരേഖയില്‍ പറയുന്നില്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ മേഖലകളില്‍ വീടുകളില്‍ നിന്നു 100 രൂപയാണ് ഈടാക്കുന്നത്. ഇതു സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങളില്ല.
നിശ്ചയിക്കുന്ന നിരക്ക് തദ്ദേശ സ്ഥാപന ഭരണസമിതി തീരുമാനമെടുത്ത് പ്രസിദ്ധീകരിക്കണം. വലിയ അളവില്‍ മാലിന്യമുള്ള സ്ഥാപനങ്ങളില്‍ നിന്നു പ്രതിമാസം അഞ്ച് ചാക്ക് വരെ കുറഞ്ഞത് 100 രൂപ നിരക്കിലും അധികമായി വരുന്ന ഓരോ ചാക്കിനും കുറഞ്ഞത് 100 രൂപയും ഈടാക്കണം. യൂസര്‍ ഫീ നല്‍കാത്ത കെട്ടിട ഉടമകളില്‍ നിന്നു കുടിശിക, വസ്തു നികുതി പോലെ തദ്ദേശ സ്ഥാപന സെക്രട്ടറി ഈടാക്കി തൊട്ടടുത്ത മാസം ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം അക്കൗണ്ടിലേക്ക് കൈമാറണം. യൂസര്‍ ഫീസിനായി ഉപയോഗിക്കുന്ന രസീത് ഏകീകൃത രൂപത്തിലാകണമെന്നും ഇതു തദ്ദേശ സ്ഥാപനം അച്ചടിച്ച് ഹരിതകര്‍മസേനാ ഭാരവാഹികള്‍ക്ക് കൈമാറണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.