ക്രിസ്ത്യാനികളുടെ തീവ്രമായ ബ്ലാക്ക് ഫാസ്റ്റ്

ക്രിസ്ത്യാനികളുടെ തീവ്രമായ ബ്ലാക്ക് ഫാസ്റ്റ്

ക്രിസ്ത്യാനികളുടെ ബ്ലാക്ക് ഫാസ്റ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ ? ഒരു പക്ഷെ ഇതര മതക്കാർ കണ്ടുപഠിച്ചതും ഇന്നത്തെ ക്രിസ്ത്യാനികളിൽ അധികം പേരും അനുഷ്‌ടിക്കാത്തതുമായ ഒരു ഉപവാസ രീതിയാണ് ബ്ലാക്ക് ഫാസ്റ്റ്. ഇങ്ങനെയൊക്കെയാണെങ്കിലും ഉപവാസ ചൈതന്യത്തിനു വേണ്ടത്ര പരിഗണന ലഭിക്കാത്ത വികസിത രാജ്യങ്ങളിൽ പോലും വിഭൂതി തിരുനാൾ, ദുഃഖവെള്ളി ദിവസങ്ങളിൽ ഇന്നും ബ്ലാക്ക്‌ഫാസ്റ്റ് അതിന്റെ പൂർണതയിൽ ചെയ്യുന്നവരുണ്ട്.

ക്രൈസ്തവ സന്യാസിമാർ വർഷത്തിൽ നിരവധി തവണ അനുഷ്‌ഠിക്കുമായിരുന്ന ബ്ലാക്ക്‌ഫാസ്റ്റ് നോമ്പുകാലത്ത് എല്ലാവരും പിന്തുടർന്നു. നോമ്പുകാല ബ്ലാക്ക് ഫാസ്റ്റിനെക്കുറിച്ചു വിശുദ്ധ ബർണാഡ് പറയുന്നത് ഇങ്ങനെയാണ്, "സാധാരണയായി നമ്മൾ ഉച്ചക്ക് മൂന്നുമണിവരെ ഉപവസിക്കുന്നു. എന്നാൽ നോമ്പുകാലത്തു നമ്മൾ സൂര്യാസ്തമയം വരെ ഉപവസിക്കണം.രാജാക്കന്മാരാകട്ടെ രാജകുമാരന്മാരാകട്ടെ , പുരോഹിതനാകട്ടെ , അത്മായനാകട്ടെ എല്ലാവരും ഉപവസിക്കണം".

എന്തൊക്കെയാണ് ബ്ലാക്ക് ഫാസ്റ്റിന്റെ പ്രത്യേകതകൾ ?

  • ഒരുദിവസം ഒരുനേരം മാത്രമേ കഴിക്കാവൂ, അതും സൂര്യാസ്തമയത്തിനു ശേഷം.
  • ഇറച്ചി, മുട്ട, പാൽ ഉത്പന്നങ്ങൾ നിഷിദ്ധമാണ്.   
  • വീഞ്ഞ് പതിവായ പാശ്ചാത്യ നാടുകളിൽ ഇക്കാലത്തു അതും വർജിച്ചിരുന്നു.
  • വിശുദ്ധ വാരത്തിൽ, ഒരുനേരം കഴിക്കുമ്പോൾ അത് ബ്രെഡും, ഉപ്പും വെള്ളവും മാത്രം കഴിക്കണം. കൂട്ടത്തിൽ ഔഷധ സസ്യങ്ങൾകൊണ്ടുള്ള എന്തെങ്കിലും ആകാം.

അന്യം നിന്ന വഴികൾ

ഇത്തരം കഠിനമായ ഉപവാസരീതി സത്യദൈവത്തിന്റെ സന്നിധിയിൽ കോടാനു കോടി ജനങ്ങൾ അനുഷ്‌ഠിച്ചാൽ ഉണ്ടാകാൻ പോകുന്ന ആത്മീയ നന്മകൾ ആലോചിച്ചു നോക്കൂ ! ഇന്നും വ്യക്തികൾക്ക് അത് അനുഷ്‌ടിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. സഭ നിർബന്ധപൂർവം നിയമങ്ങൾകൊണ്ട് നിർബന്ധിക്കുന്നില്ല എന്നതാണ് സത്യം.

കഠിനമായ വ്രത നിഷ്‌ഠ പത്താം നൂറ്റാണ്ടുവരെ എല്ലാവര്ക്കും നിർബന്ധമായിരുന്നു. എന്നാൽ പത്താം നൂറ്റാണ്ടായപ്പോൾ മൂന്നുമണിക്ക് ആഹാരം കഴിക്കാം എന്നായി. പതിന്നാലാം നൂറ്റാണ്ടിൽ ഉച്ചക്ക് ഒരുനേരം കഴിക്കുന്ന രീതിയെ ഉപവാസം എന്ന് വിളിച്ചു തുടങ്ങി. വീണ്ടും ലഘൂകരിച്ചു എട്ടു ഔൺസിൽ താഴെ ഭക്ഷണം കഴിച്ചാൽ അതും ഉപവാസംപോലെ കരുതാം എന്ന രീതിയിലേക്ക് വന്നു.

ഇളവുകളും കുറവുകളും

ഇത്തരം ഇളവുകൾ കൂടുതൽ സ്വീകരിക്കപ്പെട്ടത് പാശ്ചാത്യ നാടുകളിൽ ആണ്. എന്നാൽ പൗരസ്ത്യ നാടുകളിൽ ക്രൈസ്തവർ നോമ്പും പ്രാർത്ഥനയും അതിന്റെ ചൈതന്യം നഷ്ടമാകാതെ കാത്തു സൂക്ഷിക്കാൻ പരമാവധി പരിശ്രമിച്ചിരുന്നു. ഉപവാസത്തിന്റെ ചൈതന്യം നഷ്ടമായതുകൊണ്ടാണ് കത്തോലിക്കാ സഭയിൽ, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിൽ ആത്മീയതക്ക് കോട്ടം സംഭവിക്കാൻ കാരണമായത് എന്ന് കരുതുന്നവരുണ്ട്.

കഠിനമായ ഉപവാസ രീതികൾ തിരിച്ചു പിടിക്കാനുള്ള പരിശ്രമം നടത്തുന്ന ചില അത്മായ സംഘങ്ങൾ യൂറോപ്പിൽ അങ്ങിങ്ങായി ഉയർന്നു വരുന്നുണ്ട്. ബ്രെഡും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ദിവസങ്ങൾ ഉപവസിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. എങ്കിലും നോമ്പുകാലവുമായി ഇത്തരം ഉപവാസങ്ങളെ ബന്ധിപ്പിക്കുന്നവർ കുറവാണ്.

ഫീസ്റ്റാകുന്ന ഫാസ്റ്റുകൾ

വിശപ്പിനോട് യുദ്ധം ചെയ്യുന്ന ഉപവാസവും, ജഡത്തെ അടക്കി രുചിയോടും കൊതിയോടും മൽപ്പിടുത്തം നടത്തുന്ന നോമ്പും വെള്ളം ചേർക്കപ്പെട്ട നിലയിലേക്ക് വന്നെത്തുന്നതിൽ അപകട സൂചനയുണ്ട്. സസ്യാഹാരം മാത്രം എന്ന് പറയുമ്പോഴും രുചിയുടെ മേളക്കൊഴുപ്പാകുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട് നോമ്പുകാലത്തെ ഭക്ഷണ മേശകൾ എന്ന വിലാപവും ഉയരുന്നു. നോമ്പുകാലത്തു ഇന്റർനെറ്റിൽ രുചികരമായ സസ്യാഹാരം തിരയുന്നവരുടെ എണ്ണം വളരെ വർധിക്കുന്നു എന്നതാണ് ഇതിനു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

ബ്ലാക്ക് ഫാസ്റ്റിന്റെ അപചയം, കത്തിനിന്ന പടിഞ്ഞാറൻ ആത്മീയതയെ കെടുത്തിക്കളഞ്ഞു എന്ന് വിശ്വസിക്കുന്ന ആത്മീയ മനുഷ്യരുണ്ട്. വർഷത്തിൽ ഒരിക്കൽ വിശാസ സമൂഹം ഒന്നടങ്കം കഠിനമായ പ്രായശ്ചിത്തം അനുഷ്‌ടിക്കുന്ന രീതി നില നിന്നിരുന്നെങ്കിൽ അത് തന്നെ ഒരു വലിയ സുവിശേഷ പ്രഘോഷണം ആകുമായിരുന്നു എന്നാണ് കഠിന വ്രത നിഷ്ഠയെ അനുകൂലിക്കുന്നവർ കരുതുന്നത്. മാത്രമല്ല അന്ധകാര ശക്തികൾ പ്രബലപ്പെടുന്നതിനെ പൂർണമായും തടയാമായിരുന്നു എന്നതാണ് ആത്മീയവാദികളുടെ അഭിപ്രായം.

എന്നാൽ എന്തും സ്നേഹത്തോടെ ചെയ്യുന്നതിലെ അർത്ഥമുള്ളൂ എന്നതാണ് ആധുനിക ദൈവ ശാസ്ത്രജ്ഞമാരുടെ നിലപാട്. സഭ അധികാരം ഉപയോഗിച്ച് ചെയ്യിക്കുന്നതും ആളുകൾ സ്വമേധയാ ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതിനാൽ ആണ് വ്യവസ്ഥകളിലെ നിർബന്ധം അധികാരികൾ ലഘൂകരിച്ചത്. പക്ഷെ നിഷ്‌ഠയുള്ള ഉപവാസങ്ങൾ അനുഷ്‌ഠിക്കുന്നതിൽ നിന്നോ അത്തരം ആത്മീയത പ്രചരിപ്പിക്കുന്നതിൽ നിന്നോ ആരെയും സഭ തടയുന്നില്ല. പ്രോത്സാഹിപ്പിക്കുന്നുണ്ടുതാനും. അതായതു പന്ത് വിശ്വാസികളുടെ കോർട്ടിലേക്ക് നൽകി എന്ന് വേണമെങ്കിൽ സരസമായി പറയാം.

ജോസഫ് ദാസൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26