ലണ്ടന്‍: തന്റെ കാമുകിയുമായി പ്രണയത്തിലായ സഹ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ് വിധിച്ച് യുകെ കോടതി. 16 വയസുകാരനായ കെവിന് ബിജിക്കാണ് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. തന്റെ കാമുകിയുമായി പ്രണയത്തിലായ വിദ്യാര്‍ത്ഥിയെ സ്നാപ്പ് ചാറ്റിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കെവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. മലയാളി സമൂഹത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ വിധി ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ട് ആണ്‍കുട്ടികളും ഒരേ സ്കിസ്ത് ഫോം കോളജിലാണ് പഠിച്ചിരുന്നത്. ഇരുവരും ഒരേ പെണ്‍കുട്ടിയെ ഇഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. കെവിന് ബിജിയാണ് കാമുകിയുടെ പേരില്‍ സുഹൃത്തിന് മെസേജ് അയച്ചുവരുത്തിയത്.
ലിവര്‍പൂളിലെ എയ്ഗ്ബര്‍ത്തിലെ ഹെയില്‍ഷാം റോഡിന് സമീപം ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചു. സൈക്കിളില്‍ സഹപാഠി എത്തിയ ഉടനെ കെവിന് ബിജി വെട്ടുകത്തിയെടുത്തി ആണ്‍കുട്ടിക്ക് മേല്‍ കുത്തുകയായിരുന്നു.
ഇരയായ ആണ്‍കുട്ടി തന്റെ ബൈക്ക് ഉപയോഗിച്ച് ചെറുത്തുനില്ക്കാന് ശ്രമിച്ചെങ്കിലും കുത്തേറ്റു. നെഞ്ചില്‍ രണ്ടുതവണ കുത്തേറ്റ ആണ്‍കുട്ടി എഴുന്നേറ്റ് തന്റെ സൈക്കിളില്‍ പ്രദേശത്തു നിന്ന് രക്ഷപ്പെട്ടു. ഐന്‍ട്രീ ഹോസ്പിറ്റലില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന് രക്ഷിച്ചത്.
പ്രായം കണക്കാക്കി സാധാരണ പ്രതിയുടെ പേരു മാധ്യമങ്ങള്‍ പുറത്തുവിടാറില്ല. എന്നാല്‍ കുറ്റകൃത്യത്തിന്റെ ആഴം കണക്കിലെടുത്ത് ജഡ്ജി തന്നെയാണ് പ്രതിയുടെ പേര് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നല്കാന് ഉത്തരവിട്ടത്. ഇത് ബോധപൂര്‍വ്വം ആസൂത്രണം നടത്തിയുള്ള കൊലപാതകമെന്ന് കോടതി വിലയിരുത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് ഇരയ്ക്ക് ജീവന് തിരിച്ചുകിട്ടിയത്.
2022ല്‍ 14 വയസുള്ളപ്പോള്‍ പ്രതി ഇത്തരത്തില്‍ മറ്റൊരു ആക്രമണ സംഭവത്തില്‍ ഉള്‍പ്പെട്ടതായി കോടതി കണ്ടെത്തി. അതിനാലാണ് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.