കത്തീഡ്രലിലെ ഗായകസംഘം
മെൽബൺ: മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ കൂദാശയ്ക്ക് ഇനി ഒരു രാവിന്റെ ദൈർഘ്യം മാത്രം. നാളെ (ശനിയാഴ്ച) രാവിലെ ഒമ്പതിന് ആരംഭിക്കുന്ന കൂദാശാ തിരുക്കർമങ്ങൾക്ക് പ്രാർത്ഥനാ ഗാനങ്ങൾ ആലപിക്കുന്നത് 40 ഓളം പേരുടെ സംഘമാണ്.
കൂദാശകർമ്മങ്ങളിലെ ഗാനങ്ങൾ മനോഹരമായി ആലപിച്ച് ചടങ്ങുകൾ ഏറ്റവും ഹൃദ്യമാക്കാൻ കഠിന പരിശ്രമത്തിലാണ് കത്തീഡ്രൽ ഗായകസംഘം.
കത്തീഡ്രൽ ഇടവകയിലെ ക്വയർ കോർഡിനേറ്റർമാരായ മോറിസ് പള്ളത്ത്, സുബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 31 ഓളം ഗായകരും പോൾ ആന്റണിയുടെ നേതൃത്വത്തിൽ വിവിധ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന ഒൻപത് പേരുമാണ് ഗായക സംഘത്തിലുള്ളത്.
പോൾ ആന്റണി (കീബോർഡ്), അലൻ ജോസ് (കീബോർഡ്), ലിയാൻ സെബാസ്റ്റ്യൻ (വയലിൻ), തോമസ് പി.ഡി. (ലീഡ് ഗിറ്റാർ), കെയ്ൽ (ലീഡ് ഗിറ്റാർ), റിലിഷ് (ബേസ് ഗിറ്റാർ), ജിബിൻ ആന്റണി (റിഥംപാഡ്), ഷിജോയ് ജോസഫ് (പെർക്കഷൻ പാഡ്), പോൾ സെബാസ്റ്റ്യൻ (തബല) എന്നിവരാണ് വിവിധ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്.
കത്തീഡ്രൽ കൂദാശക്ക് തൃശൂരിൽ നിന്നും അതിഥിയായി ഗായകസംഘത്തോടൊപ്പം ചേരുന്നത് 34 വർഷത്തോളം ആകാശവാണി തൃശൂർ നിലയത്തിൽ പ്രവർത്തിച്ച് വിരമിച്ച തോമസ് പി.ഡി. മാഷാണ്. നിലവിൽ പ്രശസ്തമായ തൃശൂർ കലാസദൻ മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലാണ്.
പി.ഡി തോമസ് മാഷ്
2015ൽ ഗിറ്റാറിൽ കേന്ദ്ര സർക്കാരിന്റെ എ ഗ്രേഡ് പദവിയും 2019 ൽ ലൈറ്റ് മ്യുസിക് കംമ്പോസർ ടോപ് ഗ്രേഡ് പദവിയും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി തൃശൂർ കലാസദൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗിറ്റാറിസ്റ്റും മ്യുസിക് കംമ്പോസറുമാണ്.
വിശുദ്ധ കുർബാനയിൽ ഉപയോഗിക്കാൻ സിറോ മലബാർ സഭ ലിറ്റർജിക്കൽ കമ്മീഷന്റെ അംഗീകാരത്തോടെ തൃശൂർ അതിരൂപത തയ്യാറാക്കിയ പുതിയ ട്യുണിന് സംഗീതസംവിധാനം നിർവ്വഹിച്ചത് തൃശൂർഅതിരൂപതയിലെ വിയ്യൂർ നിത്യസഹായമാത ഇടവകാംഗമായ തോമസ് മാഷാണ്.
ഡോ. കെ.ജെ. യേശുദാസ്, പി.ജയചന്ദ്രൻ, എസ്.ജാനകി, എസ്.പി. ബാലസുബ്രമണ്യം, പി.സുശീല, കെ.എസ്.ചിത്ര എന്നിവരുടെ കൂടെ വിവിധ രാജ്യങ്ങളിൽ നിരവധി വേദികളിൽ ഗിറ്റാർ വായിച്ചിട്ടുള്ള തോമസ് മാഷ് പ്രശസ്ത സംഗീത സംവിധായകരായ കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, എം.കെ. അർജ്ജുനൻ, ജോൺസൺ, രവീന്ദ്രൻ, എം.ജി. രാധാകൃഷ്ണൻ എന്നിവരുടെ റിക്കോർഡിങ്ങ് ആർട്ടിസ്റ്റായിരുന്നു.
പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കേരള സന്ദർശനവേളയിൽ വിശുദ്ധ കുർബാനയുടെ ക്വയറിന് നേതൃത്വം നല്കിയതും തോമസ് പി.ഡി.മാഷാണ്.
ഓസ്‌ട്രേലിയയിലെ കാൻബറയിലും ടൗൺസ്‌വില്ലിലും താമസിക്കുന്ന മക്കളുടെ അടുത്ത് സന്ദർശനത്തിന് വന്നിരിക്കുന്ന തോമസ് മാഷ് വെള്ളിയാഴ്ച മെൽബണിലെത്തി കത്തീഡ്രൽ ഗായകസംഘത്തോടൊപ്പം ചേരും.
മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രലിന്റെ കൂദാശകർമ്മത്തിൽ പങ്കെടുക്കാനും ഗായകസംഘത്തിന്റെ ഭാഗമാകാനും കഴിയുന്നത് ദൈവാനുഗ്രഹമായി കരുതുന്നുവെന്ന് തോമസ് പി.ഡി. മാഷ് പറഞ്ഞു.
തയാറാക്കിയത്:
പോൾ സെബാസ്റ്റ്യൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.