വത്തിക്കാൻ സിറ്റി: സഭാചരിത്ര പഠന മേഖലയിൽ ആഴത്തിലുള്ള നവീകരണത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ. ജ്ഞാനത്തോടും വിശ്വാസത്തോടും കൂടി വർത്തമാനകാലത്തിൽ സഞ്ചരിക്കണമെങ്കിൽ, സംഘാതമായ ഓർമ്മ, അനുരഞ്ജനം, പ്രാഥമിക ഉറവിടങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം എന്നീ കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ടെന്നും മാർപാപ്പ വ്യക്തമാക്കുന്നു.
നവംബർ 21-ന് നൽകിയ തുറന്ന കത്തിലൂടെയാണ് സഭാചരിത്ര പഠനം ഗൗരവമായി എടുക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി സെമിനാരി വിദ്യാർഥികളെയും വൈദികരെയും വിശ്വാസികളെയും മാർപാപ്പ ഓർമിപ്പിച്ചത്. സഭാചരിത്ര പഠനം നമ്മുടെ ദൈനംദിന ജീവിതത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റിയും പാപ്പാ കത്തിൽ എടുത്തുപറയുന്നുണ്ട്.
കാലഗണനാക്രമത്തിൽ ഓരോ സംഭവങ്ങളും അവയുടെ തീയതികളും ഓർത്തിരിക്കാൻ സഹായിക്കുക എന്നതിനേക്കാളപ്പുറം, സഭാചരിത്രമെന്നത് നമുക്കു ലഭിച്ചിരിക്കുന്ന വിലയേറിയ ഒരു പൈതൃകസമ്പത്തുകൂടിയാണ്. സഭയുടെ കൂട്ടായ മനസാക്ഷിയുടെ ജ്വാലയെ അത് സജീവമായി നിലനിർത്തുന്നു. നൂറ്റാണ്ടുകളായുള്ള സഭയുടെ ജീവിതാനുഭവത്തിൽ വേരൂന്നി, വ്യക്തമായ കാഴ്ചപ്പാടുകളോടെ വർത്തമാനകാലത്തിൽ സഞ്ചരിക്കാൻ സഭാചരിത്ര പഠനത്തിലൂടെ വിശ്വാസികൾക്ക് കഴിയുമെന്ന് മാർപാപ്പ വിശദീകരിച്ചു.
ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് ചരിത്രത്തിന്റെ അപനിർമ്മിതി. ഇത് അന്ധതയുടെ മറ്റൊരു രൂപമാണ്. നിലവിലില്ലാത്ത ഒരു ലോകത്തിനു വേണ്ടി നമ്മുടെ ഊർജ്ജം പാഴാക്കിക്കളയാനും അവാസ്തവമായ പ്രശ്നങ്ങൾ ഉയർത്തി, അപര്യാപ്തമായ പരിഹാരങ്ങളിലേക്ക് ഗതി തിരിച്ചുവിടാനും ഇത് ഇടവരുത്തുന്നു.
സഭയും അവളുടെ അപൂർണതകളും
സഭയെ ആദർശവൽക്കരിക്കുകയും മാനുഷികതമൂലം അവൾക്ക് വന്നുപോയിട്ടുള്ള കുറവുകളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുന്നതിനെതിരെ മാർപാപ്പ മുന്നറിയിപ്പു നൽകി. സഭയോടുള്ള യഥാർത്ഥ സ്നേഹം, സാങ്കൽപികമായ പരിപൂർണതയിലല്ല മറിച്ച്, അവളുടെ ആധികാരികതയിൽ വേരൂന്നിയുള്ളതായിരിക്കണം.
സഭയെ അവൾ ആയിരിക്കുന്നതുപോലെ സ്നേഹിച്ചാൽ, അവളുടെ പരാജയങ്ങളിൽ നിന്ന് പഠിക്കാനുള്ള കരുത്ത് നമുക്ക് നേടാനാകും. അഗാധമായ സ്വത്വബോധമുള്ള ഒരു സഭയ്ക്കാണ്, അവളുടെ ഇരുണ്ട നിമിഷങ്ങളിൽപോലും അപൂർണവും മുറിവേറ്റതുമായ ഒരു ലോകത്തെ മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വയം സുഖപ്പെടുത്താനും നവീകരിക്കാനും അവൾ അവലംബിക്കുന്ന മാർഗങ്ങൾ തന്നെയാണ് ലോകത്തെ സുഖപ്പെടുത്താനും അവൾ ഉപയോഗിക്കുന്നത്. എപ്പോഴും ഇത് വിജയിക്കണമെന്നുമില്ല - മാർപാപ്പ ചൂണ്ടിക്കാട്ടി.
ഓർമ്മകളും അനുരഞ്ജനവും
സഭയിലും സമൂഹത്തിലും ചരിത്രം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് മാർപാപ്പ തുടർന്നു പറയുന്നത്. വർത്തമാനകാല പ്രത്യയശാസ്ത്രങ്ങളെ ന്യായീകരിക്കാനായി ഭൂതകാലത്തെ വളച്ചൊടിക്കുന്ന 'റദ്ദാക്കൽ' സംസ്കാരത്തിനും പക്ഷപാതപരമായ ചരിത്ര ആഖ്യാനങ്ങൾക്കുമെതിരെ പാപ്പാ മുന്നറിയിപ്പു നൽകി. പകരം, മാനവരാശിയുടെ ഇരുണ്ട അധ്യായങ്ങളും അസാധാരണമായ കൃപയുടെ നിമിഷങ്ങളും തിരിച്ചറിഞ്ഞുകൊണ്ടുള്ള സന്തുലിതമായ ഒരു സമീപനമാണ് ചരിത്രത്തെപ്പറ്റി നമുക്കുണ്ടാകേണ്ടത്. ഓർമകൾ പുരോഗതിക്ക് ഒരിക്കലും തടസമാകുന്നില്ല മറിച്ച്, നീതിയുടെയും സാഹോദര്യത്തിന്റെയും അടിസ്ഥാനമാണ് അവയെന്ന് മാർപാപ്പ ഊന്നിപ്പറഞ്ഞു.
ചരിത്ര പഠനങ്ങളുടെ നവീകരണം
ചരിത്ര പഠനത്തിൽ നവീകരണം ആവശ്യമുള്ള നിരവധി മേഖലകളെ ഫ്രാൻസിസ് പാപ്പാ തൻ്റെ കത്തിൽ പരാമർശിക്കുന്നുണ്ട്. സഭാചരിത്രത്തെ, കേവലം കാലഗണനക്ക് അനുസരിച്ചുള്ള വസ്തുതകളായി ചുരുക്കുന്നതിനെ മാർപാപ്പ വിമർശിക്കുന്നു. പകരം, അതീവ ശ്രദ്ധയോടെയും കൂട്ടായ താൽപര്യത്തോടെയുമുള്ള ഒരു പഠനമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്.
പ്രാഥമിക ഉറവിടങ്ങളുടെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്ന മാർപാപ്പ, ആദ്യകാല ക്രിസ്തീയ രചനകളെ ആഴത്തിൽ അടുത്തറിയണമെന്ന് സെമിനാരി വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നു. ചരിത്രത്തോടുള്ള ഒരു അഭിനിവേശം വ്യക്തിപരമായ തലത്തിലും കൂട്ടായ തലത്തിലും നമുക്കുണ്ടാകണം. സുവിശേഷവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള അതേ പ്രതിബദ്ധത തന്നെയാണ് ഇക്കാര്യത്തിലും നമുക്കുണ്ടാകേണ്ടത്.
രക്തസാക്ഷിത്വം
സഭാചരിത്രത്തിൽ രക്തസാക്ഷിത്വത്തിനുള്ള കേന്ദ്രസ്ഥാനത്തെക്കുറിച്ചാണ് കത്തിൻ്റെ അവസാനഭാഗത്ത് പാപ്പാ പ്രതിപാദിച്ചിരിക്കുന്നത്. പീഡനങ്ങളുടെയും സഹനങ്ങളുടെയും വേളകളിലാണ് സഭയുടെ സൗന്ദര്യം ഏറ്റവും അധികം പ്രശോഭിച്ചിട്ടുള്ളതെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഓർമിപ്പിക്കുന്നു. 'ശത്രുക്കളുടെയും പീഡകരുടെയും എതിർപ്പുകളിൽ നിന്ന് അവൾ തീർച്ചയായും പ്രയോജനം നേടിയിട്ടുണ്ട്. ഇപ്പോഴും നേടുന്നുണ്ട്' - പാപ്പാ വിശദീകരിക്കുന്നു.
ചരിത്ര പഠനം, 'അപവാദങ്ങൾ കണ്ടെത്തുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും' വേണ്ടിയുള്ളതാകരുത്. ആഴമായി ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവും ഉപഭോഗ സംസ്കാരത്തെ ചെറുക്കാനുള്ള ധൈര്യവുമാണ് ഒരു യഥാർത്ഥ ചരിത്രപഠിതാവിന് അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.