ലണ്ടന്‍: പാകിസ്ഥാനില്‍ മതപീഡനങ്ങള്‍ക്ക് വിധേയരാകുന്ന ക്രൈസ്തവര്‍ക്കായി പോരാടുന്ന യുവതിക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ (എസിഎന്‍) 'കറേജ് ടു ബി ക്രിസ്ത്യന്‍ അവാര്‍ഡ്'. പാകിസ്ഥാനിലെ റിബ്ക നെവാഷ് എന്ന യുവതിയാണ് അവാര്‍ഡിന് അര്‍ഹയായത്.
ക്രൈസ്തവരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കുന്നതിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ അസാമാന്യ തീക്ഷ്ണത കാണിക്കുകയും ക്രൈസ്തവരോടുള്ള അനീതിയ്‌ക്കെതിരെ ശക്തമായി പോരാടുകയും ചെയ്യുന്ന റിബ്കയുടെ ധീരതയാര്‍ന്ന നിലപാട് കണക്കിലെടുത്താണ് 'കറേജ് ടു ബി ക്രിസ്ത്യന്‍ അവാര്‍ഡ്' നല്‍കുന്നതെന്ന് എസിഎന്‍ വ്യക്തമാക്കി.
ഇരുപത്തിനാല് വയസ് മാത്രം പ്രായമുള്ള റിബ്ക നെവാഷ് പാക്കിസ്ഥാനിലെ ക്രൈസ്തവ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ദയനീയാവസ്ഥയെക്കുറിച്ച് തുറന്നു പറയുകയും തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന അനീതിയ്‌ക്കെതിരെ ശക്തമായി സ്വരമുയര്‍ത്തുകയും ചെയ്തിരുന്നു.
അക്രമാസക്തമായ പീഡനങ്ങളെ അതിജീവിച്ചവരെ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും അവരുടെ ശബ്ദമായി മാറാനും റിബ്ക നെവാഷ് തന്റെ യൗവനം മാറ്റി വച്ചു. 2023 ഓഗസ്റ്റില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജരന്‍വാലയില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ക്രൈസ്തവര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോരാട്ടങ്ങള്‍ അവര്‍ നടത്തി.
പാകിസ്ഥാനിലെ പീഡിത സഭയ്ക്ക് വേണ്ടി വാദിക്കുന്ന അസാധാരണമായ ശക്തിയും ധൈര്യവും നിശ്ചയദാര്‍ഢ്യവും പരിഗണിച്ച് റിബ്ഖയ്ക്ക് അവാര്‍ഡ് നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസിഎന്‍ യുകെയിലെ ദേശീയ ഡയറക്ടര്‍ ഡോ. കരോലിന്‍ ഹള്‍ പറഞ്ഞു.
2024 ലെ ക്രിസ്ത്യന്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ ബഹുമാനവും നന്ദിയും അറിയിക്കുന്നുവെന്നും പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും റിബ്ക നെവാഷ് പ്രതികരിച്ചു.
പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകം അനുസ്മരിക്കുന്ന റെഡ് വെനസ്‌ഡേ ആചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ലണ്ടനിലെ ബ്രോംപ്ടണ്‍ ഓറട്ടറിയില്‍ വച്ച് റിബ്ക നെവാഷിന് അവാര്‍ഡ് സമ്മാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26