കേരളം ഇന്ത്യയ്ക്ക് പുറത്താണോ? വയനാട്ടില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരളം ഇന്ത്യയ്ക്ക് പുറത്താണോ? വയനാട്ടില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കണ്ണൂര്‍: വയനാട് ദുരന്തത്തില്‍ ധനസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇന്ത്യയ്ക്ക് പുറത്താണോയെന്നും അദേഹം ചോദിച്ചു. സഹായം ഒരു പ്രത്യേക കണ്ണില്‍ മാത്രം കൊടുത്താല്‍ പോര. ആന്ധ്രയിലും ബിഹാറിലും അസമിലും ഗുജറാത്തിലും കേന്ദ്രം സഹായം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിദിന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചൂരല്‍ മല ദുരന്തം അതിതീവ്ര ദുരന്തം ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രം തയ്യാറായില്ല. പ്രളയത്തിലും പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ല. സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ എത്തി വീണ്ടും സഹായം ചോദിച്ചു. ദുരന്ത നിവാരണ നിധിയില്‍ നിന്നും പണം എടുക്കാമെന്നാണ് പറയുന്നത്. അത് എടുത്താല്‍ കേന്ദ്രം തിരികെ തരും എന്നാണ് എല്ലാവരും പറയുന്നത്. അത് ഉപയോഗിക്കണം എങ്കില്‍ മാനദണ്ഡം ഉണ്ട്. അതിന് കേന്ദ്രം പണം തിരികെ തരാന്‍ വ്യവസ്ഥ ഇല്ല.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയപ്പോള്‍ കേരളത്തിന് ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്. പുനരധിവാസത്തിനും കേന്ദ്ര പിന്തുണ വേണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരിധിവാസ പദ്ധതി അത് പോലെ നടപ്പാക്കും. സ്ഥലം ഏറ്റെടുപ്പിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദേഹം പറഞ്ഞു.

കേരളത്തിന് കേന്ദ്ര ദുരന്ത നിവാരണ നിധിയില്‍ നിന്ന് 154 കോടി രൂപ അനുവദിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. അതേസമയം പ്രത്യേക പാക്കേജ് അനുവദിക്കുമ്പോള്‍ എത്ര രൂപയായിരിക്കും വയനാടിന് അനുവദിക്കുകയെന്നോ എത്ര ദിവസത്തിനകം നല്‍കുമെന്നോ വ്യക്തമല്ല. വയനാട് ദുരന്ത നിവാരണത്തിനായി 2000 കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.