അജപാലകന്റെ ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യങ്ങള്‍; ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

അജപാലകന്റെ ഹൃദയസ്പര്‍ശിയായ അനുഭവസാക്ഷ്യങ്ങള്‍; ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം 'അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി' പ്രകാശനം ചെയ്തു. ചിക്കാഗോയില്‍ നടന്ന സിറോ മലബാര്‍ എപ്പാര്‍ക്കിയല്‍ അസംബ്ലിയിയുടെ സമാപന സമ്മേളത്തില്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, സിറോ മലങ്കര രൂപത ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്റ്റീഫനോസിന് ആദ്യ പ്രതി നല്‍കിയാണ് പ്രകാശനം ചെയ്തത്.

ഫാ ജോര്‍ജ് ദാനവേലില്‍ ആണ് പുസ്തകത്തിന്റെ എഡിറ്റര്‍. അവതാരിക എഴുതിയിരിക്കുന്നത് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ടാണ്. അപ്പന്റെ വേര്‍പാടിനെ തുടര്‍ന്ന് കുട്ടിക്കാലത്തുണ്ടായ ശൂന്യത, കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍, കുടുംബ ബന്ധങ്ങളുടെ ദൃഢത, സഹോദര സ്‌നേഹത്തിന്റ ഇഴയടുപ്പം, ജേഷ്ടന്റെ ത്യാഗം എല്ലാം ഹൃദയസ്പര്‍ശിയായി കുറിച്ചിട്ടിരുന്നു.

കൂത്താട്ടുകുളത്തിനടുത്തുള്ള ഇലഞ്ഞി പഞ്ചായത്തും പെരിയപ്പുറം ഗ്രാമവും അവിടുത്തെ കൃഷി രീതികളും നാട്ടിന്‍പുറത്തെ പള്ളിക്കൂടങ്ങളും മത സഹോദര്യവുമെല്ലാം ആദ്യ അധ്യായങ്ങളില്‍ വിവരിക്കുന്നതിലൂടെ അക്കാലത്തെ ഗ്രാമീണ വിശുദ്ധി പുതുതലമുറയ്ക്ക് മനസിലാക്കാന്‍ സാധിക്കും.

അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്തത് കൊണ്ടാണ് വൈദികരെ കൂടുതലായി മനസിലാക്കാന്‍ സാധിച്ചതും സെമിനാരിയില്‍ ചേരണമെന്നുമുള്ള ആഗ്രഹം മനസില്‍ ഉണ്ടാകുന്നതും. പത്താം ക്ലാസിനു ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്. എല്ലാവര്‍ക്കും സന്തോഷം, അമ്മക്കുമാത്രം ഒരു നിബന്ധന: രൂപതാ പട്ടക്കാരന്‍ ആയാല്‍ മതി! അതാകുമ്പോള്‍ മകനെ ഇടയ്‌ക്കൊക്കെ കാണാമല്ലോ!.

അള്‍ത്താര ബാലനായി ശുശ്രുഷ ചെയ്യുന്നതിനെപ്പറ്റി പറയുമ്പോള്‍, മതബോധനത്തിന്റെ കാര്യത്തില്‍ അക്കാലത്തെ ഇടവക വികാരിമാര്‍ എത്രമാത്രം കാര്‍ക്കശ്യക്കാര്‍ ആയിരുന്നുവെന്ന് ഇപ്പോഴത്തെ തലമുറയ്ക്ക് അശ്ച്യര്യത്തോടെ മാത്രമേ കാണാന്‍ കഴിയൂ!

'ചേട്ടന്‍ ആന്‍ഡ്രൂ, എനിക്കുള്ള പായും തലയിണയും എടുത്തു. ഒരു ചുമട്ടുകാരന്‍ പെട്ടിയും. ചിറ്റപ്പന്‍ മുന്നേ നടന്നു, പുറകെ ആന്‍ഡ്രൂ, ഏറ്റം പിന്നില്‍ ഞാനും'. സെമിനാരിയിലേക്കുള്ള ആദ്യ യാത്ര മനോഹരമായി വര്‍ണിച്ചിരിക്കുന്നു.

'എന്റെ മൂത്തചേട്ടന്‍ എനിക്ക് പിതാവിന്റെ സ്ഥാനത്താണ്. അപ്പന്‍ മരിക്കുമ്പോള്‍ എനിക്ക് മൂന്നു വയസും ചേട്ടന് പതിനാറോ പതിനേഴോ വയസുമാണ് പ്രായം. ആ ചേട്ടനാണ് പഠിപ്പുപോലും തല്‍ക്കാലം വേണ്ടന്നുവച്ചു ഞങ്ങളെ വളര്‍ത്തിയത്'. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ചേട്ടന്റെ ത്യാഗത്തെ നന്ദിപൂര്‍വം സ്മരിക്കുന്ന അനിയന്റെ വാക്കുകള്‍ വായനക്കാരന്റെ മനസിനെയും ആര്‍ദ്രമാക്കും'

തുടര്‍ന്ന്, പാലാ സെന്റ് തോമസ് കോളജിലെ പ്രീ യൂണിവേസിറ്റി പഠനവും മൈനര്‍ സെമിനാരിയിലെ അക്കാലത്തെ ലളിത ജീവിതവും നിഷ്ഠകളും എല്ലാം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. കൂട്ടത്തില്‍ കോളജിലേയും സെമിനാരിയിലെയും പ്രഗത്ഭരായ അന്നത്തെ അധ്യാപകരെപ്പറ്റിയും അവരുടെ സ്‌നേഹവും കരുതലും ഒക്കെ വിശദമാക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനുശേഷം, പൗരോഹിത്യ സ്വീകരണം അടുത്തുവരുമ്പോള്‍ ഉണ്ടാകുന്ന മാനസിക വെല്ലുവിളികളെ ഈ പുസ്തകം നന്നായി പ്രതിപാദിക്കുന്നു. 'ചുഴിയില്‍ പെട്ട് ശ്വാസത്തിനായി പിടയുന്നതുപോലെ തീവ്രമായ ദിവസങ്ങള്‍ ആയിരുന്നു'. ഈ വാക്കുകള്‍ മതി ആ മാനസിക സംഘര്‍ഷങ്ങള്‍ മനസിലാക്കാന്‍!

പാലാ-ളാലം പഴയ പള്ളിയില്‍ വയലില്‍ പിതാവില്‍ നിന്നുമാണ് തിരുപ്പട്ടം സ്വീകരിച്ചത്. ആദ്യ നിയമനം അസിസ്റ്റന്റ് വികാരിയായി കുടുക്കച്ചിറ സെന്റ് ജോസഫ് ദേവാലയത്തില്‍. പിന്നെ അരുവിത്തുറ പള്ളിയില്‍. വികാരിയായി ആദ്യ നിയമനം അമ്പാറനിരപ്പേല്‍ പള്ളിയില്‍. തുടര്‍ന്ന് പാലാ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായും സേവനം ചെയ്തു.

കുടുക്കച്ചിറ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്യുന്ന കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഫാ. ജേക്കബ് അങ്ങാടിയത്ത് നേതൃത്വം നല്‍കിയതും സമരം ഫലം കണ്ടതും പുസ്തകത്തില്‍ പറയുന്നുണ്ട്. പിതാവിന്റെ നിശ്ചയദാര്‍ഢ്യത്തിന് ഉത്തമ ഉദാഹരണമാണിത്. പില്‍ക്കാലത്ത് അമേരിക്കയില്‍ സഭ കെട്ടിപ്പടുക്കുന്നതിലുണ്ടായ വെല്ലുവിളികളെ നേരിട്ടതും ഈ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നു നിസംശയം നമ്മുക്ക് പറയാം.

പാലാ മൈനര്‍ സെമിനാരിയില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അവസരത്തിലാണ്, അപ്രതീക്ഷിതമായി പള്ളിക്കാപറമ്പില്‍ പിതാവിന്റെ ഫോണ്‍ കോള്‍ വരുന്നത്.. 'ഒന്ന് നേരില്‍ കാണണം'. ജീവിതത്തിലെ മറ്റൊരു അദ്ധ്യായം അവിടെ തുറക്കുകയായിരുന്നു. അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ക്കായി അവിടേക്കു പോകാമോ എന്നാണ് പള്ളിക്കാപറമ്പില്‍ പിതാവ് നേരിട്ട് ചോദിച്ചത്!

'പോകണമെന്നോ പോകുന്നില്ല എന്നോ ഞാന്‍ പറയുന്നില്ല, പിതാവ് പറഞ്ഞാല്‍ പോകും'. പക്ഷേ അമ്മയ്ക്ക് മകന്‍ നാടുവിട്ടു പോകുന്നതിനോടു താല്‍പര്യം ഇല്ലായിരുന്നു. നാട്ടില്‍ ആണെങ്കില്‍ കൂടെ കൂടെ കാണണമല്ലോ. അതുപോലെ മരണ സമയത്തും മകന്‍ കൂടെ തന്നെ കാണും. അമ്മക്ക് മകനോടുള്ള വാത്സല്യം വെളിവാക്കുന്ന വാക്കുകള്‍. 'പിതാവ് പറഞ്ഞാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ അമ്മേ'. അനുസരണയല്ലേ ബലിയെക്കാള്‍ ശ്രേഷ്ഠം.

അങ്ങനെ എല്ലാവരുടെയും അനുഗ്രഹാശിസുകള്‍ ഏറ്റുവാങ്ങി, 1984 മാര്‍ച്ച് 20-ന് ഫാ. ജേക്കബ് അങ്ങാടിയത്ത് അമേരിക്കയിലേക്ക് വിമാനം കയറി. തുടര്‍ന്ന് ഡാലസില്‍ എത്തി. ഒന്നും ഇല്ലായ്മയില്‍നിന്നും അമ്പതില്‍പ്പരം ഇടവകകളും മുപ്പത്തഞ്ചില്‍ അധികം മിഷനുകളും ഒക്കെയുള്ള വലിയൊരു സിറോ മലബാര്‍ രൂപത, അതും ഇന്ത്യക്കു പുറത്തുള്ള ആദ്യ രൂപത, ഇന്നു കാണുന്ന രീതിയില്‍ കെട്ടിപ്പടുക്കാനുണ്ടായ കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടേയും കണ്ണീര്‍ ചിന്തിയ പ്രാര്‍ത്ഥനകളുടേയും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മക്കുറിപ്പുകള്‍.

അമേരിക്കയിലെ ആദ്യ ഈസ്റ്ററിനെപ്പറ്റി പിതാവ് ഇങ്ങനെ ഓര്‍ത്തെടുക്കുന്നു: 'ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. എനിക്ക് മാത്രം എവിടെയും പോകാനില്ല. ആരുമായും അടുപ്പം ഒന്നും ഉണ്ടായിട്ടില്ല. അമ്പത് ദിവസത്തെ നോമ്പിന് ശേഷം കഴിക്കാന്‍ ഒന്നുമില്ല. അറിയാതെ അമ്മയെയും കൂടപ്പിറപ്പുകളെയും ഓര്‍ത്തു. ഏകാന്തതയിലുള്ള ഈസ്റ്റര്‍... ഓര്‍ക്കുംതോറും കണ്ണുനിറഞ്ഞു വന്നു... പിന്നെ സങ്കടം പൊട്ടിക്കരച്ചിലായി'. പിതാവിന്റെ സങ്കടം വായനക്കാരന്റെയും കണ്ണ് നിറക്കുന്നു. ഇതൊക്കെ പുതു തലമുറയ്ക്ക് അത്ഭുതമായി തോന്നിയേക്കാം!

ഒന്നും ഇല്ലായ്മയില്‍നിന്നുള്ള തുടക്കം, തുടര്‍ന്ന് ക്രമേണയുള്ള വളര്‍ച്ച. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ചെറിയ സിറോ മലബാര്‍ കൂട്ടായ്മകള്‍ രൂപപ്പെട്ടു തുടങ്ങുന്നു. അമേരിക്കന്‍ പള്ളികളില്‍ ശുശൂഷ ചെയ്തുകൊണ്ടിരുന്ന വൈദികരെ കണ്ടുപിടിച്ചു ഞായറാഴ്ചകളില്‍ സിറോ മലബാര്‍ ആരാധനാക്രമത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ തുടങ്ങുന്നു.

തുടര്‍ന്ന്, അമേരിക്കയില്‍ സിറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്‌കോട്ട് ബിഷപ്പായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെമ്പ്രായലിനെ 1996 ല്‍ മാര്‍പാപ്പ അമേരിക്കയ്ക്കു അയക്കുന്നു. ഗ്രിഗറി പിതാവ് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും സിറോ മലബാര്‍ വിശ്വാസികളോട് ആശയമിനിമയം നടത്തുകയും ചെയ്തു. അതേത്തുടര്‍ന്ന് ഒരു സിറോ മലബാര്‍ രൂപത വേണമെന്ന വിശ്വാസികളുടെ ആവശ്യം ന്യായമാണെന്ന് ഗ്രിഗറി പിതാവ് റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു.

1997 ല്‍ ഫാ. ജേക്കബ് അങ്ങാടിയത്ത് ഡാലസിലെ പത്താം പിയുസ് ദേവാലയത്തില്‍ നിന്നും ഗാര്‍ലന്റിലെ സെന്റ് മൈക്കിള്‍ ദേവാലയത്തിലേക്കു സ്ഥലം മാറ്റപ്പെടുന്നു. രണ്ടു വര്‍ഷം അവിടെ സേവനം ചെയ്യുന്നു. അവിടെനിന്നുമാണ് 1999 ജൂണ്‍ 30 ന് ചിക്കാഗോയിലേക്ക് വരുന്നത്.

ആദ്യകാലത്തു ഇടവകകളില്‍ കൈക്കാരന്‍മ്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുമൊക്കെ ആകാനുള്ള വിശ്വാസികളുടെ താല്‍പ്പര്യവും മത്സരവുമൊക്കെ പിതാവിന്റെ ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

സിറോ മലബാര്‍ രൂപത നിലവില്‍വന്നതിനെപ്പറ്റിയും, പ്രഥമ മെത്രാനായി ഉയര്‍ത്തപ്പെട്ടതിനെക്കുറിച്ചും ഈ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. ചിക്കാഗോയില്‍ ശുശ്രുഷചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ചിക്കാഗോയിലെ കര്‍ദിനാളിന്റെ ഫോണ്‍ കോള്‍ വരുന്നത്:

'അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയെ നേരിട്ട് വിളിക്കണം'. അതനുസരിച്ചു ന്യൂണ്‍ഷ്യോയെ വിളിക്കുന്നു. 'സിറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത തുടങ്ങാനുള്ള അനുവാദം പരിശുദ്ധ പിതാവ് തന്നിട്ടുണ്ട്. രൂപതയുടെ പ്രഥമ മെത്രാനായി താങ്കളെ നിയമിക്കാനാണ് മാര്‍പാപ്പയുടെ തീരുമാനം. സ്വീകരിക്കുന്നോ ?'

'ആലോചിക്കാന്‍ സമയം തരണം' എന്നതായിരുന്നു ആദ്യ മറുപടി. നേരെ പോയത് പ്രാര്‍ഥിക്കാന്‍ .. പ്രാര്‍ഥനകള്‍ക്കൊടുവില്‍ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയ മറുപടി പിറ്റേ ദിവസം ന്യൂണ്‍ഷ്യോയെ അറിയിക്കുന്നു.

അങ്ങനെ അമേരിക്കയിലെ സിറോ മലബാര്‍ രൂപത നിലവില്‍ വന്നു. പ്രഥമ മെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിക്കപ്പെട്ടു. 2001 ജൂലൈ ഒന്നിന് രൂപത ഉദ്ഘാടനം ചെയ്തു. അന്നേദിവസം തന്നെ മാര്‍ അങ്ങാടിയത്തിന്റെ മെത്രാഭിഷേകവും നടന്നു.

തുടര്‍ന്നുള്ള അധ്യായങ്ങളില്‍ രൂപതയുടെ ബാലാരിഷ്ടതകളും പ്രതിസന്ധികളും ക്രമേണയുള്ള വളര്‍ച്ചയും പിതാവിനെ വേട്ടയാടിയ രോഗത്തെപ്പറ്റിയുമൊക്കെ വിശദമായിത്തന്നെ പറയുന്നുണ്ട്.
മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ബാല്യം, കൗമാരം, സെമിനാരി പഠനം, ഇടവക ഭരണം, അമേരിക്കന്‍ ദൗത്യം, ആദ്യകാല വൈദികര്‍, വെല്ലുവിളകള്‍, ചിക്കാഗോ രൂപത രൂപീകരണം , തുടങ്ങി വിവിധ മേഖലകളെപ്പറ്റി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മാര്‍ അങ്ങാടിത്തിന്റെ ജീവചരിത്രത്തോടൊപ്പം ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ ചരിത്രവും ഇതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു എന്നതും ഈ ജീവചരിത്രത്തെ വേറിട്ടതാക്കുന്നു.

തയാറാക്കിയത്:

ഷോളി കുമ്പിളുവേലി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.