ഷിന്‍ഡെ നാട്ടിലേക്ക് മടങ്ങി; മഹായുതി യോഗം റദ്ദാക്കി; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം വൈകുന്നു

ഷിന്‍ഡെ നാട്ടിലേക്ക് മടങ്ങി;  മഹായുതി യോഗം റദ്ദാക്കി; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം വൈകുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ റദ്ദാക്കി.

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ഷിന്‍ഡെയുടെ പെട്ടെന്നുള്ള യാത്രയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മഹാരാഷ്ട്രയില്‍ ഭരണപരമായ അനിശ്ചിതത്വം തുടരുകയാണ്

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം മുംബൈയില്‍ മടങ്ങിയെത്തിയ നേതാക്കള്‍ ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനിച്ചിരുന്നു.

ഷിന്‍ഡെ നാട്ടില്‍ നിന്നും മടങ്ങി വന്നശേഷം ഞായറാഴ്ചയോടെ മാത്രമേ ഇനി മഹായുതി സഖ്യ നേതാക്കളുടെ ചര്‍ച്ച നടക്കൂ. ഡല്‍ഹിയില്‍ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ചര്‍ച്ചകള്‍ പോസിറ്റീവ് ആണെന്നും മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും മോഡിയും അമിത് ഷായും തീരുമാനം കൈക്കൊള്ളുമെന്നും ഷിന്‍ഡെ അഭിപ്രായപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പദം വിട്ടു കൊടുക്കുന്നതിന് പകരമായി, ഉപമുഖ്യമന്ത്രി പദം മകന്‍ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് നല്‍കണമെന്ന ഷിന്‍ഡെയുടെ ആവശ്യം ബിജെപി നിരാകരിച്ചിരുന്നു. ആഭ്യന്തരം, നഗര വികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വേണമെന്നും ഷിന്‍ഡേ ശിവസേന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.