തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തെക്കന്‍ കേരളാ തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ചുഴലിക്കാറ്റായി മാറിയത്. ഈ വര്‍ഷം വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഫെന്‍ഗല്‍. ഇതിന്റെ സ്വാധീനത്തില്‍ വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും. തുടര്‍ന്ന് തമിഴ്‌നാട്, പോണ്ടിച്ചേരി മേഖലകളില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
കേരളതീരത്ത് 55 കിലോമീറ്റര്‍ വേഗത വരെ കാറ്റിന് ഉണ്ടായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് തീരങ്ങളിലേക്ക് മീന്‍ പിടിക്കാന്‍ പോയവര്‍ എത്രയും വേഗം തിരിച്ചുവരണമെന്നാണ് നിര്‍ദേശം. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.