വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു.
ന്യൂഡല്‍ഹി: വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ 2219 കോടി രൂപയുടെ പാക്കേജ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും സഹായ ധനത്തില്‍ അന്തിമ തീരുമാനം.
എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ 3 വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. ദുരന്ത ബാധിതര്‍ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 153 കോടി രൂപ കേരളത്തിന് നവംബര്‍ 16 ന് അനുവദിച്ചിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വ്യോമസേനാ രക്ഷാ പ്രവര്‍ത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.
വയനാട്ടില്‍ രണ്ടായിരം കോടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ട്. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം ആവശ്യപ്പെട്ടത്.
വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നല്‍കിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ ഇത് അനുവദിക്കുന്നില്ലെന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.