മെല്‍ബണ്‍: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മെല്‍ബണില്‍ ഉടനീളം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവ പരമ്പരകളില്‍ അന്വേഷണം ഊര്‍ജിതമാക്കി വിക്ടോറിയ പൊലീസ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള നാല് വ്യത്യസ്ത ശ്രമങ്ങളാണ് ഉണ്ടായത്. സ്‌കൂളുകളുടെ പരിസരത്തുകൂടി നടക്കുന്ന കുട്ടികളെ വെള്ള വാനുകളില്‍ എത്തിയ പുരുഷന്മാരാണ് വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയ സംഭവങ്ങളെ ഏറെ ഗൗരവത്തോടെയാണ് പൊലീസ് പരിശോധിക്കുന്നത്.
10 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ഏറെ ആശങ്കാജനകമാണെന്നും സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ വിക്ടോറിയ പൊലീസ് കഠിനമായി പരിശ്രമിക്കുകയാണെന്നും ആക്ടിങ് സൂപ്രണ്ട് പോള്‍ ക്രിപ്സ് പറഞ്ഞു. പരിചയസമ്പന്നരായ ഡിറ്റക്ടീവുകളാണ് ഈ കേസില്‍ ഇടപെടുന്നതെന്നും ക്രിപ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ ആഴ്ച മാത്രം മെല്‍ബണിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ രണ്ട് സംഭവങ്ങളാണ് ഉണ്ടായത്. ഡിസംബര്‍ രണ്ടിന് രാവിലെ ഡോണ്‍കാസ്റ്ററിലെ സാക്‌സണ്‍ സ്ട്രീറ്റിലൂടെ നടന്നുപോയ 15 വയസുകാരിയെ വെള്ള വാനില്‍ എത്തിയ പുരുഷന്‍ സമീപിച്ചു. യുവാവ് പെണ്‍കുട്ടിയോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ച പെണ്‍കുട്ടി അടുത്തുള്ള ഷോപ്പിങ് സെന്ററിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
വെറും 24 മണിക്കൂറിന് ശേഷം, ഡിസംബര്‍ മൂന്നിന് രാവിലെ ബോറോണിയയില്‍ റോഡിലൂടെ നടന്നു പോയ 10 വയസുള്ള ആണ്‍കുട്ടിയെ വെള്ള വാനില്‍ എത്തിയ ഒരാള്‍ സമീപിച്ചു.
സൗഹൃദ മനോഭാവത്തോടെയാണ് പ്രതികള്‍ കുട്ടികളെ സമീപിക്കുന്നത്. 'അമ്മ പറഞ്ഞിട്ട് സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്ന്' ഉള്‍പ്പെടെ പറഞ്ഞ് കുട്ടികളെ വിശ്വസിപ്പിച്ചാണ് പ്രതികള്‍ സമീപിക്കുന്നത്. അപരിചിതരായ ആളുകളോട് ഇടപെടരുതെന്നും അറിയാത്ത ആളുകള്‍ക്കൊപ്പം കാറില്‍ കയറരുതെന്നും കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ പൊലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. അപരിചിതര്‍ സമീപിക്കുമ്പോള്‍ തിരക്കേറിയ പ്രദേശത്തേക്കാണെങ്കില്‍ ഓടിപ്പോയി അടുത്തുള്ള മുതിര്‍ന്നവരോട് പറയാന്‍ കുട്ടിളോട് നിര്‍ദേശിക്കണമെന്നും പൊലീസ് പറഞ്ഞു.
മാതാപിതാക്കള്‍ ജാഗ്രതയുള്ളവരായിരിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകരുതെന്നും ക്രിപ്‌സ് പറഞ്ഞു.
നവംബര്‍ 18-ന് ബ്ലാക്ക്ബേണിലെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 11 വയസുകാരന്റെ അരികില്‍ വെള്ള വാഹനം നിര്‍ത്തിയതോടെയാണ് സംഭവങ്ങളുടെ പരമ്പര ആരംഭിച്ചത്. വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പ്രതി പറഞ്ഞെങ്കിലും കുട്ടി വിസമ്മതിച്ചപ്പോള്‍ വണ്ടി വിട്ടുപോയി.
അടുത്തയാഴ്ച ടുല്ലമറൈനില്‍ 14 വയസുള്ള ഒരു പെണ്‍കുട്ടിക്കും സമാനമായ അനുഭവമുണ്ടായി. റോഡിലൂടെ നടക്കുമ്പോള്‍ ഒരു അജ്ഞാതന്‍ തന്റെ വെളുത്ത ടൊയോട്ട ഹൈസെസില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു. ഇയാള്‍ പെണ്‍കുട്ടിയോട് എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുകയും വാനില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു, എന്നാല്‍ കുട്ടി ഓടി അടുത്തുള്ള പാര്‍ക്കില്‍ അഭയം തേടി.
ബ്ലാക്ക്‌ബേണ്‍ സംഭവത്തിലെ പ്രതിയെന്നു കരുതുന്നയാളുടെ കമ്പ്യൂട്ടര്‍ ചിത്രം പൊലീസ് പുറത്തുവിട്ടു. 30 നും 40 നും ഇടയില്‍ പ്രായമുള്ള, തവിട്ടുനിറഞ്ഞതുമായ മുടിയുള്ള മനുഷ്യനാണ് ചിത്രത്തിലുള്ളത്. ഈ നാലു സംഭവങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.