പാരിസ് : സംഗീതത്തിന്റെയും പ്രാർത്ഥനയുടെയും അലയടികളോടുകൂടി പാരിസിലെ ലോകപ്രശസ്തമായ നോട്രഡാം കത്തീഡ്രല്‍ അഞ്ചര വര്‍ഷത്തിന് ശേഷം വീണ്ടും മിഴി തുറന്നു. തീപിടിത്തത്തിൽ തകർന്ന മേൽക്കൂരയുടെ ഭാഗം കൊണ്ടുണ്ടാക്കിയ ദണ്ഡുപയോഗിച്ച് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് മൂന്ന് തവണ ആനവാതിലിൽ മുട്ടിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
നോട്രഡാം വിശ്വാസത്തിൻ്റെ മാതൃകയാണ്. ദൈവത്തിന്റെ ചിതറിപ്പോയ മക്കളായ ഞങ്ങളെ സന്തോഷത്തിൽ ഒന്നിപ്പിക്കാൻ നിന്റെ വാതിലുകൾ തുറക്കുകയെന്ന് ആർച്ച് ബിഷപ്പ് ഉറക്കെ പറഞ്ഞു. ഇതാ മനുഷ്യരുടെ ഇടയിൽ ദൈവത്തിൻ്റെ ഭവനമെന്ന് ഗായക സംഘം മറുപടി നൽകിയതോടെ ദേവാലയ വാതിലുകൾ വിശ്വാസികൾക്കായി തുറന്നു.
വെളുത്ത കല്ലുകളും സ്വർണ്ണ അലങ്കാരങ്ങളാലുമുള്ള കൊത്തുപണികളാൽ നിറഞ്ഞ ദേവാലയത്തിന്റെ ഉൾവശം വിശ്വാസികളുടെ മനം നിറച്ചു. തീപിടിത്തത്തിൽ പോരാടുകയും ദേവാലയം പുനസ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തവരെ കരഘോഷം മുഴക്കി ആദരിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ ധീരതയെ ഫ്രഞ്ച് പ്രസിഡൻ്റ് പ്രശംസിച്ചു.
ചടങ്ങില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ട്രംപ് പങ്കെടുക്കുന്ന ആദ്യ പൊതുചടങ്ങാണിത്. ബ്രിട്ടനിലെ വില്യം രാജകുമാരന്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ പ്രധാന നേതാക്കളും ചടങ്ങിന്റെ ഭാഗമായി.
ഇന്ന് രാവിലെ 10.30ന് (ഇന്ത്യൻ സമയം വൈകിട്ട് 3) നടക്കുന്ന വിശുദ്ധ കുർബാനയിൽ മാക്രോൺ പങ്കെടുക്കും. പുതുക്കിപ്പണിത നോട്രഡാം കത്തീഡ്രല്‍ അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. ദിവസവും ആയിരത്തിലേറെ തൊഴിലാളികള്‍ ജോലി ചെയ്താണു ഗോഥിക് വാസ്തുശില്‍പ തനിമ നിലനിര്‍ത്തി കത്തീഡ്രലിനെ പഴയ പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. നവീകരണത്തിനും പുനര്‍നിര്‍മാണത്തിനുമായി 7468 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു. യൂറോപ്പിലെ രാഷ്ട്രീയ സമാധാന പ്രശ്‌നങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്യാനും നോത്രദാം അവസരമൊരുക്കും.
2019 ഏപ്രിലിലുണ്ടായ വൻ അഗ്നിബാധയിൽ മദ്ധ്യകാലഘട്ട നിർമ്മിതിയായ നോട്രഡാം പള്ളിയുടെ മേൽക്കൂരയും ഗോപുരവും പൂർണമായും നശിച്ചിരുന്നു. എന്നാൽ പള്ളിയുടെ ഘടന കേടുകൂടാതെ നിന്നു. ഗോഥിക് വാസ്‌തുവിദ്യയിൽ തീർത്ത നോട്രഡാമിൽ തീപിടിത്തമുണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടോ മറ്റോ ആകാമെന്ന് കരുതുന്നു.
12 -ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട നോട്രഡാമിൽ ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോൾ തലയിൽ ധരിപ്പിച്ച മുൾക്കിരീടത്തിന്റെ ഭാഗം ഉൾപ്പെടെ അനേകം അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ശേഖരം നോട്രഡാമിലുണ്ടായിരുന്നു. എന്നാൽ അഗ്നിബാധയിൽ ഈ അമൂല്യ വസ്തുക്കൾക്കൊന്നും കേടുപാട് സംഭവിച്ചില്ല. 84 കോടി യൂറോ ആണ് പള്ളിയുടെ പുനരുദ്ധാരണത്തിന് ചിലവായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.