കോട്ടയം : ഡിസംബർ ഏഴിന് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട മാർ ജോർജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ പ്രതിനിധി സംഘം തിരിച്ചെത്തി. നാട്ടിൽ നിന്നുള്ള 30 പേരുൾപ്പടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്ന് 61 പേരാണ് പ്രവാസി അപ്പോസ്തലേറ്റിന്റെ സംഘത്തിലുണ്ടായിരുന്നത്.
മടക്കയാത്രയ്ക്ക് മുൻപ് ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, മുൻ അതിരൂപതാ സിഞ്ചെല്ലൂസ് ഫാ ജോസഫ് വാണിയപ്പുരക്കൽ എന്നിവർ ചേർന്ന് പ്രവാസികളുടെ സ്നേഹോപഹാരമായി ഏലയ്ക്കാ മാല മാർപ്പാപ്പയെ അണിയിച്ചു. ഈ ലോക ജീവിതത്തിൽ ലഭിച്ച ഏറ്റവും അസുലഭ സൗഭാഗ്യമാണ് മാർപാപ്പയെ നേരിട്ട് അടുത്ത് കാണാനും ഹാരാർപ്പണം നടത്താനും സാധിച്ചതെന്ന് ഫാ. റ്റെജി പുതുവീട്ടിൽക്കളം പറഞ്ഞു.
കേരള സഭയ്ക്ക് അഭിമാനമായ കൂവക്കാട്ട് പിതാവിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പരിശുദ്ധ പിതാവ് വ്യക്തിപരമായി ആശീർവാദം നൽകി.
ദീർഘനാൾ പ്രവാസിയായി ജീവിച്ച് പ്രവാസ ജീവിതത്തിന്റെ എല്ലാ വിഷമങ്ങളും അനുഭവിച്ച് എന്നും പ്രവാസികളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന കർദിനാൾ കൂവക്കാട്ട് ആഗോള സഭയുടെ രാജകുമാരനായി ഉയർത്തപ്പെടുന്ന ചടങ്ങ് വളരെ ആവേശത്തോടും ഭക്തിയോടും കൂടിയാണ് ലോകം മുഴുവനുമുള്ള പ്രവാസികൾ വീക്ഷിച്ചത്. ചടങ്ങുകൾ മുഴുവൻ ലൈവ് ആയി കണ്ടും സോഷ്യൽ മീഡിയയിൽ ആശസ അറിയിച്ചും അവർ തങ്ങളുടെ സ്നേഹവും സന്തോഷവും പങ്കുവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.