നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ആരംഭിച്ചു; ജനുവരിയോടെ പൂര്‍ത്തിയായേക്കും

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ആരംഭിച്ചു; ജനുവരിയോടെ പൂര്‍ത്തിയായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. ഹാജരാക്കിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. കേസിന്റെ സാക്ഷി വിസ്താരം ഒരു മാസം മുമ്പ് പൂര്‍ത്തിയായിരുന്നു.

അന്തിമ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അനുവദിച്ചിരുന്നില്ല. പ്രൊസിക്യൂഷന്‍ വാദം രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയായേക്കും.

കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ ഒമ്പത് പ്രതികളുണ്ട്. എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി പീഡനത്തിനിരയായത്.

2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് പരാതി ല്‍കിയിരുന്നു.

മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്‍കിയിട്ടുണ്ട്. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് വിചാരണ കോടതിയില്‍ നടി ഹര്‍ജി നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.