ഹോസ്വാ ബെയ്ഹൂ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി; 2024 ല്‍ അധികാരമേല്‍ക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രി

ഹോസ്വാ ബെയ്ഹൂ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി; 2024 ല്‍ അധികാരമേല്‍ക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രി

പാരിസ്: ഹോസ്വാ ബെയ്ഹൂ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി. 73 കാരനായ ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍  ആണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയായിരുന്ന മൈക്കല്‍ ബാര്‍നിയര്‍ അവിശ്വാസ പ്രമേയത്തില്‍ പുറത്തായി ഒന്‍പത് ദിവസത്തിനുള്ളിലാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

ഇമ്മാനുവല്‍ മക്രോണ്‍ നയിക്കുന്ന ഭരണ മുന്നണിയില്‍ 2017 മുതല്‍ സഖ്യകക്ഷിയായ മൊഡെം പാര്‍ട്ടിയുടെ സ്ഥാപകനാണ് ബെയ്ഹൂ. ഏതാനും ദിവസത്തിനുള്ളില്‍ മന്ത്രിസഭാ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഈ വര്‍ഷം ഫ്രാന്‍സിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ബെയ്ഹൂ. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാണ് മക്രോണ്‍ ബെയ്ഹൂവിനെ നിയമിച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു തവണ ബെയ്ഹൂ മത്സരിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ നഗരമായ പോയിലെ മേയറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അദേഹം 2017 ല്‍ നീതിന്യായ വകുപ്പ് മന്ത്രിയായെങ്കിലും അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്നു. ഈ വര്‍ഷം ആദ്യം അദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇടതുപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാഷനല്‍ റാലി സഖ്യം പിന്തുണച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ബാര്‍നിയര്‍ പുറത്തായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.