ഫാ. അഖില്‍ ഇന്നസെന്റ് ടാന്‍സാനിയന്‍ ഗോത്ര വിഭാഗത്തിലെ കുട്ടികള്‍ക്കൊപ്പം
ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വിദൂര ഗ്രാമമായ ചെങ്കേനയില്‍ ക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊണ്ട് പടിപടിയായി വളര്‍ന്ന ഒരു ഗോത്ര വിഭാഗമുണ്ട്. ആ വളര്‍ച്ചയില്‍ സിറോ മലബാര്‍ സഭയുടെ പങ്ക് അതുല്യമാണ്. വന്യമൃഗങ്ങളെ വേട്ടയാടിയും രോഗങ്ങളോട് മല്ലടിച്ചും ജീവിച്ച സമൂഹത്തിന് സുവിശേഷത്തിന്റെ സന്തോഷം പകര്‍ന്നു നല്‍കി അവരുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിന്റെ ആത്മനിര്‍വൃതിയിലാണ് സിറോ മലബാര്‍ സഭയുടെ എം.എസ്.ടി പ്രേക്ഷിത സമൂഹം. ചെങ്കേന മിഷനിലൂടെ ദൈവജനമായിത്തീര്‍ത്ത ഗോത്ര വിഭാഗത്തിന്റെ ജീവിത കഥയാണ് ഈ ലേഖനത്തില്‍.
പൊതുവായ സംസാര ഭാഷ ഇല്ലാതിരുന്ന, ശരീരം പോലും മറയ്ക്കാന്‍ അറിയാതിരുന്ന, സുരക്ഷിതമായ ജീവിത വ്യവസ്ഥകള്‍ ഇല്ലാതിരുന്ന ഒരു സമൂഹത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ മാറ്റിയെടുത്തതിനു പിന്നില്‍ കഠിന പാതകള്‍ താണ്ടിയ ചരിത്രമുണ്ട്.
രാജ്യതലസ്ഥാനമായ ഡോഡോമയില്‍ നിന്നും 1200 കിലോമീറ്ററോളം ഉള്‍പ്രദേശത്ത്, മൊസാംബിക്കിനോട് ചേര്‍ന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളെ വേട്ടയാടിയും കൃഷിയും വനത്തില്‍ നിന്നുള്ള ഫലവര്‍ഗങ്ങളും ശേഖരിച്ച് ജീവിതം നയിക്കുന്ന വാന്‍ടെന്‍ഡുള്ള എന്ന് വിളിക്കപ്പെടുന്ന ആദിവാസ സമൂഹമാണ് ഈ റുവുമ മേഖലയില്‍ ജീവിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ, പുറം ലോകവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാതിരുന്ന ഈ ഗ്രാമത്തിലെ നിവാസികള്‍ വന്യ മൃഗങ്ങളോട് പോരാടിയും മലേറിയ, ടൈഫോയിഡ് തുടങ്ങി മറ്റ് സാംക്രമിക രോഗങ്ങളോട് മല്ലടിച്ചും സങ്കീര്‍ണമായ ജീവിതാവസ്ഥയില്‍, താരതമ്യേന ആയുര്‍ദൈര്‍ഘ്യം കുറവുള്ള ഒരു സമൂഹമായി കഷ്ടതകളിലും ബുദ്ധിമുട്ടുകളിലും ജീവിക്കുകയായിരുന്നു.
'നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍' എന്ന ഈശോയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് 19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം മുതല്‍ മിഷണറിമാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും എത്തപ്പെട്ടു തുടങ്ങി, പ്രത്യേകിച്ചും ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍. കപ്പല്‍ യാത്രകളുടെ സാധ്യതകള്‍ വര്‍ധിച്ചത് പ്രേഷിത പ്രവര്‍ത്തനത്തിനായി മിഷണറിമാരുടെ വഴികള്‍ എളുപ്പമാക്കി. ഇവിടെ ക്രിസ്തീയ വിശ്വാസം പതിനാറാം നൂറ്റാണ്ടില്‍ എത്തിയെങ്കിലും പ്രാദേശികമായി എല്ലാ ഭാഗങ്ങളിലേക്കും വിശ്വാസം പകര്‍ന്നു നല്‍കാന്‍ സാധിച്ചത് 19-ാം നൂറ്റാണ്ടോടു കൂടിയാണ്.
സിറോ മലബാര്‍ സഭയുടെ മിഷണറി സമൂഹമായ സെന്റ് തോമസ് മിഷണറി സൊസൈറ്റി സില്‍വര്‍ ജൂബിലിയുടെ വര്‍ഷത്തില്‍, 1993ല്‍ ആഫ്രിക്കയില്‍ മിഷന്‍ ആരംഭിക്കുകയും 2007ല്‍ ചെങ്കേന മിഷന്‍ ഏറ്റെടുത്തുകൊണ്ട് അവിടെ സേവനം ആരംഭിക്കുകയും ചെയ്തു. ഫാ. എഫ്രെയിമും ഫാ. ബിജു പുല്ലാപ്പള്ളിയും ചേര്‍ന്ന് എം.എസ്.ടി പ്രേക്ഷിത സമൂഹത്തിന്റെ ചെങ്കേന മിഷന്‍ ഇവിടെ ആരംഭിച്ചു. അതിനുശേഷം ഫാ. സോബിയും ഷൈജു കുരുവിത്തടവും ചേര്‍ന്ന് ഈ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോയി. 2022 മുതല്‍ എനിക്കും ഈ സമൂഹത്തിന്റെ ഭാഗമായി ശുശ്രൂഷയില്‍ പങ്കുചേരാന്‍ സാധിക്കുന്നു.
ക്രിസ്തീയ വിശ്വാസത്തിന്റെ ശൈശവാവസ്ഥയില്‍ മാത്രമായിരിക്കുന്ന ചെങ്കേന മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍, പൂര്‍ണമായി ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്ന ഒരു വിശ്വാസ സമൂഹത്തിന്റെ ജീവിത മാതൃക നമ്മെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. വളരെയധികം പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഈ ആഫ്രിക്കന്‍ മണ്ണില്‍ ശുശ്രൂഷ ചെയ്യാന്‍ നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മുടെ മാതൃസഭയായ സിറോ മലബാര്‍ സഭയുടെ പിന്തുണയും സെന്റ തോമസ് മിഷണറി സൊസൈറ്റിയുടെ പ്രേഷിത പരിശീലനവും ഒപ്പം ക്രിസ്തീയ വിശ്വാസം പകര്‍ന്നു നല്‍കിയ മാതൃ ഇടവകകളും കുടുംബവുമാണ് എന്നത് നിസംശയം പറയാം.
അല്‍പം ചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ ഒരു വലിയ സംഘം ബെനഡിക്ടൈന്‍ മിഷനറിമാര്‍ എത്തിയതോടെ റുവുമയുടെ ഉള്‍പ്രദേശത്തെല്ലാം വിശ്വാസ പ്രഘോഷണം സാധ്യമായി. 1930 മുതല്‍ പ്രേക്ഷിതര്‍ ഇവിടെ പ്രവര്‍ത്തിക്കുകയും ക്രിസ്തീയ വിശ്വാസം ജനത്തിന് പകര്‍ന്നു നല്‍കാന്‍ സാധിക്കുകയും ചെയ്തതിലൂടെ വനജീവികളായ മനുഷ്യരില്‍ നിന്ന് സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളുള്ള ആധുനിക സമൂഹമായി ഇവര്‍ രൂപാന്തരപ്പെടാന്‍ തുടങ്ങി. അങ്ങനെ 1960ല്‍ ചെങ്കേനയില്‍ കത്തോലിക്കാ സമൂഹം ഔദ്യോഗികമായി രൂപപ്പെട്ടു.
ആദ്യമായി ക്രിസ്തീയ വിശ്വാസം എന്തെന്ന് തിരിച്ചറിഞ്ഞ ഈ ജനസമൂഹത്തെ നയിക്കാനും അവരെ വിശ്വാസത്തില്‍ വളര്‍ത്താനും മിഷണറിമാര്‍ ഇവിടെ സ്ഥിരതാമസമാക്കി. ഈ സമൂഹം ഒന്നായി പ്രവര്‍ത്തിച്ച്, അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി വലിയൊരു ഇടവക ദേവാലയം പണികഴിപ്പിച്ചു. ഒരു വിശ്വാസ സമൂഹമായി ഒന്നായി പ്രാര്‍ത്ഥിക്കുന്നതിനും, ദൈവവചനം പ്രഘോഷിക്കുന്നതിനുമായി ഈ സമൂഹം ദേവാലയത്തില്‍ ഒത്തുകൂടി. അപ്പോഴും വനമേഖലയില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവരായിരുന്നു ഭൂരിഭാഗവും.
ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍, മിഷണറിമാര്‍ എല്ലാ ദിവസവും അവരുടെ കുടിലുകള്‍ അന്വേഷിച്ച് നടന്ന്, ഉള്‍ക്കാടുകളിലൂടെ സഞ്ചരിച്ച് അവരുടെ കൃഷിസ്ഥലങ്ങളിലെത്തി വചനം പകര്‍ന്നു നല്‍കി. അവരെ വിശ്വാസത്തില്‍ വളര്‍ത്താന്‍ പരിശ്രമിച്ചു. ഇതിന്റെ പരിണിതഫലമായി 1980-കളില്‍ ചെങ്കേന ദേവാലയത്തിന്റെ ചുറ്റുമായി കുടിലുകള്‍ കെട്ടി ഒരു സമൂഹമായി, ഒരു കൂട്ടായ്മയായി, ഒരു ഗ്രാമമായി അവര്‍ വളര്‍ന്നു.
ഈ യാത്രയില്‍ പല മിഷണറിമാരും വന്യമൃഗങ്ങളുടെയും ആദിവാസി ജനങ്ങളുടെയും ആക്രമണങ്ങളില്‍ രക്തസാക്ഷികളായി. എന്നിരുന്നാലും ഇവിടുത്തെ സമൂഹത്തിന്റെ വളര്‍ച്ചയില്‍ മിഷണറിമാരുടെ സേവനം വിലമതിക്കാനാകാത്തതാണ്. വസ്ത്രം ഇല്ലാതിരുന്നവരെ വസ്ത്രം ഉടുപ്പിച്ചു, വീടുകള്‍ നിര്‍മ്മിക്കാത്ത ജനതയെ പാര്‍പ്പിടം നിര്‍മ്മിക്കാന്‍ പഠിപ്പിച്ചു. കാലാവസ്ഥയെയും മണ്ണിന്റെ സവിശേഷതകളെയും തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ കൃഷിരീതികളിലൂടെ ഇവരുടെ പട്ടിണി അകറ്റാനും അങ്ങനെ ചെങ്കേന ഗ്രാമത്തിന്റെ വികസനത്തിനും അടിസ്ഥാനപരമായ രൂപം നല്‍കിയത് ഈ മിഷണറിമാരാണ്.
മിഷണറിമാര്‍ സ്വന്തം ഇടവകകളില്‍നിന്നും സ്വന്തം സമൂഹത്തില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളും ധാന്യങ്ങളും യന്ത്ര-ആയുധ സാമഗ്രികളും കടലുകള്‍ കടത്തി, ടാന്‍സാനിയയുടെ തുറമുഖ തീരത്ത് നിന്ന് തലച്ചുമടായി ആയിരത്തോളം കിലോമീറ്ററുകള്‍ നടന്ന്, മാസങ്ങളോളം സഞ്ചരിച്ച് ഇവര്‍ക്ക് എത്തിച്ചുനല്‍കി.
നേരിട്ടുള്ള വിശ്വാസ പ്രഘോഷണത്തിലൂടെയും ചിട്ടയായ വിശ്വാസ പരിശീലനത്തിലൂടെയും വിശ്വാസസമൂഹത്തെ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്നതിനോടൊപ്പം തന്നെ, സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന, വാര്‍ഷിക മഴയെ മാത്രം ആശ്രയിച്ചുകൊണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൃഷി ചെയ്തു ജീവിക്കുന്ന ഈ സമൂഹത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സാംക്രമിക രോഗങ്ങളും പകര്‍ച്ചവ്യാധികളും കാരണം വേദനിക്കുന്ന ഗോത്ര വിഭാഗത്തിന് ഏക ആശ്രയം നമ്മുടെ മിഷന്‍ നടത്തുന്ന ആരോഗ്യ കേന്ദ്രം മാത്രമാണ്. രോഗങ്ങളെ തിരിച്ചറിഞ്ഞ് യഥാസമയത്ത് ചികിത്സിക്കാന്‍ ആവശ്യമായ ഒരു മെഡിക്കല്‍ ലബോറട്ടറിയുടെ ആവശ്യം ഇവിടെയുണ്ട്. ഈ ആവശ്യത്തിലേക്ക് ഉദാരമായി സഹായിച്ച സാന്തോം ഫെലോഷിപ്പ് അംഗങ്ങളെ പ്രത്യേകമായിട്ട് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കും.
ചെങ്കേന മിഷന്‍ ഉണ്ണി ഈശോയെ വരവേല്‍ക്കാനായി ഒന്നടങ്കം ഒരുങ്ങുകയാണ്. മിഷന്റെ കേന്ദ്ര ഭാഗമായ ചെങ്കേന ഇടവക ദേവാലയവും അതിനോടനുബന്ധിച്ചുള്ള വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മകളും ക്രിസ്തുമസിന്റെ ഒരുക്കങ്ങളില്‍ സജീവമായുണ്ട്. അനുദിന ദിവ്യബലിയില്‍ പങ്കെടുക്കാനായി ഏകദേശം 200-ലേറെ കുഞ്ഞുമക്കളാണ് ദേവാലയത്തില്‍ എത്തിച്ചേരുന്നത്.
തയാറാക്കിയത്:
ആഫ്രിക്കയില്‍ നിന്നും
ഫാ. അഖില്‍ ഇന്നസെന്റ് തോട്ടപ്പള്ളിയില്‍ എം.എസ്.ടി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.