ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം: ഹൈക്കോടതി ഉത്തരവിന് സ്റ്റേ; ചട്ടങ്ങള്‍ പാലിച്ച് നടത്താമെന്ന് സുപ്രീം കോടതി

 ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം: ഹൈക്കോടതി ഉത്തരവിന് സ്റ്റേ; ചട്ടങ്ങള്‍ പാലിച്ച് നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2012 ലെ ചട്ടങ്ങള്‍ പാലിച്ച് ആനകളുടെ എഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത സുപ്രീം കോടതി 2012 ലെ ചട്ടങ്ങള്‍ പ്രകാരം ആന എഴുന്നള്ളിപ്പിന് കൃത്യമായ മാര്‍ഗരേഖ ഉണ്ടെന്നും ആ മാര്‍ഗരേഖയ്ക്ക് അപ്പുറത്തേക്കുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിയ്ക്ക് നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞു.

ഹൈക്കോടതി ഉത്തരവില്‍ പറയുന്നത് പോലെ ആനകള്‍ക്ക് എങ്ങനെയാണ് മൂന്ന് മീറ്റര്‍ അകലം പാലിക്കാന്‍ സാധിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു. പകല്‍ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മിക്ക ആഘോഷങ്ങളുടേയും സമയം പകല്‍ അഞ്ച് മുതല്‍ ഒമ്പത് മണി വരേയാണെന്നും അതിനാല്‍ ആ നിര്‍ദേശം പാലിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധിയെന്ന മാനദണ്ഡത്തില്‍ ഒരിളവും ഉണ്ടാകില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ആന എഴുന്നള്ളിപ്പ് ക്ഷേത്രം ആചാരത്തിന്റെ ഭാഗമല്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അനിവാര്യമായ ആചാരങ്ങളില്‍ മാത്രമേ ഇളവ് ഉണ്ടാകൂ. ആനകളെ ഉപയോഗിക്കരുത് എന്നല്ല പറയുന്നതെന്നും മാനദണ്ഡം പാലിക്കണമെന്നാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് ഒരു ചട്ടം കൊണ്ടുവരണമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതി തന്നെ മാനദണ്ഡം കൊണ്ടുവന്നത്. സര്‍ക്കാരിന്റെ ചട്ടം വരുന്നതുവരെ ഇത് പാലിക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൊണ്ടുവന്ന മാനദണ്ഡത്തിനെതിരെ വിവധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ച അധികൃതരോട് ഇത് രാജഭരണ കാലമല്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. രാജഭരണ കാലത്ത് നിലനിന്നിരുന്നു എന്നതിന്റെ പേരില്‍ ഇപ്പോഴും തുടരണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ഇത് ജനാധിപത്യകാലമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.