ന്യൂഡല്‍ഹി: ശത്രു പക്ഷത്തെ ഇലയനക്കം പോലും തിരിച്ചറിയാനാകുന്ന ഭീമന്‍ റഡാര്‍ സംവിധാനമായ വൊറോണിഷ് റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ.
എണ്ണായിരം
കിലോ മീറ്റര്‍ അകലെ നിന്നുള്ള ഏത് ആക്രമണത്തേയും തിരിച്ചറിയാം, ഒരേസമയം 500 ഒബ്ജക്ടുകള്‍ ട്രാക്ക് ചെയ്യാം, ചൈന, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ മഹാസമുദ്ര മേഖലയടക്കം ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാക്കാം. മൂന്ന് ലക്ഷം കോടി മുടക്കി വാങ്ങാനൊരുങ്ങുന്ന റഡാറിന്റെ സവിശേഷതകളാണിവ.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച റഡാര്‍ സംവിധാനമാണ് വൊറോണിഷ്. 8000 കിലോ മീറ്റര്‍ പരിധിയില്‍ നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തെയും തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് സാധിക്കും.
ബലിസ്റ്റിക് മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍, ഭൂഖണ്ഡാന്തര മിസൈലുകള്‍ തുടങ്ങിയവ നിരീക്ഷിക്കാനാകും. വൊറോണിഷിന്റെ നിരീക്ഷണ പരിധി 10,000 കിലോ മീറ്ററായി വര്‍ധിപ്പിക്കാനുമാകും. എങ്കിലും കൃത്യമായ വിവരങ്ങള്‍ക്ക് ലംബമായി പരമാവധി 8000 കിലോ മീറ്ററും തിരശ്ചീനമായി 6000 കിലോ മീറ്ററുമാണ് നിരീക്ഷണ പരിധി.
ലോകത്തുള്ള ഏത് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളേയും കണ്ടെത്താനുള്ള ശക്തമായ റഡാര്‍ സംവിധാനമാണ് വൊറോണിഷ് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. അടുത്തിടെയാണ് ചൈനയുടെ സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെ 35 എ വാങ്ങാന്‍ പാകിസ്ഥാന്‍ നീക്കം നടത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്. ചൈന സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനമാണ് ജെ 35 എ.
വിമാന വാഹിനികളില്‍ നിന്നുള്‍പ്പെടെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഇതിന് കഴിയും. അത്യാധുനിക ഏവിയോണിക്സ് സംവിധാനങ്ങളുള്ള ജെ 35 എയില്‍ റഡാര്‍ നിരീക്ഷണത്തില്‍പ്പെടാതെ പറക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുണ്ടെന്നാണ് ചൈനയുടെ അവകാശ വാദം. ഈ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് സ്വന്തമാക്കുന്ന വൊറോണിഷിന്റെ സവിശേഷതകള്‍ ചര്‍ച്ചയാകുന്നത്.
വൊറോണിഷിന് 8000 കിലോ മീറ്റര്‍ നിരീക്ഷണ പരിധിയുള്ളതിനാല്‍ ഭൂഖണ്ഡാന്തര മിസൈലുകളെ നേരത്തെ കണ്ടെത്താന്‍ സാധിക്കും. ഭൂമിക്ക് സമീപത്തുള്ള ബഹിരാകാശ വസ്തുക്കളടക്കം റഡാറിന്റെ നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെടും. ഇത് ബഹിരാകാശ ഗവേഷണങ്ങളിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും.
കഴിഞ്ഞ മാസമാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൊറോണിഷ് റഡാര്‍ സംവിധാനത്തിന്റെ 60 ശതമാനം ഭാഗങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള താല്‍്പര്യവും ഇന്ത്യ പ്രകടിപ്പിച്ചിരുന്നു. ഇതിന് ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുമായി റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് സഹകരിക്കേണ്ടി വരും.
റഷ്യയുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാകും റഡാര്‍ വിന്യസിക്കുക. ഇന്ത്യയുടെ നിര്‍ണായകമായ പല പ്രതിരോധ സാങ്കേതിക വിദ്യകളുടെ പരീക്ഷണ മേഖലയാണ് ചിത്രദുര്‍ഗ ജില്ല. വൊറോണിഷ് റഡാര്‍ വിന്യാസത്തിനായുള്ള സര്‍വേ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായതായാണ് വിവരങ്ങള്‍.
വൊറോണിഷ് സംവിധാനം സ്വന്തമാക്കുന്നത് പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സുപ്രധാന കുതിച്ചുചാട്ടമാകും. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണികളുടെ പ്രതിരോധം തന്നെയാണ് ഇതില്‍ നിര്‍ണായകം. ദക്ഷിണേഷ്യയിലെ വര്‍ധിച്ചു വരുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടെ മേഖലയില്‍ മേല്‍ക്കോയ്മ നേടാനും ഇത് ഇന്ത്യയെ സഹായിക്കും.
റഷ്യയെ സംബന്ധിച്ചിടത്തോളം ഈ ഇടപാട് തങ്ങളുടെ ഒരു പ്രധാന പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, പാശ്ചാത്യ ഉപരോധങ്ങളാല്‍ ബുദ്ധിമുട്ടുന്ന സമയത്ത് വന്‍ സാമ്പത്തിക നേട്ടവുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.